ഹെന്‍ട്രിയേട്ടന്‍ ആന്റ് ദി...
ആരാ ഈ മമ്മൂട്ടി? അങ്ങേര്‍ക്ക് അഭിനയിക്കാനറിയാമോ? ഏത് വിവരംകെട്ട ശിങ്കിടിമുങ്കന്‍മാരാ മമ്മൂട്ടിക്ക് ഭരത് അവാര്‍ഡ് കൊടുത്തത്? ദേശീയഅവാര്‍ഡ് രണ്ടു തവണ കൊടുത്തത്? സംസ്ഥാനഅവാര്‍ഡ് പലതവണ കൊടുത്തത്? പത്മശ്രീ കൊടുത്തത്? ഹേ വിവരദോഷികളായ സംവിധായകരേ, നിര്‍മ്മാതാക്കളേ, ഈ മമ്മൂട്ടിയെ വെച്ചാണോ നിങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സിനിമയെടുത്തുകൊണ്ടിരുന്നത്? കഷ്‌ടമെന്നല്ലാതെ എന്തു പറയാന്‍!
ഇപ്പറഞ്ഞത് മിസ്റ്റര്‍ ഫോക്‌സിന്റെ അഭിപ്രായമല്ല കേട്ടോ? കഴിഞ്ഞ ദിവസത്തെ പത്രം വായിച്ച ഏതൊരാള്‍ക്കും തോന്നിപ്പോകുന്നതാണ്. പത്രത്തില്‍ ഹെന്‍ട്രി എന്നൊരു വിദ്വാന്റെ പ്രസ്‌താവനയുണ്ട്. ആള്‍ വെറും ഹെന്‍ട്രിയല്ല. കിടിലോല്‍ക്കിടിലന്‍ നിര്‍മ്മാതാവാണ്. പണ്ടുപണ്ട് മമ്മൂട്ടിയെ നായകനാക്കി യവനിക എന്നൊരു ചിത്രമെടുത്തില്ലേ? ആ ഹെന്‍ട്രി തന്നെയാണ് ഈ ഹെന്‍ട്രി. യവനിക പത്തിരുപത് കൊല്ലം മുമ്പ് പിറന്ന സൂപ്പര്‍ഹിറ്റായിരുന്നു. ആ വിജയം ആവര്‍ത്തിക്കാമെന്നുകരുതി, രണ്ടുമൂന്നുകൊല്ലംകൊണ്ട് ഹെന്‍ട്രി നിര്‍മ്മിച്ചുണ്ടാക്കിയ ബ്രഹ്മാണ്‌ഡന്‍ പടമാകുന്നു വന്ദേമാതരം. എല്ലാ ഫാരതമക്കള്‍ക്കും ദേശാഭിമാനവും വീക്ഷണവും മാതൃഭൂമിയെക്കുറിച്ച് മനോരമയുമൊക്കെയുണ്ടാക്കാന്‍വേണ്ടി നിര്‍മ്മിച്ച ചിത്രം. പക്ഷേ, പടം ദാണ്ടെ ബോക്‌സ് ഓഫീസില്‍നിന്ന് തലകുത്തിവീണ് മണ്ടപൊട്ടി കിടക്കുന്നു....
ആരു സഹിക്കും ഈ വീഴ്‌ചയും കിടപ്പും എന്നു ചോദിച്ചാല്‍ ഉത്തരമുണ്ട്. നല്ല സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകന്‍ സഹിക്കും. കാരണം ഇമ്മാതിരി സിനിമയെടുക്കുന്നവര്‍ക്ക് ഇനിയൊരിക്കലും അത്തരമൊന്ന് പടച്ചുണ്ടാക്കാന്‍ പൂതി വരരുത്. അവന്‍ പാഠം പഠിക്കുമ്പോഴേ മലയാളസിനിമ രക്ഷപ്പെടൂ.
പക്ഷേ, സിനിമയുണ്ടാക്കാനിറങ്ങി എട്ടുകോടി പപ്പടംപോലെ പൊട്ടിയ ദുഃഖത്തിലിരിക്കുന്ന ഹെന്‍ട്രി സഹിക്കുമോ? ഇല്ല. അതുകൊണ്ടാണ് നിര്‍മ്മാതാവേട്ടന്‍ പടം പൊട്ടാനുള്ള കാരണം ചാനലില്‍ വിശദീകരിച്ചത്. ഒറ്റ ആരോപണമാണ് പറയാനുണ്ടായിരുന്നത്. മമ്മൂട്ടിയ്‌ക്ക് അഭിനയം അശേഷം അറിയില്ല. അയാളുടെ അഭിനയശേഷിക്കുറവും അഹങ്കാരവുംകൊണ്ട് മാത്രമാണ് വന്ദേമാതരം പൊട്ടിപ്പോയത്. ചുരുക്കത്തില്‍ വന്ദേമാതരത്തിന്റെ പരാജയത്തിന് ഏക ഉത്തരവാദി മമ്മൂട്ടിയാണ്. മമ്മൂട്ടികാരണം പടത്തിന്റെ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം മോശമായതിനാല്‍ സിനിമയുടെ ക്ലൈമാക്‌സ് നന്നായില്ല. അവസാനമായി ഒരുകാര്യം കൂടി ഹെന്‍ട്രി ആണിയടിച്ച് പറയുന്നുണ്ട്. മമ്മൂട്ടിയെപ്പോലെ അഹങ്കാരികളായ നടന്‍മാരെവച്ച് ഇനി താന്‍ സിനിമ നിര്‍മ്മിക്കില്ല. എട്ടുകോടി തുലഞ്ഞ ഒരാള്‍ ഇതല്ലാതെ മറ്റെന്ത് പറയും?
