Sunday, September 26, 2010

മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല

"മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല"ശരിയാ,ഹെന്‍്‌റി പറയുന്നതിലും കാര്യമുണ്ട്.30വര്‍ഷത്തിലേറെയായി 350ളം ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടിയുടെ സിനിമകള്‍ കണ്ടാല്‍ നമുക്കും മനസ്സിലാകും മമ്മൂട്ടിക്കു അഭിനയമറിയില്ലെന്നു.ഇതു പറയുന്നതു കൊണ്ട് പലര്‍ക്കും എന്നോട് ദേശ്യം തോന്നാം.പേരില്‍ തന്നെ അനേക വിശേഷണമുള്ള പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിക്കു അഭിനയിക്കാനറിയാതെയാണൊ 3 ദേശീയ അവാര്‍ഡും 8 സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചത്.ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെ നിങ്ങളെന്നോട് ചോദിച്ചേക്കാം ,അതൊന്നുമെനിക്കറിയില്ല അതൊക്കെ ദേശീയ അവാര്‍ഡ് ജൂറികളോട് ചെന്നു ചോദിക്കണം അഭിനയം കണ്ടിട്ടു മാത്രമല്ലല്ലോ അവരൊന്നും അവാര്‍ഡ് നല്കുന്നത്.പക്ഷെ സത്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ അത്രമാത്രം മമ്മൂട്ടിയെ പുകഴ്ത്തികൊണ്ടിരിക്കുകയല്ലെ ഇന്നു സിനിമാ സംവിധായകരും നിര്‍മാതാക്കളുമെല്ലാം.എന്റെ ഈ അഭിപ്രായം കൂടി കേട്ടാല്‍ മമ്മൂട്ടി എങ്ങനെയാണാവോ പ്രതികരിക്കുക എന്നെനിക്കറിയില്ല.എന്നാലും അദ്ധേഹത്തിനു സത്യം പറഞ്ഞാല്‍ മനസ്സിലാകും എന്നാണെന്റെ വിശ്വാസം .കാരണം അദ്ധേഹം ഒരു മാന്യനാണ്.ഇല്ലെങ്കില്‍ എന്നു പണി കിട്ടിയേനെ വിനയനും ഹെന്‍്‌റിക്കുമൊക്കെ അദ്ധേഹത്തിന്റെ ഒരു മൂളല്‍ മതി ലോകമെമ്പാടുമുള്ള ഫാന്‍സൊന്നിളകാന്‍ .അദ്ധേഹം ഇതു പോലെയുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായല്ലോ അതു കൊണ്ട് എന്റെ വിമര്‍ശനവും അത്തരത്തിലേ എടുക്കൂ എന്നു ഞാന്‍ കരുതുന്നു.വിഡ്ഡികളോടുള്ള മറുപടി മൌനമാണല്ലോ ഉചിതം അതു കൊണ്ടായിരിക്കാന്‍ മമ്മൂട്ടി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാത്തത്.ചാഞ്ഞു കിടക്കുന്ന മരത്തിലാര്‍ക്കും കേറാമല്ലോ എന്നും നീയുമൊരു വിഡ്ഡിയാണു എന്നൊക്കെ നിങ്ങള്‍ കരുതിയേക്കാം എന്നാലും എനിക്കു തോന്നുന്നതു ഞാന്‍ പറയും.

