അരിപ്രാഞ്ചിയില്‍ നിന്ന് പുണ്യവാളനിലേക്കുള്ള ദൂരം
വിചിത്രവും സങ്കീര്‍ണവുമാണ് മലയാളിയുടെ മാനസികലോകം. അരിക്കച്ചവടക്കാരന് അധ്യാത്മരാമായണമെഴുതി മഹാകവിയാവാന്‍ മോഹം; കവിക്ക് സിനിമയില്‍ പാട്ടെഴുതാന്‍ കമ്പം, പാട്ടെഴുത്തുകാരന് കവിത അച്ചടിച്ചുവരാനും കഥാകൃത്തിന് തിരക്കഥാകൃത്താവണം, തിരക്കഥാകൃത്തിന് സംവിധായകന്റെ തൊപ്പി വെക്കണം, വ്യവസായിക്ക് സാംസ്‌കാരിക നായകനാവണം, രാഷ്ട്രീയക്കാരന് നോവലെഴുതുകയോ പാട്ടുകാരനാവുകയോ വേണം, പത്രപ്രവര്‍ത്തകര്‍ക്കെല്ലാം സര്‍ഗാത്മക സാഹിത്യമെഴുതണം, ശാസ്ത്രജ്ഞനും ഡോക്ടര്‍ക്കും കാവ്യപുസ്തകം ഇറക്കണം, ഗള്‍ഫ് പ്രവാസിക്ക് ആത്മകഥയോ അനുഭവക്കുറിപ്പുകളോ എഴുതിയേ തീരൂ.
സാഹിത്യകാരന്മാര്‍ക്ക് പ്രാസംഗികരായി നിത്യവും പത്രത്തില്‍ പേരും ചിത്രവും അച്ചടിച്ചുവരണം. സ്വന്തം തട്ടകത്തില്‍ നിന്നുകൊണ്ട് മറ്റൊരു മേല്‍വിലാസമാണ് ഓരോ മലയാളിയും തേടുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. പണക്കാരന്‍ പ്രശസ്തിക്കും പ്രശസ്തിക്കാരന്‍ പണത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. അതിനുവേണ്ടി എന്ത് കോമാളിത്തവും ചെയ്യുന്നു. ദൈവത്തെ സൂത്രത്തില്‍ കൂട്ടുപിടിക്കുന്നു. അസഹ്യമായ ഈ സാമൂഹികാവസ്ഥയ്ക്ക് നേരെയാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്' എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് കണ്ണാടി പിടിക്കുന്നത്. ഈ കണ്ണാടിയില്‍ ഓരോരുത്തരും അവനവനെത്തന്നെ കാണുന്നു. തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ഞെട്ടുകയോ ചമ്മുകയോ സ്വയം ലജ്ജിക്കുകയോ ചെയ്യുന്നു.
അരിക്കച്ചടവും ചെയ്ത് സമ്പന്നനായ ചിറമ്മല്‍ പ്രാഞ്ചിയുടെ പ്രധാനപ്പെട്ട പ്രാണവേദന ഒരു പേരില്ല എന്നതാണ്. സാംസ്‌കാരിക രംഗത്താണ് കക്ഷിയുടെ കണ്ണ്. ക്ലബ്ബ് പ്രസിഡന്റ് മുതല്‍ പത്മശ്രീക്ക് വരെ പ്രാഞ്ചി ശ്രമിക്കുന്നു. എല്ലാറ്റിനും സൂത്രധാരനായി വാസുമേനോന്‍ (ഇന്നസെന്റ്) എന്ന ഉപഗ്രഹവുമുണ്ട് കൂടെ.
''അരിപ്രാഞ്ചിമാര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. അത് കേവലം ഒരു വ്യക്തിയല്ല. പലരിലും ഉള്ള മനോഭാവമാണ്. ഞാന്‍ കൂടി ജീവിക്കുന്ന സമൂഹത്തെയാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അതില്‍ നിന്ന് രഞ്ജിത്ത് എന്ന ഞാന്‍ മാറി നില്‍ക്കുന്നില്ല. എന്നെക്കൂടിയാണ് ഞാന്‍ കളിയാക്കുന്നതും വിമര്‍ശിക്കുന്നതും എന്നിലുമുണ്ടാവാം പ്രാഞ്ചി'' -രഞ്ജിത്ത് പറയുന്നു.
അരിപ്രാഞ്ചി അസീസിയിലെ ഫ്രാന്‍സിസിസ് പുണ്യവാളനോട് നേരിട്ട് സംസാരിക്കുന്നതിലൂടെയാണ് രഞ്ജിത്ത് തന്റെ സിനിമ സങ്കല്പിച്ചെടുത്തതും യഥാര്‍ഥ്യമാക്കിയതും. തനി തൃശ്ശൂര്‍ ഭാഷ സംസാരിക്കുകയും കാരുണ്യത്തിനുപകരം കുസൃതി നിറഞ്ഞ കണ്ണുകളുള്ളവനുമായ ഫ്രാന്‍സിസ് പുണ്യവാളനെ സൃഷ്ടിക്കുന്നതിലൂടെ രഞ്ജിത്ത് മലയാളിയുടെ മറ്റൊരു മനോരോഗത്തെയാണ് മറനീക്കിക്കാണിക്കുന്നത്. ദൈവങ്ങളുമായുള്ള ഇടപാടുകള്‍.