ഇത്തവണ റംസാന്‍കാലത്ത് പ്രധാനമായും നാലുചിത്രങ്ങളാണ് മലയാളത്തിലിറങ്ങിയത്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്‌ന്റ്, വന്ദേമാതരം, മോഹന്‍ലാലിന്റെ ശിക്കാര്‍, ലാല്‍ജോസ് സംവിധാനം ചെയ്‌ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണവ. ഇതില്‍ വന്ദേമാതരമൊഴികെ മറ്റു മൂന്നെണ്ണവും തിയറ്ററുകളില്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ഹിറ്റ് പ്രാഞ്ചിയേട്ടന്‍ തന്നെയാണെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. ശിക്കാറും ഹിറ്റുതന്നെ.
അതായത് ഏറ്റവും വലിയ ഹിറ്റിന്റേയും ഏറ്റവും വലിയ ഫ്‌ളോപ്പിന്റേയും നായകന്‍ മമ്മൂട്ടിതന്നെ! ഇവിടെയാണ് ഹെന്‍ട്രിച്ചായന്റെ ആരോപണങ്ങള്‍ ചേര്‍ത്തുവായിക്കേണ്ടത്. എവിടെയാണു സാര്‍ കുഴപ്പം?
പ്രാഞ്ചിയേട്ടനില്‍, മമ്മൂട്ടി എന്ന നടന്റെ സ്ഥിരം ഇമേജല്ല കാണുന്നത്. എല്ലായിടത്തും വിജയിക്കുന്ന കിടിലന്‍ നായകനല്ല പ്രാഞ്ചി. പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന കഥാപാത്രമാണയാള്‍. എന്നിട്ടും പ്രാഞ്ചിയേട്ടനെ ജനം സ്വീകരിച്ചു. മമ്മൂട്ടി എന്ന നടന്റെ വിജയംകൂടിയാണത്. സംവിധായകന്‍ രഞ്‌ജിത്തിന്റേയും.
അഭിനയം വശമില്ലാത്ത നടനാണ് മമ്മൂട്ടിയെങ്കില്‍ ഈ വിജയം സാധ്യമാകുമായിരുന്നോ? ഹെന്‍ട്രി എന്ന ഭഗ്നഹൃദയനായ നിര്‍മ്മാതാവിന്റെ ആരോപണത്തില്‍നിന്നും എന്താണ് വായിച്ചെടുക്കേണ്ടത്? ഇത്രകാലം മമ്മൂട്ടിയെ സ്വീകരിച്ച പ്രേക്ഷകരും പുരസ്‌കാരങ്ങള്‍ നല്‍കിയവരുമൊക്കെ വിഡ്‌ഢികളാണെന്നോ? ഒരു നടന് അഭിനയശേഷിയുണ്ടോ എന്ന് അളക്കാന്‍ അറിയാവുന്ന ഒരേയൊരാള്‍ ഹെന്‍ട്രിയാണോ? അങ്ങനെയെങ്കില്‍ എല്ലാ സംവിധായകര്‍ക്കും കാസ്റ്റിംഗിന്റെ സമയത്ത് ഹെന്‍ട്രിസാറിന്റെ ഉപദേശം തേടാവുന്നതാണ്.
മമ്മൂട്ടി വലിയ അഭിനയപ്രതിഭയാണെന്നോ അല്ലെന്നോ നമുക്ക് അഭിപ്രായം പറയാം. ഇക്കാലത്ത് ചെലവില്ലാത്ത ഏകകാര്യം അഭിപ്രായം പറയലാണല്ലോ. പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. മലയാളം എന്ന കൊച്ചുഭാഷ കാല്‍നൂറ്റാണ്ടായി മമ്മൂട്ടിയെ ഒരു നടനായി ഇവിടെ അംഗീകരിച്ചിട്ടുണ്ട്. പടം വിജയിച്ചാല്‍ പണം വാരി മടിശീല നിറയ്‌ക്കുകയും പരാജയപ്പെട്ടാല്‍ നായകനെ കുറ്റം പറയുകയും ചെയ്യുന്നത് ഒട്ടും ഭൂഷണമല്ല സാര്‍. മലയാളസിനിമയെ ഉദ്ധരിക്കാനൊന്നുമല്ലല്ലോ താങ്കള്‍ വന്ദേമാതരം നിര്‍മ്മിച്ചത്. ലക്ഷ്യം ലാഭം തന്നെയായിരുന്നില്ലേ?
സിനിമയെ വേണമെങ്കില്‍ നമുക്ക് ശിലയോട് ഉപമിക്കാം. ചിലര്‍ ആ ശിലയില്‍ മനോഹരമായ ശില്‍പങ്ങളുണ്ടാക്കും. ചിലര്‍ അതുകൊണ്ട് കക്കൂസ് ടാങ്ക് നിര്‍മ്മിക്കും. പ്രാഞ്ചിയേട്ടനും വന്ദേമാതരവുമൊക്കെ ഇതില്‍ ഏതു തലത്തിലാണ് നില്‍ക്കുന്നതെന്നാണ് അന്വേഷിക്കേണ്ട് ഹെന്‍ട്രിയേട്ടാ...
Labels: Fanspage
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home