മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ല: രഞ്ജിത്
PRO
“മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ല. വണ്‍ ടു വണ്‍ കമ്യൂണിക്കേഷന്‍ സാധിക്കുന്നത് മമ്മൂട്ടിയുമായാണ്. മമ്മൂട്ടിയോടു സംസാരിക്കുമ്പോള്‍ മമ്മൂട്ടി മാത്രമേയുള്ളൂ. പ്രാഞ്ചിയേട്ടന്‍റെ കഥ ഒറ്റവരിയില്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചത് ‘നിനക്കിത് എപ്പോള്‍ തുടങ്ങണം?’ എന്നാണ്. എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് പറയുന്നു.
താന്‍ വമ്പന്‍ കൊമേഴ്സ്യല്‍ ചിത്രങ്ങളെടുക്കുന്ന സമയത്ത് വലിയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു എന്നും ഇപ്പോള്‍ ഒരു ഭാരവുമില്ലാതെയാണ് സിനിമ ചെയ്യുന്നതെന്നും രഞ്ജിത് പറയുന്നു. “രാവണപ്രഭു എന്ന സിനിമ ആലോചിക്കുമ്പോള്‍ ആന്‍റണി പെരുമ്പാവൂര്‍ എന്നോടു വളരെ സ്നേഹത്തില്‍ പറഞ്ഞു. ‘ഒരു നിര്‍മ്മാതാവ് പറയുന്നതായി ഒരിക്കലും ചേട്ടന്‍ കണക്കാക്കരുത്. ഞാന്‍ ലാല്‍ സാറിന്‍റെ ആരാധകനാണ്. ലാല്‍ സാര്‍ ഒരു പൊലീസ് ഓഫീസറെ വഴിയിലിട്ടു തല്ലുന്ന സീനുണ്ടെങ്കില്‍ നന്നായിരുന്നു.’ അതാണ് ലാലും സിദ്ദിഖും തമ്മിലുള്ള ആ ഏറ്റുമുട്ടല്‍ സീന്‍ എഴുതാന്‍ പ്രചോദനമായത്. സ്നേഹത്തിന്‍റെ രൂപത്തിലുള്ളതാണെങ്കില്‍ പോലും സമ്മര്‍ദ്ദങ്ങള്‍ കൂടുതലാണ് അത്തരം സിനിമകളില്‍” - രഞ്ജിത് വ്യക്തമാക്കി.
വലിയ കൊമേഴ്സ്യല്‍ സിനിമകളെടുക്കേണ്ട പ്രായവും സമയവും തനിക്കു കഴിഞ്ഞു എന്നാണ് രഞ്ജിത് പറയുന്നത്. “നമ്മള്‍ ഒരുമിച്ച് വീണ്ടുമൊരു സിനിമ എന്നാണുണ്ടാകുന്നതെന്ന് കഴിഞ്ഞ ദിവസം ഷാജി കൈലാസ് വിളിച്ചപ്പോള്‍ ചോദിച്ചു. നമ്മള്‍ മുമ്പുചെയ്ത സിനിമകളുടെ സ്വഭാവമില്ലാത്ത സിനിമ ചെയ്യാന്‍ ഷാജി എന്നാണ് തയ്യാറാവുന്നത് അന്നു ഞാന്‍ റെഡിയാണെന്ന് പറഞ്ഞു. ഷാജിയും അങ്ങനെയൊരു മാറ്റത്തിന് റെഡിയാണ്” - രഞ്ജിത് വെളിപ്പെടുത്തി.
Labels: Special News
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home