Wednesday, December 29, 2010

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മമ്മൂട്ടിയും രഞ്ജിത്തും Again Arappattakettiyagramathil



മമ്മൂട്ടിയുടെ ഒരാഗ്രഹം സഫലമാകുകയാണ്. അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പഭിനയിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമ റീമേക്ക് ചെയ്യുന്നു. അതേപേരില്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ സഖറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. രഞ്ജിത് സംവിധാനം ചെയ്യുമെന്നും അറിയുന്നു.



മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ 1986ലാണ് റിലീസായത്. മമ്മൂട്ടി, അശോകന്‍, നെടുമുടി വേണു, സുകുമാരി, ഉണ്ണിമേരി, അച്ചന്‍‌കുഞ്ഞ്, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു വേശ്യാഗൃഹവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സമുദായ സംഘര്‍ഷങ്ങളും അതിനൊപ്പം മനോഹരമായ ഒരു പ്രണയവുമായിരുന്നു ഈ സിനിമ വിഷയമാക്കിയത്. മമ്മൂട്ടി അവതരിപ്പിച്ച സഖറിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.



താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പുനരവതരിപ്പിക്കണമെന്ന് ആഗ്രഹം തോന്നിയവ ‘തൃഷ്ണ’യിലെ കൃഷ്ണദാസും, അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെ സഖറിയയുമാണെന്ന് മമ്മൂട്ടി മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തൃഷ്ണയുടെ റീമേക്കില്‍ പൃഥ്വിരാജ് നായകനാകുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത. അതുകൊണ്ടുതന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നതത്രെ.



ഏതാനും പ്രവാസി മലയാളികള്‍ ചേര്‍ന്നാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ റീമേക്ക് നിര്‍മ്മിക്കുന്നത്. 2011 അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ മമ്മൂട്ടിക്ക് സമ്മാനിച്ച രഞ്ജിത് ഈ സിനിമ മറ്റൊരു മികച്ച സൃഷ്ടിയാക്കുമെന്ന് പ്രതീക്ഷിക്കാം.

Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home