Saturday, December 18, 2010

മമ്മൂട്ടി അധോലോകത്തില്‍, ഒപ്പം പാര്‍ത്ഥിപന്‍,mammootty and parthibhan joins in ashiq abhu's film Ganster



മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നു. ‘ദി ഗാംഗ്‌സ്റ്റര്‍’ എന്ന് പെരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബുവാണ്. നവാഗതരായ തിരക്കഥാകൃത്തുക്കള്‍ രചിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കും.



ആഷിക് അബുവിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഗാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ മമ്മൂട്ടി നായകനായ ചിത്രമായിരുന്നു. ആ സിനിമയ്ക്ക് പരാജയമാണ് ബോക്സോഫീസില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ആഷിക് കഥയുമായി എത്തി, മമ്മൂട്ടിക്ക് ഇഷ്ടമാകുകയും ചെയ്തു.



ഇത്തവണ ഒരു സ്റ്റൈലിഷ് അണ്ടര്‍വേള്‍ഡ് ഫിലിം ഒരുക്കാന്‍ തന്നെയാണ് ആഷിക് അബുവിന്‍റെ തീരുമാനം. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ആണ് പാര്‍ത്ഥിപന്‍ അഭിനയിച്ച ആദ്യ മലയാളചിത്രം. ഇപ്പോള്‍ മേല്‍‌വിലാസം എന്ന ചിത്രത്തില്‍ സുരേഷ്ഗോപിക്കൊപ്പം അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഗാംഗ്സ്റ്ററിലെ മറ്റൊരു പ്രധാന താരം രോഹിണി ഹട്ടങ്കടിയാണ്. അഗ്നിദേവന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അവര്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.



അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയ ചിത്രങ്ങള്‍. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും. സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന ചിത്രത്തിന്‍റെയും രചന നടക്കുകയാണ്. ആ സിനിമ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.



എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്ന് സാരം. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാംഗ്സ്റ്റര്‍ എന്ന പേരില്‍ വന്ന ഒരു ഹിന്ദിച്ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home