Saturday, November 20, 2010

മമ്മുട്ടി - തിളങ്ങും നക്ഷത്രം


സ്വപ്‌നങ്ങള്‍ കാണാത്ത മനുഷ്യരില്ല. എന്നാല്‍ അസാധ്യമായതെന്തും സാധ്യമാക്കുന്ന ഒരു അവസ്ഥയാണ്‌ സ്വപ്നം കാണുമ്പോള്‍ ഉണ്ടാകുന്നത്. സ്വപ്നം കാണാത്തവര്‍ വിരളം എന്ന് തന്നെ പറയാം. ഉറങ്ങുമ്പോള്‍ കാണുന്നതിനേക്കാള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നം എന്നും മനുഷ്യന്റെ ചിന്താശക്തിയെയും, കാഴ്ച്ചപ്പാടിനെയും, ദര്‍ശനത്തെയും വെളിപ്പെടുത്തുന്നു. എം.ടി. എന്ന മഹാ പ്രതിഭ സംവിധാനം ചെയ്ത "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍" എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമക്ക്‌ മമ്മുട്ടി എന്ന പൌരുഷത്തെ യാദൃശ്ചികമായി അല്ല ഒരു സൗഭാഗ്യമായി കിട്ടിയത്. എന്നെങ്കിലും നടക്കാവുന്ന അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത ഒത്തിരി സ്വപ്‌നങ്ങള്‍ മാത്രം കണ്ട്, ശുഭാപ്തി വിശ്വാസം ഒട്ടും ചോര്‍ന്നു പോവാതെ, മനസ്സില്‍ ആശയും, ആഗ്രഹങ്ങളും നെയ്തെടുക്കുന്ന ഗള്‍ഫ്‌ മലയാളി സമൂഹത്തിന്റെ ഒരു "true portrayal" ആയിരുന്നു "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍".
മൃഗയ
മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത് "മൃഗയ" എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് വേളയില്‍ ആയിരുന്നു. പ്രസാദ്‌ സ്റ്റുഡിയോയില്‍ വെച്ച്. ശങ്കരാടി ചേട്ടന്‍, ഭീമന്‍ രഘു, അലിയാര്‍, പിന്നെ ഒരു ഡബ്ബിംഗ് (female) ആര്‍ട്ടിസ്റ്റും ഉണ്ടായിരുന്നു അവിടെ. മമ്മുക്കയെ ഒന്ന് പരിചയപ്പെടണം എന്ന് ഒരു വലിയ ആഗ്രഹം. ആ സമയത്ത് മമ്മുക്ക ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു താരമായി മാറിക്കഴിഞ്ഞിരുന്നു. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ പ്രസാദിലും, AVM ലും ഒരു സന്ദര്‍ശനം നടത്താറുണ്ട്. പ്രസാദില്‍ ആനന്ദ്‌ എന്ന സൌണ്ട് എഞ്ചിനീയറും, എ.വി.എം.ല്‍ ശങ്കുണ്ണി ചേട്ടനെയും പതിവായ്‌ കാണും. അങ്ങനെ ഒരു ദിവസം പോയപ്പോഴാണ് "മൃഗയ" യുടെ ഡബ്ബിംഗ് നടക്കുന്ന വിവരം മനസ്സിലായത്‌. മമ്മുക്കയെ ഒന്ന് കണ്ട് പരിചയപ്പെടണം എന്ന് തീരുമാനിച്ചു. സത്യത്തില്‍ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പരിചയപ്പെടാന്‍ പോയാല്‍ മമ്മുക്ക മൂഡ്‌ ഓഫ് ആയി തിരിച്ചു പോയാല്‍ നിങ്ങള്‍ ഉത്തരം