welcome to history
ചരിത്രത്തിലേക്ക് സ്വാഗതം... പഴശ്ശിരാജ പ്രദര്‍ശിപ്പിയ്‌ക്കുന്ന തിയറ്ററിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ള്‌ക്‌സിലെ ഒരു വാചകമാണിത്. തീര്‍ത്തും അര്‍ത്ഥവത്തായ ഒരു വാചകമെന്ന് അതിനെ വിശേഷിപ്പിയ്‌ക്കാം. മൂന്നേകാല്‍ മണിക്കൂറിനുള്ളില്‍ എംടിയും ഹരിഹരനും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത് ചരിത്രത്തിലേക്ക് തന്നെയാണ്.വലിയൊരു ഫ്രെയിമില്‍ യുദ്ധചിത്രം അവതരിപ്പിയ്‌ക്കുമ്പോള്‍ അതിന്റെ തുടക്കവും പൊടുന്നനെയായിരിക്കും. പഴശ്ശിരാജയുടെ ആരംഭവും അങ്ങനെത്തന്നെയാണ്. 1700കളുടെ അവസാനം, കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ നാട്ടിലെ ഭരണവും കൈക്കലാക്കുന്നു. കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും നടുവൊടിക്കുന്ന രീതിയില്‍അവര്‍ നികുതികള്‍ വര്‍ദ്ധിപ്പിയ്‌ക്കുന്നതോടെ ഇതിനെതിരെ പല കോണുകളില്‍ നിന്നും ശബ്ദമുയരുന്നു. അതിലേറ്റവും ഉയര്‍ന്നു കേട്ടത് നാട്ടുരാജാവായ വീരകേരള വര്‍മ്മ പഴശ്ശിരാജയുടെതായിരുന്നു. അധികനികുതി വര്‍ദ്ധിപ്പിച്ച നടപടി അദ്ദേഹം അംഗീകരിയ്‌ക്കുന്നില്ല. ഇതിനെതിരെ ബ്രിട്ടീഷുകാര്‍ രംഗത്തെത്തുന്നു. പഴശ്ശിയുടെ കൊട്ടാരം ആക്രമിയ്‌ക്കുന്നതിലും കൊള്ളയടിയ്‌ക്കുന്നതിലുമാണ് അത് അവസാനിയ്‌ക്കുന്നത്.തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ഒടുവില്‍ പഴശ്ശി വെള്ളക്കാര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുകയാണ്. നാടിന്റെ രക്ഷയ്‌ക്ക് വേണ്ടിയുള്ള യുദ്ധത്തിനിടെ പല സ്വകാര്യമായ നഷ്ടങ്ങളും അദ്ദേഹത്തിനുണ്ടാകുന്നുണ്ട്. സ്വത്തിനും പ്രതാപങ്ങള്‍ക്കും പുറമെ ഏറെനാളത്തെ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം പിറക്കാനിരുന്ന കുഞ്ഞ് പോലും അദ്ദേഹത്തിന് ഇതിന്റെയൊക്കെ ഭാഗമായി നഷ്ടപ്പെടുന്നു. എന്നാല്‍ ഇതിലൊന്നും തളരാതെ തന്റെ വിശ്വസ്‌തരായവരെ കൂട്ടുപിടിച്ച് പഴശ്ശി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങുകയാണ്. പടത്തലവന്‍ എടച്ചേന കുങ്കന്‍ (ശരത് കുമാര്‍), പെങ്ങളുടെ ഭര്‍ത്താവ്, ഭാര്യയുടെ സഹോദരന്‍ കൈതേരി അമ്പു (സുരേഷ് കൃഷ്‌ണ), കുറിച്ച്യരുടെ നേതാവായ തലയ്‌ക്കല്‍ ചന്തു(മനോജ് കെ ജയന്‍), ആദിവാസിപ്പോരാളി നീലി(പത്മപ്രിയ) ഇവരൊക്കെയാണ് പഴശ്ശിക്കൊപ്പം ബ്രീട്ടിഷുകാര്‍ക്കെതിരെ പോരാടുന്നവരില്‍ പ്രമുഖര്‍.ആദ്യത്തെ കുറച്ച് ജയങ്ങള്‍ക്ക് ശേഷം പഴശ്ശിക്ക് തിരിച്ചടികള്‍ നേരിടുന്നു.ആള്‍ബലമേറിയ പട്ടാളവും തോക്ക് പോലുള്ള ആയുധങ്ങളുമായെത്തുന്ന പടയെ നേരിടാന്‍ പഴശ്ശി ഒളിപ്പോര് യുദ്ധമാണ് ആസൂത്രണം ചെയ്യുന്നത്.