Monday, January 24, 2011

മമ്മൂട്ടിയെയും ലാലിനെയും വെല്ലാന്‍ ആരുമില്ല!



സിബി മലയിലിന് ഒരു ട്രാക്ക് മാറ്റത്തിന്‍റെ കാലമാണിത്. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്വാളിറ്റി സിനിമകളൊരുക്കാനുള്ള ശ്രമത്തിലാണ് സിബി. ‘അപൂര്‍വരാഗം’ മികച്ച വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ‘വയലിന്‍’ എന്ന യുവതാര ചിത്രം ഒരുക്കുകയാണിപ്പോള്‍ അദ്ദേഹം. എന്നാല്‍, സിബി മലയിലിന്‍റെ അഭിപ്രായത്തില്‍, മലയാള സിനിമയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെല്ലാന്‍ ആരുമില്ല!

ഇന്ന് ഒരു യുവതാരത്തെയും മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നാണ് സിബി പറയുന്നത്. “കഴിവുള്ള ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ ഇന്നുണ്ട്. എന്നാല്‍ അവരെയൊന്നും മമ്മൂട്ടിയുമായോ മോഹന്‍ലാലുമായോ താരതമ്യം ചെയ്യാന്‍ പോലുമാവില്ല. കഴിഞ്ഞ 30 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരിക്കുന്ന മമ്മൂട്ടിക്കോ ലാലിനോ പകരം വയ്ക്കാന്‍ മലയാള സിനിമയിലെ പുതുതലമുറ ആയിട്ടില്ല” - സിബി വ്യക്തമാക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി തനിയാവര്‍ത്തനം, വിചാരണ, മുദ്ര, ആഗസ്റ്റ് 1 തുടങ്ങിയ മികച്ച സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സിബി. കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ദശരഥം, സദയം, മായാമയൂരം തുടങ്ങി ഒട്ടേറെ സിനിമകള്‍ മോഹന്‍ലാലിനെ നായകനാക്കി സിബി ഒരുക്കിയിട്ടുണ്ട്. അത്രയും ശക്തമായ സിനിമകളൊരുക്കുവാന്‍ സിബിക്ക് കഴിഞ്ഞത് മമ്മൂട്ടിയുടെയും ലാലിന്‍റെയും പ്രതിഭാവിലാസം കൊണ്ടുകൂടിയാണ്.

“കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ രംഗത്തെത്തിയ ജയറാമോ, ദിലീപോ, പൃഥ്വിരാജോ ഒന്നും മമ്മൂട്ടിക്കോ മോഹന്‍ലാലിനോ പകരക്കാരല്ല. അങ്ങനെയൊരു നടന്‍ വന്നിട്ടില്ല. എന്നുകരുതി ജയറാമോ ദിലീപോ പൃഥ്വിരാജോ മോശം നടന്‍‌മാരാണെന്നല്ല പറയുന്നത്. ചരിത്രത്തിന്‍റെ ഭാഗമായി മാറിയ രണ്ട് പ്രതിഭകളാണ് മമ്മൂട്ടിയും ലാലും” - മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നു.

“മമ്മൂട്ടിക്കും ലാലിനും ലഭിച്ചതുപോലെ ശക്തമായ കഥാപാത്രങ്ങളോ നല്ല സംവിധായകരുടെ ചിത്രങ്ങളില്‍ വേണ്ടത്ര അവസരമോ ജയറാമിനും ദിലീപിനും പൃഥ്വിക്കും ലഭിച്ചിട്ടില്ല. അതിന്‍റെ കുറവ് അവരുടെ അഭിനയത്തിലുമുണ്ടാകും. അത് അവരുടെ കുറ്റമല്ല.” - സിബി മലയില്‍ വ്യക്തമാക്കുന്നു.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home