Saturday, January 8, 2011

സേതുരാമയ്യര്‍ ഇസ് കമിങ് ബാക്ക് sethuramayyar is coming back

ബൈജു ഗോവിന്ദ്

നെറ്റിയിലെ സിന്ദൂരക്കുറി, പിന്നിലേക്കു കെട്ടിയ കൈകള്‍, പതിവു സംഗീതം, നടത്തത്തിന് കൂടുതല്‍ വേഗതയുണ്ട്, ബുദ്ധിക്കു കുറച്ചു കൂടി പക്വത, കൂര്‍മത... സേതുരാമയ്യര്‍ എന്ന സിബിഐ ഓഫിസര്‍ വീണ്ടും.

അഞ്ചു വര്‍ഷമായി കേസന്വേഷണത്തില്‍ നിന്നൊക്കെ വിട്ടു നില്‍ക്കുകയായിരുന്നു. സ്വസ്ഥം ഗൃഹഭരണം എന്നൊന്നും പറയണ്ട. സജീവമായി രംഗത്തുണ്ടായിരുന്നില്ല, അത്രമാത്രം. സേതുരാമയ്യര്‍ അന്വേഷിച്ചാല്‍ നന്നായിരുന്നു എന്നു തോന്നിയ കേസുകള്‍ ഇതിനിടയില്‍ പലതും വന്നു. ഈ കേസ് സേതുരാമയ്യരെ ഏല്‍പ്പിച്ചാലോ എന്നു തോന്നിയ സന്ദര്‍ഭങ്ങളും നിരവധി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് അതിന് അവസരം വന്നത്.

മലയാളസിനിമയില്‍ ഹിറ്റായി മാറിയ കഥാപാത്രമാണു സേതുരാമയ്യര്‍. സാധാരണ ഒരു സിനിമയു ടെ രണ്ടാം ഭാഗം തന്നെ മടുപ്പാണ്. ഇതിപ്പോള്‍ അഞ്ചാം തവണയാണു സേതുരാമയ്യര്‍ അന്വേഷണത്തിനെത്തുന്നത്. സംഭാഷണത്തിലെ വ്യതിയാനങ്ങളും പുത്തന്‍ മാനസിറങ്ങളും കൊണ്ടു മമ്മൂട്ടി ഉജ്വലമാക്കിയ ഈ കഥാപാത്രത്തിന്‍റെ തുടക്കം 1988ല്‍. കുമാരപുരം പഞ്ചായത്തിലെ ഓമന എന്ന പാവം പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത യ്ക്കു സേതുരാമയ്യര്‍ കെട്ടഴിച്ചപ്പോള്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. തൊട്ടുത്ത വര്‍ഷം തന്നെ രണ്ടാം ഭാഗം, ജാഗ്രത. പതിനഞ്ചു വര്‍ഷം കഴിഞ്ഞു 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ. എല്ലാം സംവിധാനം ചെയ്തതു കെ. മധു.

ഇത്രയും ചരിത്രം. അഞ്ചാം തവണ സേതുരാമയ്യ രെ ഏല്‍പ്പിക്കുന്ന കേസേത് എന്നു ചോദിക്കാവു ന്ന ഒരാളുണ്ടല്ലോ. അദ്ദേഹത്തെത്തന്നെ കാണാം, അഞ്ചു ഭാഗങ്ങള്‍ എഴുതിയിട്ടും ഇപ്പോഴും സസ്പെന്‍സും ത്രില്ലറും കെട്ടഴിഞ്ഞു പോകാത്തവിധം സേതുരാമയ്യരെ തൂലികത്തുമ്പില്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന, എസ്.എന്‍. സ്വാമിയെ.

എറണാകുളത്ത് എം.ജി. റോഡിനരികില്‍ ത്രിവേണി അപ്പാര്‍ട്ട്മെന്‍റിലെ മൂന്നാം നിലയിലെ രണ്ടാം നമ്പര്‍ മുറി. മെയ്ന്‍ ഹാളിലെ കസേരയില്‍ ഒന്നു ചാഞ്ഞിരുന്നു സ്വാമി. എന്നിട്ട് ഔസേപ്പച്ച നും നാരായണനും അടക്കം സംശയത്തിന്‍റെ നിഴലില്‍ നിന്ന എല്ലാവരെയും അയ്യര്‍ നോക്കിയതു പോലെ ആകെയൊന്നു നോക്കി. എഴുതിത്തുടങ്ങിയിട്ടില്ല, ഒറ്റവാക്കില്‍ എല്ലാം അവസാനിപ്പിക്കുമോ എന്നു തോന്നി. പിന്നെ ചില നാട്ടുവിശേഷങ്ങളിലേ ക്കു നീങ്ങി. സിബിഐ സിനിമയുടെ ക്ലൈമാക്സ് വരെ നീളുന്ന ഒരു സസ്പെന്‍സ് അവശേഷിപ്പിക്കുന്നുണ്ട്, അതിന്‍റെ എഴുത്തുകാരനും. അതൊ ന്നു പൊളിക്കാന്‍ ചോദിച്ചു, ഈ കഥാപാത്രം രൂപ പ്പെട്ടത്, പുതുമ നഷ്ടപ്പെടാതെ ഇങ്ങനെ മുന്നോട്ടു കൊണ്ടു പോകുന്നത്? അതൊക്കെ നമ്മള്‍ പല തവണ സംസാരിച്ചിട്ടുള്ളതല്ലേ? സ്വാമി പിടിതരുന്ന മട്ടില്ല.