അഭിനയത്തെ വിലയിരുത്തണമെങ്കില്‍ ആദ്യം അഭിനയമെന്തെന്നറിയണം,എന്തിലഭിനയിക്കുന്നു എന്നറിയണം,സിനിമയെന്തെന്നറിയണം.ജീവിതകഥകളുടെ അല്ലെങ്കില്‍ ജീവിതയാഥാര്‍ത്യങ്ങളുടെ അനുകരണമാണു സിനിമ.ഒരു കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥപാത്രത്തിനു അഭിനേതാവിന്റെ മാനറിസങ്ങള്‍ നല്കാം എന്നാല്‍ ഒരു ചരിത്രം സിനിമയാക്കുമ്പോള്‍ അതിലെ ചരിത്രപുരുഷന്റെ മാനറിസങ്ങള്‍ അഭിനേതാവ് അവതരിപ്പിക്കേണ്ടി വരും .ആ ചരിത്രപുരുഷനോ കഥാപാത്രമോ ഒക്കെ ആയി അഭിനയിക്കേണ്ടി വരുമ്പോള്‍ ഒരു നടനല്ല സിനിമയില്‍ പ്രതിനിധാനം ചെയ്യേണ്ടതു. ശരീരം കൊണ്ടും മനസ്സു കൊണ്ടും വാചകം കൊണ്ടും വേഷം കൊണ്ടും ഒരു നടന്‍ സിനിമയിലെ കഥാപാത്രമോ ചരിത്രപുരുഷനോ ഒക്കെ ആയി മാറുന്നിടത്താണു ഒരു നടന്റെ വിജയം.എന്നാല്‍ അതു ഇന്ന നടനിന്നയാളെ അവതരിപ്പിക്കുന്നുവെന്നു പ്രേക്ഷകര്‍ക്കു തോന്നാത്തവിധം അവതരിപ്പിക്കാന്‍ സധിക്കണം.അങ്ങനെയല്ല അഭിനയമെങ്കില്‍ അതു വെറും അനുകരണമെന്നേ പറയാനാകൂ.അനുകരണമാണു അഭിനയമെങ്കില്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ ഏറ്റവും നല്ല അഭിനേതാക്കള്‍ കൊചിന്‍ കലാഭവനടങ്ങുന്ന ട്ട്രൂപ്പിലെ മിമിക്രികാരാണെന്നു പറയേണ്ടിവരും.ഇവിടെയാണു ഹെന്‍്‌റിയടങ്ങുന്ന വിമര്‍ശകര്‍ പറയുന്ന മമ്മൂട്ടിക്കു അഭിനയമറിയില്ല എന്ന വസ്തുത നമുക്കു മനസ്സിലാകുന്നത്.കാരണം മമ്മൂട്ടിക്കു ലഭിച്ച കഥപാത്രങ്ങളില്‍ എവിടെയാണു മമ്മൂട്ടി അഭിനയിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുക.

മമ്മൂട്ടി ജീവിക്കുകയല്ലെ 30 വര്‍ഷങ്ങളായി മലയാള സിനിമക്കകത്തും പുറത്തും.വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ അത്മകഥ സിനിമയാക്കി അതില്‍ മുഹമ്മദ് ബഷീറായി ജീവിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ
പോലും പ്രശംസ പിടിച്ചുപറ്റിയ നടനാണു മമ്മൂട്ടി.പിന്നെ എത്രയെത്ര ചരിത്രങ്ങളിലെയും കഥകളിലെയും മനുഷ്യര്‍ക്കും കഥാപാത്രങ്ങള്‍ക്കും മമ്മൂട്ടി ജീവന്‍ നല്കി.ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോക്ടര്‍ അംബേദ്കറെ അവിസ്മരണീയമാക്കി ഗുജറാത്തികളെ കൊണ്ട് ഞങ്ങളുടെ മകനെന്നു വിളിപ്പിച്ചില്ലെ,വടക്കന്‍പാട്ടുകളില്‍ ചതിയന്റെ മുദ്രകുത്തപ്പെട്ടുപോയ ചന്തു ചതിയനല്ലെന്നു നമുക്കു തെളിയിച്ചു തന്നില്ലെ.കുടുമ്പത്തിനും കൂടപ്പിറപ്പുകള്‍ക്കും വേണ്ടി ജീവിച്ചു അവസാനം സ്വന്തമായൊന്നുമില്ലാതെ വീട്ടുപടിയിറങ്ങേണ്ടിവന്ന രാഘവന്‍ നായരെന്ന കാരണവരായി നമ്മെ നൊമ്പരപ്പെടുത്തിയില്ലെ,പാരമ്പര്യത്തിന്റെ പേരില്‍ ഭ്രാന്തനല്ലാതിരുന്നിട്ടും ഭ്രാന്തനാവേണ്ടി വരികയും അമ്മയുടെ കയ്യില്‍ നിന്നു വിഷം കുഴച്ചചോറുരുള വാങ്ങിതിന്ന ബാലന്‍മാഷ് നമ്മെ കന്നീരണിയിച്ചില്ലെ.സങ്കടം സഹിക്കവയ്യാതെ സങ്കടത്തിന്‍ ആശ്വാസം ലഭിക്കാന്‍ കടലിലേക്കു വള്ളം തുഴഞ്ഞുപോയ അച്ചൂട്ടിയെന്ന അരയനെ നാം കാത്തിരുന്നില്ലെ,കേരളസിംഹം പഴശിരാജാ ഭീരുവായി ആത്മഹത്യ ചെയ്തതല്ല ധീരനായി പൊരുതി മരിച്ചതാണെന്നു നമുക്കു ചരിത്രം തിരുത്തി തന്നില്ലെ,സ്ത്രീലമ്പടന്മാരായ അഹമദാജിയെയും ഭാസ്കരപട്ടേലരേയും നാമേറെ വെറുക്കുമ്പോഴും മമ്മൂട്ടിയെ സ്നേഹിക്കുക തന്നെയല്ലെ.അഹങ്കാരിയെന്നും താന്തോന്നിയെന്നും മമ്മൂട്ടിയെ വിളിക്കുമ്പോഴും മമ്മൂട്ടി മലയാളിയുടെ സ്വകാര്യമായ അഹങ്കാരം തന്നെയല്ലെ?കുട്ടിസ്രാങ്കു കാണുക പോലും ചെയ്യാതെ കുട്ടിസ്രാങ്കെങ്ങിനെ മരിക്കുന്നു എന്നറിയാന്‍ നമുക്കിപ്പോഴും ആകാംഷയില്ലെ,ശരിയാണു മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല അദ്ധേഹം ജീവിക്കുകയല്ലെ പല പല കഥാപാത്രങ്ങളായും ചരിത്രപുരുഷന്മാരായും.ഇതു പോലെ എത്രയെത്ര സിനിമകളിലെ കഥാപാത്രങ്ങള്‍.

