Tuesday, November 30, 2010

കന്നഡക്കാരുടെ മനം കവര്‍ന്ന് മമ്മൂട്ടി

കന്നഡസിനിമാ ലോകത്ത്‌ മമ്മൂട്ടിയ്ക്ക് സൂപ്പര്‍താര പരിവേഷം. നായകനായി അഭിനയിക്കുന്ന ആദ്യ കന്നഡ ചിത്രമായ 'ശിക്കാരി'യുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ മനം കവരാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. കാന്റീന്‍ ബോയി മുതലുള്ളവരുമായി വളരെ സൗഹൃദപരമായി പെരുമാറിയ മമ്മൂട്ടി ഒരു തരത്തിലുമുള്ള താര ജാഡകള്‍ കാണിച്ചില്ലെന്ന് സെറ്റിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടിയുടെ അഭിനയവും പെരുമാറ്റവും അദ്ദേഹത്തിന് അവിടെ വളരെയേറെ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച മമ്മൂട്ടി ഉള്‍പ്പെടുന്ന ആക്ഷന്‍ രംഗത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. കന്നഡയ്ക്ക് പുറമേ മലയാളത്തിലും ചിത്രം ഇറങ്ങുന്നുണ്ട്. മലയാളം പതിപ്പിനായി സംഭാഷണം എഴുതിയത് മമ്മൂട്ടി തന്നെയാണ്. ശിക്കാരിയുടെ തിരക്കഥയില്‍ ആകൃഷ്‌ടനായ മമ്മൂട്ടി മലയാളം പതിപ്പിന്‌ സംഭാഷണമെഴുതാമെന്ന്‌ സമ്മതിച്ചത്‌ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ സ്വാതന്ത്ര്യത്തിന്‌ മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ സാഹചര്യങ്ങളാകും പറയുക. ഇതില്‍ സ്വാതന്ത്യസമര സേനാനിയായും സോഫ്‌റ്റ്‌വേര്‍ എഞ്ചിനീയറായും ഇരട്ട വേഷത്തിലാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ കൂടിയായ കെ മഞ്ജുവാണ് ശിക്കാരി നിര്‍മിക്കുന്നത്. അഭയ് സിംഹയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ വച്ച് മികച്ച സിനിമയൊരുക്കാനുള്ള ശ്രമത്തിലാണ് യുവസംവിധായകനായ അഭയ് സിംഹ‍. ശിക്കാരിയുടെ ഷൂട്ടിങിനായി ഏറെ പണം മുടക്കി ബംഗ്ലൂരില്‍ സെറ്റ് നിര്‍മ്മിച്ചിരുന്നു.
പൂനം ബജ്പയാണ് നായിക. ഇന്നസെന്റ്, ആദിത്യ, മോഹന്‍ എന്നിവരും അഭിനയിക്കുന്നു.

'ശിക്കാരി'യില്‍ അഭിനയിക്കാന്‍ ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ മുതല്‍ മമ്മൂട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് വിവിഐപി പരിഗണനയായിരുന്നു. ബാംഗ്ലൂരില്‍ ഷൂട്ടിങ് ലൊക്കേഷനിലും മമ്മൂട്ടിയുടെ താമസസ്ഥലത്തും മികച്ച സൗകര്യങ്ങളാണ് നിര്‍മാതാവ് മഞ്ജു ഏര്‍പ്പെടുത്തിയത്. മമ്മൂട്ടിയ്ക്ക് ബംഗ്ലൂരില്‍ സഞ്ചരിയ്ക്കാനായി തന്റെ ഏറ്റവും പുതിയ 'ടയോട്ട എഫ്‌ജെ ക്രൂയിസര്‍ 'നിര്‍മാതാവ് നേരത്തെ വിട്ടുകൊടുത്തത് വാര്‍ത്തയായിരുന്നു. ഡ്രൈവിങ്ങില്‍ ക്രെയിസ് ഉള്ള മമ്മൂട്ടിയെ അത് സന്തോഷിപ്പിക്കുകയും ചെയ്തു. കന്നഡസിനിമാ ലോകത്ത്‌ മമ്മൂട്ടിയുടെ വരവ് ഇതിനോടകം വലിയ വാര്‍ത്തയായിക്കഴിഞ്ഞു. കലാമൂല്യമുള്ള ചിത്രങ്ങളുടെ ഗണത്തിലാണ് ശിക്കാരി.


Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home