Tuesday, October 19, 2010

ദ്രോണയുടെ ക്ഷീണം തീര്‍ക്കാന്‍ പെരുമാള്‍


ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദ്രോണ 2010’ ആഘോഷമായി തിയേറ്ററുകളിലെത്തിയ സിനിമയാണ്. എം മണി നിര്‍മ്മിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ആ സിനിമ പക്ഷേ, ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. കോടികളുടെ നഷ്ടമാണ് നിര്‍മ്മാതാവ് മണിക്ക് ചിത്രം വരുത്തി വച്ചത്.

ദ്രോണയുടെ പരാജയത്തോടെ തിരക്കഥാകൃത്ത് എ കെ സാജന്‍ തല്‍ക്കാലത്തേക്കെങ്കിലും പേനയടച്ചു വയ്ക്കുകയും ചെയ്തു. സാജന്‍റെ തിരക്കഥയുടെ ദൌര്‍ബല്യത്തേക്കാളേറെ പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു പ്രൊജക്ടിന്‍റെ അനിവാര്യമായ പതനമായിരുന്നു അത്. ദ്രോണ വീണപ്പോള്‍ മലയാള സിനിമയ്ക്ക് തന്നെ അതൊരു ഷോക്കായി.

അന്ന് ഷാജി കൈലാസും മമ്മൂട്ടിയും എം മണിയോടു പറഞ്ഞു. “ഞങ്ങളുണ്ട് കൂടെ. മറ്റൊരു പ്രൊജക്ട് ആലോചിക്കാം.” മണിക്ക് അതൊരു ആശ്വാസമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ കൊലപാതകിയെ തേടി വേട്ടയ്ക്കിറങ്ങിയ ഡി എസ് പി പെരുമാളായിരുന്നു അപ്പോള്‍ ഷാജി കൈലാസിന്‍റെ മനസില്‍. ‘ഓഗസ്റ്റ് 1’ എന്ന സിനിമയില്‍ മമ്മൂട്ടി അനശ്വരമാക്കിയ പെരുമാള്‍ തന്നെ.

ഉടന്‍ തന്നെ എസ് എന്‍ സ്വാമിയെ വിവരം ധരിപ്പിച്ചു. സ്വാമിയും അങ്ങനെ ഒരാലോചനയിലായിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് സിബി മലയിലിന്‍റെ സംവിധാനത്തില്‍ പുറത്തു വന്ന ‘ഓഗസ്റ്റ് 1’ എന്ന സിനിമയ്ക്ക് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ രണ്ടാം ഭാഗം ഒരുങ്ങുകയാണ് - ‘ഓഗസ്റ്റ് 15.’

ഓഗസ്റ്റ് 15 ഒരു സസ്പെന്‍സ് ത്രില്ലറാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നു. അദ്ദേഹത്തിനു പിന്നാലെ ഒരു കൊലയാളിയുണ്ടെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഡി എസ് പി പെരുമാള്‍ ജാഗരൂകനായി. മറ്റൊരു രീതിയില്‍ കഥ ആവര്‍ത്തിക്കപ്പെടുകയാണോ?

നെടുമുടി വേണുവാണ് മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നത്. ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ക്രിസ്മസ് റിലീസാണ് ഓഗസ്റ്റ് 15.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home