പറയേണ്ടി വരുമെന്ന് അവിടെ നിന്ന ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു. എനിക്ക് ശരിക്കും പേടിയായി. ഡബ്ബിംഗ് നടന്നാലും ഇല്ലെങ്കിലും ഞാന്‍ ഒരു തീരുമാനം എടുത്തു. സൂപ്പര്‍ സ്റ്റാറിനെ കണ്ടേ പറ്റൂ എന്ന് എന്നോട് തന്നെ പറഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കാതെ, ഒരു മൂലയില്‍ ഇരുന്ന് ഒരു സുമുഖനായ ചെറുപ്പക്കാരന്‍ വളരെ ആസ്വദിച്ച് ബീഡി വലിക്കുന്നു. മമ്മുക്കയെ ഞാന്‍ ദൂരെ നിന്ന് കണ്ട്. അല്പം ഭയന്നാണെങ്കിലും ഇടിച്ച് കയറി കൈ കൊടുത്തു ഹലോ പറഞ്ഞു. മമ്മുക്കയും ഹലോ പറഞ്ഞു. പിന്നെ രണ്ടു മിനിറ്റ്‌ ആര്‍ട്ട് ഫിലിം പോലെയായിരുന്നു. എന്റെ പേര് മമ്മുട്ടി ചോദിക്കുന്നത് വരെ ഞാന്‍ മിണ്ടാതിരുന്നു. പേടിച്ച് പോയത്‌ കൊണ്ട്. നിശ്ശബ്ദതയ്ക്ക് ശേഷം വീണ്ടും മമ്മുക്ക സംസാരിച്ചു. സ്നേഹത്തോടെ. ഒരു give and take വ്യവസ്ഥയില്‍. അസൂയാലുക്കള്‍ പലതും പറയും. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഈ ലോകത്ത്‌ കാഴ്ചക്കപ്പുറം വിധിയെഴുതുന്ന സാധാരണ മനുഷ്യരെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുക്ക എന്ന വ്യക്തി അറിവിന്റെ ഭണ്ഡാരമാണ്. എന്നോട് നന്നായി വളരെ ഭംഗിയായി സംസാരിച്ചു. ഒരു സൂപ്പര്‍ താരത്തെ കണ്ട ആശ്വാസത്തോടെ അന്നത്തെ ഡബ്ബിംഗ് മുഴുവന്‍ കണ്ടതിന് ശേഷം ഞാന്‍ തിരിച്ച് പോയി. A respectable personality. ആ കലാകാരനെ കുറിച്ച് വല്ലാത്ത മതിപ്പ്‌ തോന്നി. ഇന്നും മമ്മുക്കയെ ഒരു നോക്ക് ദൂരെ നിന്നാണെങ്കിലും കാണാന്‍ കൊതിക്കാറുണ്ട്. ഭൂമിയില്‍ നില്‍ക്കുന്നവന് ആകാശത്തിലെ നക്ഷത്രങ്ങളോട് തോന്നാറുള്ള കൌതുകം. എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍ മമ്മുക്ക ഇനിയും പരന്നുയരട്ടെ. മംമുക്കയ്ക്ക് തലക്കനമാണ്, അഹങ്കാരമാണ് എന്ന് പറയുന്നവരോട് ഒരു വാക്ക്‌. സാധാരണ മലയാളിയുടെ നൂറിലൊരംശം ജാഡ മമ്മുട്ടിക്കില്ല എന്ന് മാത്രമല്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അത്തരം അഹങ്കാരികളുടെ പരുഷ വാക്കുകള്‍ തടയുവാനുള്ള ഒരു പരിചയായി അതിനെ എടുത്താല്‍ മതി. മലയാളി പൊതുവേ ego കൊണ്ട് നടക്കുന്നവരാണ്. "ദി കിംഗ്‌" എന്ന ചിത്രത്തിലെ ജില്ലാ കലക്ടര്‍ ജോസഫിനെ കാണുമ്പോള്‍ നമുക്ക്‌ ജാഡ തോന്നുന്നുവെങ്കില്‍ മനസ്സിലാകും, ഓരോ മലയാളിയും ഒരു പരിധി വരെ ഈഗോയുടെ കൂടാരം ആണെന്ന്.