വയനാടന്‍ കാടുകളിലെ കുറിച്ച്യപ്പടയാണ് പഴശ്ശിയെ ഇതിന് സഹായിക്കുന്നത്. ഒളിപ്പോര് യുദ്ധം ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ വയനാട്ടിലെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്നു. പിടിച്ചു നില്‍ക്കാന്‍ ശ്രമിയ്‌ക്കുന്ന കമ്പനിപ്പട്ടാളം പടയ്‌ക്കൊപ്പം പണവും പ്രലോഭനവും ഭീഷണിയുമൊക്കെ ഉയര്‍ത്തി പഴശ്ശിയെ നേരിടുന്നു. ഒടുവില്‍ ഒളിത്താവളങ്ങള്‍ തുടരെ മാറുന്നതും പ്രകൃതിക്ഷോഭങ്ങളും ഒറ്റുമെല്ലാം പഴശ്ശിയുടെ പോരാട്ടത്തെ ദുര്‍ബമാക്കുന്നു. കൂടെയുണ്ടായിരുന്ന പ്രധാന യോദ്ധാക്കളെല്ലാം പൊരുതിമരിച്ചെങ്കിലും പഴശ്ശി കീഴടങ്ങാനോ ഒളിച്ചോടാനോ തയാറാകുന്നില്ല.പഴശ്ശിയുടെ ജീവചരിത്രത്തില്‍ ഇന്നും വിവാദമായി തുടരുന്ന അദ്ദേഹത്തിന്റെ മരണം ഏറെ വിശ്വസനീയമായ രീതിയില്‍ തന്നെ അവതരിപ്പിച്ച് കൊണ്ടാണ് അഭ്രപാളികളിലെ പഴശ്ശിരാജ അവസാനിയ്‌ക്കുന്നത്. ആത്മഹത്യ ചെയ്‌തുവെന്നും അതല്ല പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്നുമുള്ള വ്യത്യസ്‌ത വാദഗതികള്‍ നിലനില്‍ക്കെയാണ് എംടി വാസുദേവന്‍ നായര്‍ വീരോചിതമായ അന്ത്യത്തിലൂടെ പഴശ്ശിരാജയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു ബൃഹത് ചരിത്രം മൂന്നരമണിക്കൂറിനുള്ളില്‍ പറഞ്ഞു തീര്‍ക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് എംടി പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും ഗവേഷണങ്ങളും ഇതിന് വേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞത് എന്തിനാണെന്ന് സിനിമ കാണുമ്പോള്‍ വ്യക്തമാകും. തന്റെ മുന്‍കാല രചനകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ശൈലിയാണ് എംടി പഴശ്ശിരാജയുടെ രചനയില്‍ പൂലര്‍ത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെയും നടീനടന്‍മാരെയും മുന്നില്‍ക്കണ്ടല്ല, ചരിത്രത്തെ സാക്ഷിയാക്കിയാണ് അദ്ദേഹം തിരക്കഥ രചിച്ചിരിയ്‌ക്കുന്നത്. പഴശ്ശിരാജയെന്ന വീരപുരുഷന്റെ ജീവിതത്തോട് നീതി പുലര്‍ത്തിക്കൊണ്ട് മികച്ചൊരു ദൃശ്യാനുഭവത്തിന് അടിത്തറയൊരുക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അഭിമാനിയ്‌ക്കാം.പഴശ്ശിരാജയിലൂടെ സംവിധായകന്റെ കലയാണ് സിനിമയെന്ന വിശേഷണം ഒരിയ്‌ക്കല്‍ കൂടി അടിവരയിട്ടുറപ്പിയ്‌ക്കുകയാണ് ഹരിഹരന്‍. ശക്തമായ തിരക്കഥ തികഞ്ഞ കൈയടക്കത്തോടെ സൂപ്പറുകളുടെ താരപ്രഭയില്‍ വംശവദനാകാതെ അവതരിപ്പിയ്‌ക്കാന്‍ ഹരിഹരന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തിന്റെ കെട്ടുകാഴ്‌ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ക്യാമറ കസര്‍ത്തുകള്‍ക്കൊന്നും അദ്ദേഹം തയാറായിട്ടില്ല. അതിന്റെ ദൃശ്യസുഖം പ്രേക്ഷകര്‍ അനുഭവിയ്‌ക്കുന്നുമുണ്ട്.എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധായകനായെത്തുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ഒരു പ്രത്യേക കെമിസ്‌ട്രി രൂപം കൊള്ളാറുണ്ട്. പഴശ്ശിരാജയിലും ഇതാവര്‍ത്തിയ്‌ക്കുന്നു. ഒരു പീരിഡ് സിനിമയെടുക്കമ്പോള്‍ വന്നു ചേരാറുള്ള അബദ്ധങ്ങളൊന്നും ഹരിഹരന് പിണഞ്ഞിട്ടില്ല. അങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ ഹരിഹരന് സാധിയ്‌ക്കുമോയെന്ന് സംശയിച്ചവര്‍ ഒട്ടേറെ പേരുണ്ട്. ഇതിന് വാക്കുകളിലൂടെ മറുപടി പറയുന്നതിന് പകരം ഒരു മികച്ച കലാസൃഷ്ടിയിലൂടെയാണ് അദ്ദേഹം മറുപടി നല്‍കുന്നത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ചില ഫ്രെയിമുകള്‍ പുതുതലമുറ സംവിധായകര്‍ പാഠമാക്കേണ്ടത് തന്നെ.പഴശ്ശിരാജയിലേക്ക് വൈകിയെത്തിയ റസൂല്‍ പൂക്കുട്ടി പ്രേക്ഷകരെ പുതിയൊരു സിനിമാസ്വാദനതലത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്. മലയാളത്തിലെ ആദ്യത്തെ 'വാര്‍ ഫിലിം' എന്ന് വിശേഷിപ്പിയ്‌ക്കാവുന്ന പഴശ്ശിരാജക്ക് അതിനൊത്ത സൗണ്ട് ട്രീറ്റ്മെന്റ് തന്നെയാണ് റസൂല്‍ നല്‍കുന്നത്. യുദ്ധരംഗങ്ങളിലെ ത്രില്‍ ശബ്ദപശ്ചാത്തലത്തിലൂടെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിയ്‌ക്കുന്നതില്‍ റസൂല്‍ വിജയിച്ചിരിയ്‌ക്കുന്നു. നിശബ്ദതയുടെ സൗന്ദര്യവും പ്രകൃതിയുടെ സംഗീതവുമെല്ലാം അതിന്റെ തനിമ ചോരാതെ മൈക്രോഫോണിലേക്ക് ആവാഹിയ്‌ക്കാന്‍ ഓസ്‌ക്കാര്‍ ജേതാവിന് സാധിച്ചിട്ടുണ്ട്. ശബ്ദമിശ്രണമെന്നൊരു വിഭാഗത്തിനെ ഇനി മലയാള സിനിമയ്‌ക്ക് അവഗണിയ്‌ക്കാന്‍ കഴിയില്ല, അതുറപ്പ്.എന്നാല്‍ പഴശ്ശിരാജയെന്ന സിനിമയുടെ യഥാര്‍ത്ഥ നായകന്‍ ഇവരാരുമല്ല. മലയാളത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ദേശസ്‌നേഹം തുടിയ്‌ക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാന്‍ പണം മുടക്കിയ നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തന്നെയാണ് യഥാര്‍ത്ഥ രാജാവ്. എത്ര പണം വാരിയാലും ഒരുപക്ഷേ സാമ്പത്തിക ലാഭം ഉറപ്പിയ്‌ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പദ്ധതിയ്‌ക്ക് വേണ്ടി രംഗത്തിറങ്ങിയ നിര്‍മാതാവാണ് ചിത്രത്തിലെ യഥാര്‍ത്ഥ രാജാവ്.
Labels: Reviews
1 Comments:
Except some artificial fight scenes
( mammootty jumping up in air within a fraction of second to upto 3.5-4 meters,
manoj k jayans artificial jump,
soldiers flying when mammooty hits and
all flying scenes)
and some makeup faults ( for lalu alex and some other people ,
we can see the wig and artificiality in mustache clearly in close up )
the movie is super.
Post a Comment
Subscribe to Post Comments [Atom]
<< Home