Wednesday, October 13, 2010

നടപ്പുദീനങ്ങള്‍ക്ക് കിഴുക്കുചികിത്സ


തൊലിപ്പുറമെ ഇക്കിളിയാക്കാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍തുടരുകളുടെ പന്തിയിലാണ് ഈയിടെയായി മലയാളസിനിമയുടെ തിരക്കഥകള്‍ക്കു സ്ഥാനം.ആലോചനാശീലമില്ലാത്തവരാണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന മട്ടില്‍ അത്തരം സിനിമകളെ വിജയിപ്പിക്കുന്നതില്‍ കേരളീയപ്രേക്ഷകര്‍ അത്യുത്സാഹം കാട്ടുന്നുമുണ്ട്.മമ്മി-മോള്‍,ഡാഡി-മോന്‍,ഹസ്ബന്‍ഡ്-കള്ളക്കാമുകി,വൈഫ്-ജാരന്‍ എന്നിങ്ങനെ ടി.വി സീരിയലുകര്‍ക്ക് ചില സ്ഥിരം കഥാപാത്രങ്ങളുണ്ട്. അതൊക്കെ വെള്ളിത്തിരയിലേക്കും പകര്‍ത്തിവെക്കുന്നതാണ് പുതിയ ശീലം. ഇതൊക്കെ കാണുന്ന ആര്‍ക്കും തോന്നും മലയാളികള്‍ക്ക് എന്തോ മനോരോഗം ബാധിച്ചിട്ടുണ്ടെന്ന്. ഇക്കാഴ്ചകളില്‍ അഭിരമിക്കുന്നവരെ കഴമ്പുള്ള വല്ലതും കാട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനിയാണ് സംവിധായകന്‍ രഞ്ജിത്.

വീട്ടില്‍ രണ്ടുപേര്‍ക്കെന്ന കണക്കിന് അവിഹിതഗര്‍ഭമുള്ള പരമ്പരകള്‍ സ്വീകരണമുറിയില്‍ കുടുംബസമേതം കാണുന്ന പല മലയാളികള്‍ക്കും പക്ഷേ, രഞ്ജിത്തിന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' കണ്ടിട്ട് നാണം വന്നുപോലും. ''അതിലെ ചീരുവായ ശ്വേതാമേനോന്റെ പ്രകടനവും ബലാത്സംഗകൊലപാതകം ഉള്‍പ്പെടെയുള്ള സംഗതികളും കുടുംബവുമൊത്തിരുന്ന് മാനമുള്ളവര്‍ക്ക് കാണാന്‍ പറ്റ്വോ''ന്നായിരുന്നുവത്രേ കുലജനങ്ങളുടെ ശങ്ക.

പ്രേക്ഷകരുടെ ഇത്തരം ഇരട്ടത്താപ്പുകളെ പേടിക്കുന്നില്ലെന്നതാണ് രഞ്ജിത്തിനെ ഇക്കാലത്തിന്റെ സംവിധായകനാക്കുന്നത്. സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടിയാല്‍ ഫാന്‍സിനുരസിക്കുംപടി പാട്ടും ആട്ടവും ഫൈറ്റും മിക്‌സ്‌ചെയ്തിറക്കുന്ന നവാഗത സംവിധാനശിങ്കങ്ങള്‍ കുറസോവമാരായി പ്രശംസിക്കപ്പെടുന്ന കാലത്ത്, വ്യത്യസ്തമായ ഏതു സിനിമയും വലിയ ആശ്വാസമാണ്.ആരാധകവൃന്ദങ്ങള്‍ക്ക് അര്‍മാദിക്കാനുള്ള വക കുറവാണെന്നറിഞ്ഞിട്ടും ഇത്തരം ചിത്രങ്ങളെ സ്വീകരിക്കുന്ന താരവും വലിയ കാര്യമാണ് ചെയ്യുന്നത്. 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലൂടെ രഞ്ജിത്തും മമ്മൂട്ടിയും പ്രേക്ഷകര്‍ക്കു നല്കുന്ന സന്ദേശം വളരെ വ്യക്തമാണ്.നിലവാരമുള്ള സിനിമകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന ഈ പ്രഖ്യാപനത്തോട് കാണികള്‍ കൃതജ്ഞതാഭരിതരാകേണ്ടതുണ്ട്.