ദി കിംഗ്‌
ഒരു ഐ.എ.എസ്. കാരന്റെ നടപ്പും, സംസാരവും, ശരീര ഭാഷയും പ്രത്യേകിച്ച് ഒരു aggressive ആയ കലക്ടറുടെ എല്ലാ ജാടയും മമ്മുക്ക നന്നായി വരച്ചു കാട്ടി ആ ചിത്രത്തിലൂടെ. ആ കലക്ടര്‍ മലയാളിയുടെ മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞു പോകില്ല. അങ്ങനെ എത്രയെത്ര അനശ്വര കഥാപാത്രങ്ങള്‍. മമ്മുക്ക എവിടെയും അനാവശ്യമായി സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു പാട് വായിക്കുന്ന വ്യക്തിയും, എല്ലാം സുസൂക്ഷ്മം വീക്ഷിക്കുന്ന വ്യക്തിയുമാണ്. നിരീക്ഷണങ്ങളിലൂടെയാണ് ഒരു നടന്റെ വളര്‍ച്ച എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ഒരു നടനാണ് മമ്മുട്ടി. മമ്മുട്ടി ഒന്ന് ചിരിച്ചാല്‍, ഒന്ന് സംസാരിച്ചാല്‍ അതില്‍ കൃത്രിമത്വം ഉണ്ടാവില്ല. അത നേരിട്ട് പരിചയം ഉള്ളവര്‍ക്ക്‌ നിസ്സംശയം പറയുവാന്‍ സാധിക്കും. എം.ടി. എന്ന മഹാനായ എഴുത്തുകാരന്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. വളരെ serious ആണെന്ന് തോന്നും. എന്നാല്‍ എം.ടി. യെ പോലെ മനുഷ്യനെ സ്നേഹിക്കുന്ന അഥവാ സഹജീവികളോട് ഇത്രയും സ്നേഹമുള്ള വ്യക്തി ആരുണ്ട്‌? വാസ്തവത്തില്‍ എം.ടി. നമുക്ക്‌ സമ്മാനിച്ച ഒരു പ്രതിഭയാണ് മമ്മുട്ടി എന്ന നടന്‍. "അക്ഷരങ്ങ" ളിലെയും, "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തിലെയും ശക്തമായ കഥാപാത്രങ്ങള്‍ മമ്മുട്ടി എന്ന നടന്റെ യശസ്സ് വാനോളം ഉയര്‍ത്തിയിട്ടുണ്ട്. എഴുതി തുടങ്ങിയപ്പോഴും, ഉയരങ്ങളില്‍ എത്തിയപ്പോഴും ജീവിതം എവിടെയോ കൈവിട്ട് പോയി, എവിടെ നിന്നൊക്കെയോ ഒരു കടിഞ്ഞാണ്‍ തന്നെ വലിച്ച് മുറുക്കി, തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന ഒരു തരാം complex തോന്നി തുടങ്ങിയപ്പോള്‍ തന്നെ ചിന്നഭിന്നമായ കുടുംബ ജീവിതം. ഒരു എഴുത്തുകാരന്റെ പച്ചയായ ജീവിതം വളരെ ഭംഗിയായി മമ്മുട്ടി കൈകാര്യം ചെയ്തു "അക്ഷരങ്ങളില്‍".
അക്ഷരങ്ങള്‍
ഭാര്യയെ ഉപേക്ഷിച്ച് സമാധാനത്തിന്റെ മേച്ചില്‍പ്പുറം തേടി ഒരിടം കണ്ടെത്തുകയും വീണ്ടും പഴയ ഫോമില്‍ തന്നെ നായകനെ ഭാര്യയുടെ കയ്യില്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ കാമുകി പറയുന്ന ആ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ മറന്നില്ലെങ്കില്‍ ശക്തമായ എം.ടി. ചിത്രത്തിന്റെ ആവിഷ്കാര മേന്മ ഒന്ന് കൊണ്ട് മാത്രമാണ്. "കുപ്പയില്‍ നിന്ന് ഞാന്‍ എടുത്തത്‌ മാണിക്യം അല്ലെന്ന്" കുറിക്ക് കൊള്ളുന്ന ഇത്തരം സംഭാഷണം ആണ് എം.ടി. യുടെ ഒരു സവിശേഷത. അത് പോലെ സ്വന്തം അച്ഛന്റെ മരണവും കാത്ത് ബന്ധു മിത്രാദികള്‍ ഒത്തു കൂടിയപ്പോള്‍ നായകന്‍ ചേച്ചിയോട് പറയുന്ന ഒരു രംഗം ഓര്‍മ്മ വരുന്നു - "എക്സിക്യൂട്ടിവ് കസേരയില്‍ ഇരിക്കുമ്പോഴും ഞാന്‍ മാധവന്‍ നായരുടെ മകനാണെന്ന് ഓര്‍ക്കാറുണ്ട്" എന്ന്.
