'പ്രാഞ്ചിയേട്ടന്‍' പതിവു ചേരുവകള്‍ ഒഴിവാക്കിയ മുഖ്യധാരാ സിനിമ- രഞ്ജിത്ത്
കോഴിക്കോട്: പതിവു ചേരുവകള്‍ ഒഴിവാക്കിയ മുഖ്യധാരാ സിനിമയാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റ്' എന്ന സിനിമയെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ലളിതമായ ഭാഷയില്‍ പ്രേക്ഷകരോട് സംവദിക്കാനുള്ള ശ്രമമാണ് സിനിമയിലൂടെ നടത്തിയിട്ടുള്ളത്. പൂര്‍വ മാതൃകകളില്ലാത്ത കാഴ്ചകള്‍ സമ്മാനിച്ചാല്‍ പ്രേക്ഷകര്‍ ചലച്ചിത്രത്തെ കൈവിടില്ലെന്നതാണ് 'പ്രാഞ്ചിയേട്ടന്റെ' വിജയം സൂചിപ്പിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയ്ക്ക് പുതുമയില്ലെന്ന പരാതി പ്രേക്ഷകര്‍ക്കുണ്ട്. അതുകൊണ്ടാണ് പരീക്ഷണം നടക്കുന്ന അന്യഭാഷാചിത്രങ്ങളെ മലയാളി പ്രേക്ഷകര്‍ പുകഴ്ത്തുന്നത്. ആവര്‍ത്തനം ഇല്ലാത്ത, പുതിയ സിനിമകള്‍ നല്‍കിയാല്‍ പ്രേക്ഷകര്‍ ചിത്രത്തെ തിരസ്‌കരിക്കില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
പ്രാഞ്ചിയേട്ടനെന്ന കഥാപാത്രത്തെ സമൂഹത്തില്‍ എല്ലായിടത്തും കാണാന്‍ കഴിയും. കഥാപാത്രത്തെ തൃശ്ശൂരുമായി ഉറപ്പിച്ചു നിര്‍ത്തുന്നതിനു കാരണമായത് തൃശ്ശൂര്‍ക്കാരുടെ ഫലിതബോധമാണ്. വളരെ ലളിതമായി വേദാന്തം പറയാന്‍ കഴിയുന്നവരാണ് തൃശ്ശൂരുകാര്‍. കാലിക വിഷയം ലളിതമായി പറയുന്നതിനാണ് തൃശ്ശൂര്‍ ഭാഷ ഉപയോഗിച്ചതെന്നും രഞ്ജിത്ത് പറയുന്നു.
നായകനായ മമ്മൂട്ടിയുടെ പിന്തുണ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. സിനിമയുടെ രണ്ടുവരിക്കഥ പറഞ്ഞപ്പോള്‍ മമ്മൂട്ടി കാണിച്ച ആവേശമാണ് 'പ്രാഞ്ചിയേട്ടന്റെ' പിറവിക്ക് കാരണമായത്. മമ്മൂട്ടിയെ സൂപ്പര്‍ താരമായി താന്‍ കാണുന്നില്ലെന്നും എന്നാല്‍ മമ്മൂട്ടി സൂപ്പര്‍ നടനാണെന്നും രഞ്ജിത്ത് പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമ വഴി ലഭിച്ച പിന്തുണയും അംഗീകാരവുമാണ് 'പ്രാഞ്ചിയേട്ടനെ' രൂപപ്പെടുത്താന്‍ സഹായിച്ചത്.
ചലച്ചിത്ര മേഖലയില്‍ വേറിട്ടു നടക്കുന്നതിനാല്‍ 'ഓഫറുകള്‍' ലഭിക്കുന്നില്ലെന്ന തന്റെ മുന്‍ അഭിപ്രായം തന്നെയാണ് ഇപ്പോഴുമെന്നും രഞ്ജിത്ത് പറഞ്ഞു. 'പ്രാഞ്ചിയേട്ടന്‍' സിനിമ കഴിഞ്ഞിട്ട് ഇതുവരെ മറ്റ് ഓഫറുകള്‍ ലഭിച്ചിട്ടില്ല. സമീപകാലത്തെ ചെലവുകുറഞ്ഞ ചിത്രമാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റ്' എന്ന് രഞ്ജിത്ത് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് ആര്‍. മധുശങ്കര്‍ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ടി.എ. റസാഖ് സിനിമയെപ്പറ്റി സംസാരിച്ചു. പ്രസ്‌ക്ലബിന്റെ ഉപഹാരം രഞ്ജിത്തിന് സമ്മാനിച്ചു...
Labels: Reviews
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home