തട്ടുപൊളിപ്പന്‍ സിനിമകളുടെ മസാലക്കൂട്ട് അറിയാത്ത സംവിധായകനല്ല രഞ്ജിത്.അത്തരമൊന്ന് വളരെയെളുപ്പത്തില്‍ ചുട്ടെടുക്കാന്‍ ഒരു പ്രയാസവുമില്ല അദ്ദേഹത്തിന്.എന്നിട്ടും അതു ചെയ്യാതെ, ഓരോ സിനിമയും വ്യത്യാസമുള്ളതാക്കാന്‍ ശ്രമിക്കുന്നുവെന്നതിനാലാണ് സംവിധായകരുടെ വംശം കുറ്റിയറ്റുപോകാത്തത്. പ്രാഞ്ചിയേട്ടന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പലരും അതിലൊരു അഴകിയരാവണനെയാണ് പ്രതീക്ഷിച്ചത്. അഴകിയ രാവണന്‍ മാത്രമല്ല, പലരാലും ചതിക്കപ്പെട്ട ചന്തുവുമാണല്ലോ താനെന്ന തിരിച്ചറിവുള്ള സൂപ്പര്‍താരം പക്ഷേ, സംഗതി ഗംഭീരമാക്കി.

തൃശ്ശൂര്‍ ഭാഷയെന്നത് ഈ ചിത്രത്തിലേക്കുള്ളൊരു താക്കോല്‍ മാത്രമാണ്. ആ താക്കോല്‍ കൊണ്ട് നമ്മുടെയൊക്കെ മനസ്സുതുറന്ന് പണ്ടേ ഇരിപ്പുറപ്പിച്ച സാക്ഷാല്‍ ഇന്നസെന്റ് ഈ ചിത്രത്തിന്റെ അമരത്തുതന്നെയുണ്ട്.കൂടെ സിനിമയില്‍ ലഭ്യമായ മറ്റു തൃശ്ശിവപേരൂരുകാര്‍ മുഴുവന്‍ അണിനിരക്കുന്നുമുണ്ട്. പക്ഷേ,കഥയിലായാലും കാര്യത്തിലായാലും സിനിമയുടെ ചുക്കാന്‍ സംവിധായകന്റെ കയ്യില്‍ത്തന്നെ.

''എമ്പാടും പണമുണ്ടായിട്ടും ഒരു പേരില്ലെന്നേ'' എന്നു സങ്കടപ്പെടുന്ന പ്രാഞ്ചിയുടെ ആത്മാവ് ഒരുവിധപ്പെട്ട മലയാളികളുടെയൊക്കെ ഉള്ളിലില്ലേ? ഒരു പേരിലെന്തിരിക്കുന്നു എന്ന് പള്ളിക്കുള്ളില്‍ നില്‍ക്കുന്ന പുണ്യാളന് ചോദിക്കാം.പേരിലാണ് എല്ലാമിരിക്കുന്നതെന്ന് പണ്ടേ കണ്ടുപിടിച്ചവരാണ് മലയാളികള്‍.എന്നിട്ടും പദ്മശ്രീയെന്ന പേര് ആര്‍ക്കുമില്ലാതിരിക്കുന്നതെന്ത്? ഉമ്മന്‍ചാണ്ടിയെന്ന പേര് ഒരാള്‍ക്കു മാത്രമായതെന്ത്?

മലയാളികളുടെ നടപ്പുദീനങ്ങളുടെയെല്ലാം മൂര്‍ധാവില്‍ കിഴുക്കുന്നുണ്ട് പ്രാഞ്ചിയേട്ടന്‍. അക്കൂട്ടത്തില്‍ സ്വയം കിഴുക്കുന്നതിനും അദ്ദേഹത്തിനുമടിയില്ല.എത്രയെത്രയോ സിനിമകളില്‍ നമുക്ക് അതിപരിചിതനായിരുന്ന ആ മമ്മൂട്ടിയല്ല പ്രാഞ്ചിയേട്ടനില്‍ എന്നതാണ് വിസ്മയകരമായ സംഗതി. ഇപ്രകാരം സ്വയം നവീകരിക്കുന്ന നടന്‍ ഉള്ളിലുള്ളതിനാലാണ് മൂന്നുപതിറ്റാണ്ടു കഴിയുമ്പോഴും അദ്ദേഹം താരപദവിയില്‍ നിലനില്‍ക്കുന്നത് എന്നതിനുള്ള തെളിവാകുന്നു പ്രാഞ്ചിയേട്ടന്‍.