മമ്മൂട്ടിയേക്കാള്‍ കീര്‍ത്തിയില്ലെ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍ക്ക്.കേരളത്തില്‍ ഒരു അക്രമം നടന്നു തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ മലയാളി ഏറ്റുപിടിക്കുന്ന ഒരു മുദ്രാവാക്യമുണ്ട് "കേസ് സി.ബി.ഐ അന്വേക്ഷിക്കുക'എന്നു കേരളക്കരയെയും സി.ബി.ഐയെയും ഇത്ര വിശ്വാസം വരുത്തിയ ചിത്രം ഒരു സി.ബി.ഐ ഡയറിക്കുറിപ്പല്ലെ?ദി കിംഗിലൂടെ കലക്ടറായി വന്നു ഒരു കലക്ടറുടെ ബാധ്യതകളെന്തെന്നു നമ്മുക്കു പരിജയപ്പെടുത്തി തന്നതു മമ്മൂട്ടിയല്ലെ?മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ലെന്നു പറയുന്ന ഹെന്‍്‌റിയുടെ യവനിക കേരളത്തിലെ പൊലീസ് ട്രെയിനിംഗ് സെന്ററില്‍ പോലും പ്രദര്‍ശിപ്പിക്കാറുണ്ടെന്നു ഒരു ഡി.ജീ.പ്പി മുമ്പൊരിക്കല്‍ പറയുകയുണ്ടായി. അംബേദ്കറും ബഷീറും അഹമദാജിയും ദാദാസാഹിബും ഭാസ്കരപട്ടേലരും മാടയും ചന്തുവും ബാലന്‍മാഷും രാഘവന്‍നായരും സേതുരാമയ്യരും ഡാനിയും പഴശിരാജയും രാജമാണിക്യവും കുട്ടിസ്രാങ്കും തുടങ്ങി നീളുന്ന ചരിത്രപുരുഷന്മാരെയും കഥപാത്രങ്ങളെയും ഇന്നും എന്നും നമ്മുടെ മനസ്സില്‍ നില്ക്കത്തക്കരീതിയില്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും വസ്ത്രധാരണ കൊണ്ടും ഭാഷ കൊണ്ടും ശൈലി കൊണ്ടും ആംഗ്യം കൊണ്ടും എന്തിനു മുടിനാരിഴകള്‍ കൊണ്ടു പോലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തിരശീലയില്‍ ജീവനുള്ളതും അവിസ്മരണീയമാക്കുന്നതുമായ മമ്മൂട്ടി എങ്ങനെയാണ്‍ അഭിനയിക്കുകയാണെന്നു പറയുക.അദ്ധേഹം ജീവിക്കുകയല്ലെ ചെയ്യുന്നത്.വാണിജ്യ സിനിമയിലും കലാമൂല്യസിനിമകളിലും ഒരേ ജീവിക്കുകയാണദ്ധേഹം.രാജമാണിക്യവും പ്രാന്‍ചിയേട്ടനും വരേയുള്ള സിനിമക്കു പോലും അദ്ധേഹം പോത്തുവ്യാപാരിയായും ത്രിശൂര്‍ക്കാരനായും ജീവിക്കുകയാണ്.അതു കൊണ്ട് മമ്മൂട്ടിക്കു അഭിനയിക്കാനറിയും എന്നു പറയുന്നതിനോട് എനിക്കും യോജിപ്പില്ല.അദ്ധേഹം ജീവിക്കുകയല്ലെ മലയാള സിനിമയിലൂടെ അകത്തും പുറത്തും ഉടനീളം.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home