ആള്‍ക്കൂട്ടത്തില്‍ തനിയെ
"ആള്‍ക്കൂട്ടത്തില്‍ തനിയെ" മമ്മുട്ടിയുടെ ഒരു അനശ്വര കഥാപാത്രമായിരുന്നു. ജീവിത മൂല്യങ്ങളും, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കൂട്ടുകുടുംബത്തിന്റെ അനുഭൂതി തരുന്ന നിമിഷങ്ങളും ആണ് കുടുംബങ്ങളിലെ പിരിമുറുക്കവും എം.ടി. "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തില്‍ നന്നായി പ്രതിപാദിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ ഐ.വി. ശശിയുടെ കൈകളില്‍ ഈ ചിത്രം ഭദ്രമായിരുന്നു. ശശിയുടെ നല്ല ചിത്രങ്ങളായിരുന്നു "അക്ഷരങ്ങളും", "ആള്‍ക്കൂട്ടത്തില്‍ തനിയെ"യും, അടിയൊഴുക്കുകളും", "അനുബന്ധവും". അടിയോഴുക്കുകളിലെ കരുണന്‍, പരുക്കനായ മനുഷ്യനുള്ളിലെ ഹിമാകണം പോലുരുകുന്ന മനസ്സിനുടമ.
അടിയൊഴുക്കുകള്‍
"മറക്കില്ല മാഷേ" എന്ന ഡയലോഗ് ഓരോ പ്രേക്ഷകനും മമ്മുക്കയോട് ഇന്നും മനസ്സുകളില്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് ഭംഗിയായി കരുണനെ അവതരിപ്പിച്ചു മമ്മുട്ടി.
യവനിക
യവനികയിലെ പോലീസ്‌ ഓഫീസറായി ചിത്രത്തില്‍ ഉടനീളം നടത്തുന്ന probing അതി മനോഹരമായി ചെയ്തു. കെ. ജി. ജോര്‍ജ്ജിന്റെ യവനികയുടെ പ്രധാനപ്പെട്ട ഹൈലൈറ്റ്‌ മമ്മുട്ടിയുടെ പോലീസ്‌ ഓഫീസറും ഗോപിയുടെ അയ്യപ്പനുമായിരുന്നു (തബലിസ്റ്റ്).
സി.ബി.ഐ. ഡയറിക്കുറിപ്പ്
സി.ബി.ഐ. ഡയറി ക്കുറിപ്പിലെ സി.ബി.ഐ. ഓഫീസര്‍ സ്വാമി അതി ഗംഭീരമായി മമ്മുട്ടി ചെയ്തു. എനിക്ക് വ്യക്തി പരമായി അറിയുന്ന ഒത്തിരി സി.ബി.ഐ. ഓഫീസേഴ്സിന്റെ മാനറിസം മമ്മുട്ടി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ജനത്തിന് സി.ബി.ഐ. യും ഡമ്മിയും ഒരു പരിധി വരെ മനസ്സിലാക്കി തന്ന ചിത്രമായിരുന്നു സി.ബി.ഐ. യും അതിനു ശേഷം റിലീസ്‌ ചെയ്ത "ജാഗ്രത" എന്ന ചിത്രവും. ആവര്‍ത്തന വിരസത മലയാളിക്ക്‌ സഹിക്കാന്‍ പറ്റാത്തത് കൊണ്ട് മൂന്നാം ഭാഗം അത്ര വിജയിച്ചില്ല.
അതിരാത്രം
കണ്ണൂരും പരിസരത്തും ചിത്രീകരണം ചെയ്ത, ഐ.വി. ശശി സംവിധാനം ചെയ്ത "അതിരാത്രം" ആയിരുന്നു മറ്റൊരു അനശ്വര ചിത്രം. ഒരു ആക്ഷന്‍ ചിത്രം ഇത്രയും ഭംഗിയായി (ഏതു ചിത്രമായാലും ശശിയുടെ ഒരു ക്രാഫ്റ്റ്‌) സംവിധാനം ചെയ്യാന്‍ ശശിക്ക് മാത്രമേ സാധിക്കൂ. ഈ ചിത്രം ഹോളിവുഡില്‍ ആയിരുന്നെങ്കില്‍ ശശിയും താരാദാസും സംസാര വിഷയമായേനെ. ജെയിംസ് ബോണ്ട്‌ ചിത്രങ്ങളിലെ നായകന്മാരെ പോല്‍ , റോജര്‍ മൂര്‍ സ്റ്റൈല്‍ ആയിരുന്നു മമ്മുട്ടിയുടെ താരാദാസ്. ക്യാപ്ടന്‍ രാജുവിനോട് "I am not just Das, I am Thara Das" എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരിക്കല്‍ പോലും കൊച്ചിക്കാരനായ മമ്മുട്ടി കടന്നു വരില്ല എന്ന് തീര്‍ച്ച.
