Monday, August 16, 2010

Shaji-Ranji again:The King and The Commissioner.


ആക്ഷന്‍ സിനിമകളുടെ കുലപതിമാര്‍ വീണ്ടും ഒരുമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും ഒത്തുചേരുകയാണ്. സിനിമയുടെ പേര് - ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍. അതേ, ദി കിംഗ് എന്ന ചിത്രത്തിലെ ജോസഫ് അലക്സ് ഐ എ എസും കമ്മീഷണറിലെ ഭരത്ചന്ദ്രന്‍ ഐ പി എസും ഒരുമിച്ച് ഒരു ചിത്രത്തില്‍ വരുന്നു!

ജോസഫ് അലക്സിനെ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കുന്നു. എന്നാല്‍ ഭരത് ചന്ദ്രന്‍ ഐ പി എസിനെ അവതരിപ്പിക്കുന്ന ആളുടെ പേര് ഏവര്‍ക്കും സര്‍പ്രൈസാണ് - യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്! പോക്കിരിരാജയുടെ മഹാവിജയത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊരു മെഗാഹിറ്റിനായി തോളോടുതോള്‍ ചേരുകയാണ്.

ഭരത്ചന്ദ്രനെ അവതരിപ്പിക്കാന്‍ സുരേഷ്ഗോപിയെത്തന്നെ പരിഗണിച്ചതാണ്. എന്നാല്‍ മമ്മൂട്ടിയെയും സുരേഷിനെയും ഒരു ചിത്രത്തില്‍ അണിനിരത്തുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതോടെ പൃഥ്വിരാജിനെ ഭരത്ചന്ദ്രനാക്കാമെന്ന നിര്‍ദ്ദേശമുണ്ടായി. അങ്ങനെ, തന്‍റെ താരസിംഹാസനം ഉറപ്പിച്ച ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രത്തെ സുരേഷ്ഗോപിക്ക് നഷ്ടപ്പെടുകയാണ്. ഇനി ഭരത്ചന്ദ്രന് പൃഥ്വിയുടെ ശരീരഭാഷ!

‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ നിര്‍മ്മിക്കുന്നത് ആന്‍റോ ജോസഫാണ്. മമ്മൂട്ടിയുടെ പ്ലേ ഹൌസ് ചിത്രം വിതരണത്തിനെത്തിക്കും. ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കാനാണ് പരിപാടി. രണ്‍ജി പണിക്കര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കമ്മീഷണര്‍ എന്ന തന്‍റെ ചിത്രത്തിന്‍റെ മൂന്നാം ഭാഗം ‘പൊലീസ് കമ്മീഷണര്‍’ എന്ന പേരില്‍ ഒരുക്കാന്‍ ഷാജി കൈലാസിന് പദ്ധതിയുണ്ടായിരുന്നു. ഷാജി തന്നെ ആ ചിത്രത്തിന് തിരക്കഥയെഴുതിത്തുടങ്ങിയതുമാണ്. എന്നാല്‍ രണ്‍ജിയുടെ തിരക്കഥയില്‍ ഇങ്ങനെയൊരു സംരംഭം രൂപപ്പെട്ടതോടെ ‘പൊലീസ് കമ്മീഷണര്‍’ തല്‍ക്കാലം സംഭവിക്കാനിടയില്ല.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് സംഭവിക്കാന്‍ പോകുന്നത്. 1995ല്‍ ‘ദി കിംഗ്’ ആയിരുന്നു ഈ ടീമിന്‍റെ അവസാനചിത്രം. ഡോക്ടര്‍ പശുപതി, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മാഫിയ, ഏകലവ്യന്‍, കമ്മീഷണര്‍ എന്നിവയാണ് ഷാജി - രണ്‍ജി കൂട്ടുകെട്ടിന്‍റെ മറ്റ് സിനിമകള്‍.

എന്തായാലും ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒരു സിനിമയിലൂടെ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മമ്മൂട്ടിക്കും പൃഥ്വിരാജിനും ആടിത്തകര്‍ക്കാനായി ഒരുക്കുന്ന ഈ ചിത്രം മലയാളസിനിമാ ചരിത്രത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home