Monday, August 16, 2010

Mammootty as Police in three languages


മമ്മൂട്ടി വീണ്ടും പൊലീസാകുന്നു. സംഗീതപ്രധാനമായൊരു ത്രില്ലര്‍ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ കേദാര്‍നാഥ് എന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം ജയരാജ് സംവിധാനം ചെയ്യുന്ന ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന ചിത്രത്തിലാണ്. നായകതുല്യമായ വേഷത്തില്‍ ജയസൂര്യയും അഭിനയിക്കുന്നു. സിനിമയില്‍ ട്രാക്ക് പാടാന്‍ വരുന്ന ഒരു ഗായകന്‍റെ കഥയാണിത്. അതോടൊപ്പം ഒരു കുറ്റാന്വേഷണവും കഥയുടെ വഴിത്തിരിവാകുന്നു.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ട്രാക്ക് വിത്ത് റഹ്‌മാന്‍ ഒരുങ്ങുന്നത്. ജയസൂര്യയെ നായകനാക്കിയാണ് ജയരാജ് ഈ സിനിമ ചെയ്യാനിരുന്നത്. എന്നാല്‍ കഥയില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ സിനിമയെ ഒരു ബിഗ് ബജറ്റ് സംരംഭമാക്കിയത്. ശ്രീനിവാസാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. അജയന്‍ വിന്‍സന്‍റാണ് ക്യാമറ. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന ട്രാക്ക് വിത്ത് റഹ്‌മാന്‍റെ രചന നിര്‍വഹിക്കുന്നതും ജയരാജ് തന്നെ. ന്യൂ ജനറേഷന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുംബൈയില്‍ ഈ മാസം അഞ്ചിന് ചിത്രത്തിന്‍റെ പൂജ നടക്കും. മൂന്നു ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ട്രാക്ക് വിത്ത് റഹ്‌മാന്‍ വിതരണത്തിനെത്തിക്കുന്നത് ഹാര്‍വസ്റ്റ് ഡ്രീംസ് കമ്പനിയാണ്.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home