പദ്മശ്രീയായി വരുന്ന പ്രിയാമണി സിനിമയില്‍ അത്യാവശ്യമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം.പാട്ടിന്റെ കാര്യത്തിലും സംഗതി പാളിയെന്നൊരു തോന്നലുണ്ടാവാനിടയുണ്ട്.പോളി(ഗണപതി)യുടെ ശോകകഥാഖണ്ഡത്തിന്റെ നീളം ആവശ്യത്തില്‍ കൂടുതലല്ലേയെന്നു തോന്നാം. കഥയിലല്ല, സിനിമ മുന്നോട്ടുവെക്കുന്ന കാരിക്കേച്ചര്‍കാഴ്ചകളിലാണ് കാര്യം എന്നതാണ് ഇതിനൊക്കെയുള്ള സമാധാനം. രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും സാഹിത്യത്തിലും മതത്തിലുമൊക്കെ വലിയ കൊമ്പന്മാരായി വിലസുന്നവരുടെ നെറ്റിപ്പട്ടങ്ങളൊന്നു മാറ്റി നോക്കുന്നുണ്ട് സംവിധായകന്‍.അദ്ദേഹം തന്നെയാണല്ലോ രചയിതാവും. ധ്വനിസമൃദ്ധമാണ് ഭാഷണങ്ങള്‍.

പ്രേക്ഷകന്റെ ആര്‍ജിതശേഷിക്കനുസരിച്ച് വീണ്ടും വീണ്ടും വ്യാഖ്യാനസാധ്യതയുള്ള വാക്യങ്ങള്‍ എത്രയെങ്കിലുമുണ്ടിതില്‍. വെറുതെയൊരു തമാശയ്ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയല്ല, അവയിലൊന്നും. അതിലൊക്കെ രസിക്കുന്ന മട്ടില്‍ ഉയര്‍ന്ന നിലവാരം പ്രേക്ഷകര്‍ക്കുണ്ടെന്ന വിശ്വാസം നിലനിര്‍ത്തുന്നൊരാള്‍ക്കു മാത്രമേ ഇങ്ങനെയൊരു രചന നിര്‍വഹിക്കാന്‍ കഴിയൂ. പ്രേക്ഷകരെ ആദരവോടെ കാണുന്ന ചലച്ചിത്രകാരനാണ് താനെന്ന് തെളിയിക്കുകയാണ് ഈ സിനിമയിലൂടെ രഞ്ജിത്.'വി.കെ.എന്‍ ടച്ച്' എന്ന് പറയാവുന്ന തരത്തില്‍ ബുദ്ധിയുടെ സാന്നിധ്യമുള്ള 'വാക്യത്തില്‍പ്രയോഗങ്ങള്‍'ക്ക് ഇനിയുമേറെക്കാലം ആയുസ്സുണ്ടാകുമെന്നുറപ്പ്.

പ്രേക്ഷകര്‍ മന്ദബുദ്ധികളാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും പുകുന്തുവിളയാടുകയാണ് മലയാളസിനിമയില്‍. അവരുടെ ചലച്ചിത്രങ്ങളിലെ മരമണ്ടന്‍സംഭാഷണങ്ങളിലൂടെ ബോറടിച്ച് മരിക്കാനാണ് കാണിയുടെ വിധി. അതിനിടയില്‍ വന്നുചേര്‍ന്നിരിക്കുന്ന ഈ ജൈവസത്തയുള്ള ഭാഷാസാന്നിധ്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതുണ്ട്.

ഭാഷാപ്രയോഗത്തിലെ സൗന്ദര്യമാണോ സിനിമയെന്ന ചോദ്യം പിന്നെയും ചോദിക്കാം. ദൃശ്യഭാഷയുമില്ല, സംഭാഷണഭംഗിയുമില്ല എന്നതിനെക്കാള്‍ എത്രയോ ഭേദമല്ലോ ബുദ്ധിയെ ഉണര്‍ത്തുന്ന ഭാഷയുടെ സാന്നിധ്യം.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home