''പല കാലങ്ങളിലൂടെ ദൈവസങ്കല്പം മാറിമാറിവന്നവനാണ് ഞാന്‍. കോളേജ് പഠനകാലത്ത് തികഞ്ഞ നിരീശ്വരവാദിയായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷം ഒന്നുമാവാതെ ബ്ലാങ്ക് ആയി നടക്കുന്ന കാലം എനിക്കുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഒന്ന് മൂകാംബികയില്‍ പോയി. അത് ഒരു പവര്‍ പോയന്റ് ആണ് എന്ന് എനിക്ക് തോന്നി. പിന്നീടുള്ള സിനിമാക്കാലത്ത് ഈയൊരു ദൈവസങ്കല്പം ഞാന്‍ കൊണ്ടുനടന്നു. 'നന്ദനം' എന്ന സിനിമയിലൂടെ ആ ഘട്ടം പൂര്‍ണമായി. ക്ഷേത്രങ്ങള്‍ ഇല്ലാതായി, വേണ്ടെന്നായി. ദൈവം ആകാശത്തോ, കാണാമറയത്തോ അല്ല എന്ന് ഇന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മണ്ണില്‍ മനുഷ്യനോടൊപ്പമാണ് ദൈവം. കരുണയും സ്‌നേഹവുമാണ് ദൈവത്തിന്റെ മുഖം. എന്നിലുണ്ടായ ഈ മാറ്റം പ്രാഞ്ചിയുടെ അവസാനം കാണാം. ഞാന്‍ മാത്രം അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ഈ അവസ്ഥയെ സിനിമയിലൂടെ സ്വയം തുറന്നു വിടുകയായിരുന്നു.''
പോളി എന്ന കുട്ടിയും പ്രാഞ്ചിയും തമ്മിലുള്ള അപൂര്‍വമായ ബന്ധത്തിലൂടെയാണ് രഞ്ജിത്ത് പരമ്പരാഗത ദൈവസങ്കല്പങ്ങള്‍ക്കു പിറകെ പരക്കംപായുന്ന മലയാളിക്ക് മുന്നില്‍ വിശുദ്ധമായ ദൈവസംഗീതം കേള്‍പ്പിക്കുന്നത്.
'ചട്ടമ്പിനാട്ടി'ലെ 'പോക്കിരിരാജ'യായി വാണിരുന്ന മമ്മൂട്ടി എന്നതാരത്തെ മണ്ണിലേക്കിറക്കി അതിന്റെ എല്ലാവിധ പുറംപകിട്ടുകളും അഴിച്ചുകളയുക എന്ന 'ധീര'കൃത്യവും പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത്‌ചെയ്തിരിക്കുന്നു. അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് താരങ്ങളെ പടുത്തുയര്‍ത്തിയ പേനകൊണ്ടുതന്നെ അവരെ താഴേക്കിറക്കുകയും ചെയ്തു എന്ന കൗതുകം കലര്‍ന്ന ക്രെഡിറ്റും രഞ്ജിത്തിന് സ്വന്തം.
മമ്മൂട്ടിക്ക് മാത്രം ചെയ്യാവുന്നത് എന്ന് രഞ്ജിത്ത് പറഞ്ഞ പ്രാഞ്ചിയെ മമ്മൂട്ടി മനോഹരമായും ഒരു തുള്ളി തുളുമ്പാതെയും അവതരിപ്പിച്ചിരിക്കുന്നു. പ്രാഞ്ചിയില്‍ താരം നല്ല കഥാപാത്രമാവുന്നതിനേക്കാള്‍ നല്ല കഥാപാത്രം താരമാവുകയാണ്.
അസീസിയിലെ പുണ്യവാളനെപ്പറ്റി വിശ്വപ്രസിദ്ധ ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസാന്ത്‌സാക്കീസ് എഴുതിയ 'ഗോഡ്‌സ് പാംബര്‍' എന്ന നോവലിന്റെ ഓരോ താളും വേദനയോടെ മാത്രമേ വായിച്ച് മറിക്കുക സാധ്യമാകൂ. എന്നാല്‍ രഞ്ജിത്തിന്റെ ഫ്രാന്‍സിന് പുണ്യവാളനും പ്രാഞ്ചിയും തമ്മിലുള്ള രണ്ടുമണിക്കൂര്‍ നീണ്ട ഈ ആത്മഭാഷണം തീരുമ്പോള്‍ ഉള്ളില്‍ ഊറുക സുഖമുള്ള ഒരു ചിരിയും മനുഷ്യന്റെ ആത്യന്തികമായ നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ചുള്ള പരിപാകം വന്ന ഒരുപിടി ബോധ്യങ്ങളുമാണ്. ആത്മാവിലെ അനുകമ്പകൊണ്ടും സ്‌നേഹം കൊണ്ടുമാണ് രഞ്ജിത്ത് അരിപ്രാഞ്ചിയില്‍ നിന്നും അസീസ്സിയിലെ പുണ്യവാളനിലേക്കുള്ള ദൂരമളക്കുന്നത്. അതാണ് ഈ പ്രാഞ്ചി പരത്തുന്ന പ്രകാശം.
Labels: Reviews
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home