കൂടെവിടെ
ഒരു അമ്മയുടെ സ്നേഹം നല്‍കി, ഒരു അദ്ധ്യാപികയുടെ ഉപദേശം നല്‍കി ഒരു കുട്ടിയെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ ഒരു അദ്ധ്യാപിക നടത്തുന്ന പരിശ്രമമായിരുന്നു ഒടുവില്‍ highly possessive ആയ നായകന്‍ കൊടും ക്രൂരതയില്‍ ചെന്നവസാനിക്കുന്നതായിരുന്നു കൂടെവിടെ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കാഞ്ഞിരപ്പള്ളിക്കാരന്‍ കൃസ്ത്യാനിയുടെ വേഷത്തില്‍ മമ്മുട്ടി നന്നായി അഭിനയിച്ചു.
കാണാമറയത്ത്
സന്ധ്യക്ക് വിരിഞ്ഞ പൂവിലെ വക്കീല്‍, യാത്ര, നിറക്കൂട്ട്‌ എന്നാ ചിത്രങ്ങളിലെ കുറ്റവാളി, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നാ ചിത്രത്തിലെ പ്രതികാര ദാഹിയായ നായകന്‍, അയ്യര്‍ ദ ഗ്രെയിറ്റ്‌, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍, കാണാമറയത്തിലെ സ്പോണ്സര്‍, മനസ്സിന്റെ സമനില തെറ്റിയ തനിയാവര്‍ത്തനത്തിലെ മാഷ്‌, അങ്ങനെ എല്ലാ കഥാപാത്രങ്ങളെയും മമ്മുട്ടി അനശ്വരനാക്കി. രാഷ്ട്രീയവും ജീവിതവും കൂട്ടിക്കുഴച്ച്, ജീവിതവും കുടുംബ ജീവിതവും താറുമാറാക്കി, ഒടുവില്‍ എല്ലാറ്റിലും വലുത് സമാധാനവും കുടുംബവുമാണെന്ന് മനസ്സിലാക്കിയ നായകന്‍റെ വേഷം - നയം വ്യക്തമാക്കുന്നു എന്ന ചിത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.
നയം വ്യക്തമാക്കുന്നു
രമേശന്‍ നായരും, വാവയും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. മമ്മുട്ടിയും ശാന്തി കൃഷ്ണയും കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉടനീളം ജീവിക്കുകയായിരുന്നു. ടെലഫോണ്‍ ബില്‍ അടക്കാന്‍ കൈയ്യിലെ വളയൂരി ഭര്‍ത്താവിന് കൊടുക്കുന്ന നിസ്സഹായയായ ഭാര്യ. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ഒരു രാഷ്ട്രീയക്കാരന്റെ വേഷം മമ്മുട്ടിക്ക് നന്നായി ചേരും എന്ന ഈ ചിത്രം തെളിയിച്ചു. ന്യൂഡല്‍ഹിയും വാര്‍ത്തയും മമ്മുട്ടിയുടെ ചലച്ചിത്ര ജീവിതത്തിലെ രണ്ടു നല്ല ചിത്രങ്ങളായിരുന്നു. ന്യൂഡല്‍ഹി ഒരര്‍ത്ഥത്തില്‍ മമ്മുക്കയുടെ ഒരു turning point തന്നെയായിരുന്നു എന്ന് പറയാം. ലോക സിനിമയില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമകളില്‍ ചിലപ്പോള്‍ മമ്മുട്ടി അഭിനയിച്ച ചിത്രങ്ങളായിരിക്കും. വയസ്സ് മുഖത്ത് തീരെ അറിയിക്കാതെ ഇന്നും ചലച്ചിത്ര രംഗത്ത്‌ തിളങ്ങുന്ന താരം മമ്മുട്ടി