ചാക്കോയും വിക്രവും ശ്രമിച്ചു പിന്മാറുമ്പോള്‍ സേതുരാമയ്യര്‍ രംഗപ്രവേശം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ മനസില്‍ ഓര്‍ത്തു. ഒരൊറ്റ ചോദ്യം, അപ്പോള്‍ അഞ്ചാം ഭാഗത്തിന്‍റെ കഥയെന്താന്നാ പറഞ്ഞേ?. അതു വരെ പൊട്ടിയാണന്ന് അഭിനയിച്ച ചേടത്തിയെ തോല്‍പ്പിക്കാന്‍ ചായ ഗ്ലാസ് താഴെയിട്ട രംഗമായിരുന്നു മനസില്‍. ഇതെല്ലാം എഴുതിവച്ച എന്നോടു വേണോ എന്ന മട്ടില്‍ത്തന്നെയാ ണ് അപ്പോഴും സ്വാമി. ഒടുവില്‍ ഇത്രയൊക്കെ ചോദ്യം ചെയ്തതല്ലേ, മുഴുവന്‍ പറഞ്ഞില്ലെങ്കിലും കുറച്ചു സത്യങ്ങള്‍ പറഞ്ഞേക്കാം എന്നു തീരുമാനിച്ചു സ്വാമി.

സേതുരാമയ്യര്‍ ഇത്തവണ കൊലപാതകമല്ല അന്വേഷിക്കുന്നത്. അല്‍പ്പം ഡിഫറന്‍റാണ് സ്റ്റോറി. ഒരു ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ്. തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തില്‍ കണ്ട ആചാരത്തില്‍ നിന്നാണു കഥ രൂപപ്പെടുത്തിയത്. ഒരു ക്ഷേത്രം. നാലു ധര്‍മാധികാരികളാണു ട്രസ്റ്റികള്‍. നാലുപേരും സമ്പന്നര്‍. താമസം നാലിടത്ത്. ഒരിക്കല്‍ ഈ ക്ഷേത്രത്തിന്‍റെ മുഖമണ്ഡപത്തില്‍ ഒരുമിച്ചെത്തും. ഒരു സ്വപ്നം വഴികാട്ടുമ്പോഴാണ് ഇവര്‍ ഒത്തു ചേരുന്നത്. പത്തോ ഇരുപതോ വര്‍ഷം കൂടുമ്പോഴാകാം ഈ കൂട്ടായ്മ. നാലുപേരും ഒരു രാത്രിയില്‍ ഒരേ സ്വപ്നം കാണണം. ആ സ്വപ്നം ഒരു പേപ്പറില്‍ അവര്‍ എഴുതി സൂക്ഷിക്കും. ഒരേ രാത്രിയില്‍ നാലുപേരും കണ്ടത് ഒരേ സ്വപ്നമെങ്കില്‍ അടുത്ത ശുഭമുഹൂര്‍ത്തത്തില്‍, ഇവര്‍ ക്ഷേത്രത്തിലെത്തും. സ്വപ്നത്തില്‍ കണ്ടതെന്തായാലും അതു വാങ്ങി ക്ഷേത്രത്തിന്‍റെ മുഖമണ്ഡപത്തില്‍ തൂക്കും. 1975ല്‍ സ്വപ്നത്തിലെത്തിയതു കൈവില ങ്ങാണ്. മുഖമണ്ഡപത്തില്‍ തൂക്കാന്‍ വിലങ്ങുമാ യി നാലുപേരും ക്ഷേത്രത്തിലെത്തിയപ്പോഴേയ് ക്കും രാജ്യത്തെയാകെ വിലങ്ങണിയിച്ചുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ക്ഷേത്രത്തിന്‍റെ ധര്‍മാധികാരികള്‍ മാറിമാറി വന്നു. മുഖമണ്ഡപത്തില്‍ വെവ്വേറെ അലങ്കാരങ്ങളും തൂങ്ങി. ഏറെക്കാലത്തിനു ശേഷം, ഇപ്പോഴത്തെ ധര്‍മാധികാരികള്‍ ഒരു സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. മൂന്നുപേരും പരസ്പരം ഫോണ്‍ ചെയ്തു. എല്ലാവരും കണ്ടത് ഒരേ സ്വപ്നം. നേരം പുലര്‍ന്നപ്പോള്‍ പത്രം വായിച്ച് അവര്‍ തളര്‍ന്നു. അതു സംഭവിച്ചിരിക്കുന്നു...

ധര്‍മാധികാരികള്‍ കണ്ട സ്വപ്നത്തിന്‍റെ പൊരുളും അതിനു ശേഷമുള്ള ദുരൂഹതയും അന്വേഷിക്കാന്‍ സേതുരാമയ്യര്‍ എത്തുന്നു. മമ്മൂട്ടിയുമായി സംസാരിച്ചു. സംവിധാനം കെ. മധു തന്നെ. സേതുരാമയ്യരുടെ രൂപത്തിലും ഭാവത്തിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിലുമൊന്നും മാറ്റമില്ല. പഴയ ടീം അതേപടി ഉണ്ടാകുമോ എന്ന് ഉറപ്പിക്കാറായിട്ടില്ല. അങ്ങനെയാണെങ്കില്‍ അതും ഒരു റെക്കാഡായേക്കാം.

ഒന്നുറപ്പിക്കാം സേതുരാമയ്യര്‍ ഇസ് കമിങ് ബാക്ക്, എസ്. എന്‍. സ്വാമി പറയുന്നതു പോലെ, വിത്ത് എ ഡിഫറന്‍റ് സ്റ്റോറി. ശേഷം സ്ക്രീനില്‍.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home