Sunday, September 12, 2010

‘സി‌ബി‌ഐ ഭാഗം 5’-ന്റെ തിരക്കഥ റെഡി!


ആദ്യ ഭാഗമിറങ്ങി 22 വര്‍ഷം കഴിഞ്ഞിട്ടും ഒരു മലയാള ചലച്ചിത്രത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഉണ്ടാവുക എന്നത് ലോകസിനിമയില്‍ പോലും അപൂര്‍വമായ കാര്യമാണ്. മലയാളത്തിന്റെ കാര്യത്തിലോ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഗതിയും. എന്നിട്ടും നമ്മുടെ കൊച്ചുകേരളത്തിലിതാ ഒരു സൂപ്പര്‍‌ഹിറ്റ് ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരനാക്കിയ ‘സി‌ബി‌ഐ ഡയറിക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ അഞ്ചാം‌ഭാഗത്തിന്റെ തിരക്കഥ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണ് അറിയുന്നത്.സി‌ബി‌ഐയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ മമ്മൂട്ടി ഒരു ചരിത്രനേട്ടത്തിന് ഉടമയാകും. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു നടനും ഇതുവരെ ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. കമലാഹാസനോ അമിതാബച്ചനോ പോലും നേടിയെടുക്കാത്ത ഭാഗ്യമാണ് നമ്മുടെ കൊച്ചുകേരളത്തിന്റെ അഭിമാനതാരമായ മമ്മൂട്ടി നേടിയെടുക്കാന്‍ പോകുന്നത്. ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ട് ജഗദീഷും മുകേഷും സിദ്ദിഖും അശോകനുമെല്ലാം മമ്മുക്കയുടെ തൊട്ട് പിന്നാലെ തന്നെയുണ്ട്.മമ്മൂട്ടിയുടെ ഹിറ്റ്‌ കഥാപാത്രമായ സിബിഐ ഓഫീസര്‍ സേതുരാമയ്യരെ വച്ച്‌ കെ മധു-എസ്‌ എന്‍ സ്വാമി ടീം തുടര്‍ച്ചയായി നാല്‌ സിനിമകളാണ്‌ എടുത്തത്‌. എസ് എന്‍ സ്വാമി രചനയും കെ മധു സംവിധാനവും നിര്‍വ്വഹിച്ച് 1988-ല്‍ ഇറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന കുറ്റാന്വേഷണ ചിത്രത്തിന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സി ബി ഐ എന്നീ തുടര്‍ ഭാഗങ്ങള്‍ വന്നിരുന്നു. സി‌ബി‌ഐ ഡയറിക്കുറിപ്പും അടുത്ത രണ്ട് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ നാലാം‌ഭാഗമായ നേരറിയാന്‍ സിബിഐ എന്ന സിനിമ ശരാശരി ഹിറ്റ് മാത്രമായിരുന്നു.അടിപിടിയോ തീപ്പൊരി സംഭാഷങ്ങളോ സെന്റിമെന്റ്സോ പാട്ടുകളോ ഒന്നും ഇല്ലാത്ത സിനിമകളായിരുന്നു സി‌ബി‌ഐ ചിത്രങ്ങള്‍. എന്നിട്ടും ചിത്രങ്ങളെല്ലാം വിജയിച്ചു. വളരെ ശാന്തനായി കേസന്വേഷണത്തിനെത്തുന്ന സേതുരാമയ്യര്‍ സ്ത്രീ പ്രേക്ഷകരെയാണ് ആദ്യം കീഴടക്കിയത്. ഈ സിനിമയ്ക്ക് ഇതുവരെ നാല് ഭാ‍ഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പരമ്പര ചിത്രങ്ങളുടെ ആവര്‍ത്തനവിരസത പ്രേക്ഷകരെ ബാധിക്കുന്നില്ല എന്ന് പറയേണ്ടിവരും. എല്ലാ ചിത്രത്തിന്റെയും ക്ലൈമാക്സില്‍ ഒരു രഹസ്യം ഒളിപ്പിച്ചുവച്ചാണ് സേതുരാമയ്യര്‍ പ്രേക്ഷകരെ കയ്യിലെടുക്കുന്നത്.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home