തന്നെ. നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്‌ സ്വന്തം ഇമേജിന് കോട്ടം തട്ടുന്ന ചിത്രങ്ങള്‍ എത്ര തന്നെ സാമ്പത്തിക നേട്ടം ഉണ്ടായാലും മമ്മുട്ടിയെ പോലെയുള്ള നടന്‍ കൂടുതല്‍ സെലക്ടീവ് ആവുന്നത് കൂടുതല്‍ ഗുണം ചെയ്യുക മമ്മുട്ടിയുടെ ആരാധകര്‍ക്കും ചലച്ചിത്ര മേഖലക്കും ആയിരിക്കും. മമ്മുട്ടിയുടെ ഒരു വിഭാഗം പ്രേക്ഷകരെ അടുത്തയിടെ നിരാശപ്പെടുത്തുന്നതായി തോന്നുന്നു. മമ്മുട്ടിക്ക് പറ്റിയ ചിത്രങ്ങളില്‍ പെടില്ല പട്ടണത്തില്‍ ഭൂതം പോലുള്ള ചിത്രം. എന്നാല്‍ അതേസമയം രാജമാണിക്യം എന്ന ചിത്രം എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തി എന്ന് പറയാതിരിക്കാന്‍ വയ്യ. ഒരു clean entertainer ആയിരുന്നു. പഴയ പ്രേം നസീര്‍ ഭാസി ചിത്രങ്ങള്‍ അനുസ്മരിപ്പിച്ച് കൊണ്ടാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇനിയുള്ള നാളുകള്‍ മമ്മുട്ടിയുടെ നല്ല ചിത്രങ്ങള്‍ വീണ്ടും ഉണ്ടാകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. മമ്മുട്ടിയുടെ സംഭാവനകള്‍ വീണ്ടും അയവിറക്കാന്‍ ഇനിയുള്ള ചിത്രങ്ങളും ഉപകരിക്കട്ടെ എന്ന് നമുക്ക്‌ പ്രത്യാശിക്കാം. മമ്മുട്ടിക്ക് പകരം മമ്മുട്ടി മാത്രം. ഇനിയുള്ള എല്ലാ മമ്മുട്ടി ചിത്രങ്ങള്‍ക്കും മംഗളങ്ങള്‍ നേരട്ടെ.
mammootty-yugapurushan യുഗപുരുഷന്‍
സിനിമയെയും, നാടകത്തെയും, ലോക സിനിമയിലെ പരിവര്‍ത്തനങ്ങളെ കുറിച്ചും സസൂക്ഷ്മം വിശകലനം ചെയ്യുന്ന, വാതോരാതെ സംസാരിക്കുന്ന മമ്മുക്ക ലോക സിനിമയിലും മലയാളത്തിന്റെ സാന്നിദ്ധ്യം അറിയിക്കട്ടെ. അടുക്കി വെച്ച പെട്ടികള്‍ക്ക് നടുവിലിരുന്നു മദ്രാസ്‌ മെയിലിന്റെ സെക്കന്‍ഡ്‌ ക്ലാസ്സില്‍ യാത്ര ചെയ്ത് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച മമ്മുട്ടിക്ക് ദൈവം ഇന്ന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കുന്നു. "എവിടെ നീ താഴ്ത്തപ്പെടുന്നുവോ അവിടെ നീ ഉയര്‍ത്തപ്പെടും" എന്നാ ബൈബിള്‍ വചനം ഓര്‍മ്മ വരുന്നു. സ്വന്തമായി ഇഷ്ടം പോലെ യാത്ര ചെയ്യാന്‍ ഒരു മദ്രാസ്‌ മെയില്‍ തന്നെ No. 20 മദ്രാസ്‌ മെയിലില്‍ കിട്ടി. ഇത് ഒരു നിമിത്തമാണ്. യാത്രച്ചിലവ് പോലുമില്ലാതെ ഈ യാത്ര ഇനിയും തുടരട്ടെ, പുതിയ അഭിനയ സാദ്ധ്യതയും, കഥാപാത്രങ്ങളും തേടി. - ജോയ്‌ സി., ഷാര്‍ജ

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home