Sunday, March 6, 2011

കുരുന്നുകളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് ഒരു കോടി; അദ്യഗഡു മമ്മൂട്ടി ഏറ്റുവാങ്ങി Mammootty recieved the first step donation for hridayapoorvam


കോട്ടയം: നിരാലംബരായ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വാഗ്ദാനം ലഭിച്ച ഒരു കോടി രൂപയുടെ ആദ്യഗഡു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ രക്ഷാധികാരിയായ മമ്മൂട്ടി ഏറ്റുവാങ്ങി. അബുദാബി ഷെര്‍വുഡ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് ഫൗണ്ടേഷനിലേക്ക് ഒരു കോടിയുടെ സഹായ വാഗ്ദാനം ലഭിച്ചിരുന്നത്. ഇതില്‍ ഇരുപത് ലക്ഷം രൂപയാണ് ആദ്യഗഡുവായി സ്‌കൂള്‍ മാനേജര്‍ നെബു മാത്യു മമ്മൂട്ടിയെ ഏല്പിച്ചത്. കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂളില്‍ ''1993 ബോംബെ മാര്‍ച്ച് 12'' എന്ന സിനിമയുടെ സെറ്റിലെത്തിയാണ് ഞായറാഴ്ച സംഭാവന കൈമാറിയത്.

'കാരുണ്യം ചെയ്യാനുള്ള മനസ്സ് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സുരക്ഷിതമായി അര്‍ഹതയുള്ളവര്‍ക്ക് എത്തിക്കുന്നതാണ് എല്ലാവരുടെയും പ്രശ്‌നം. ഞാന്‍ ഒരു വഴികാട്ടി മാത്രമാണ്' മമ്മൂട്ടി പറഞ്ഞു. ഹൃദ്രോഗികളായ നിര്‍ധന കുട്ടികളെ സഹായിക്കുകയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രധാന ദൗത്യം. പണമില്ലാത്തതുകൊണ്ട് ശസ്ത്രക്രിയ നടത്താനാവാതെ 3000 പേരാണ് ഫൗണ്ടേഷനെ സമീപിച്ചത്. 60 കുഞ്ഞുങ്ങള്‍ക്ക് മമ്മൂട്ടി സഹായമെത്തിച്ചു. ബാക്കിയുള്ളവര്‍ക്കുകൂടി പണം കണ്ടെത്താന്‍ മമ്മൂട്ടി ട്വിറ്റര്‍, ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ സഹായമഭ്യര്‍ഥിച്ചിരുന്നു.

12 മണിക്കൂറിനകമാണ് ഒരു കോടിയുടെ സഹായ വാഗ്ദാനം എത്തിയത്. വര്‍ഷത്തില്‍ ഇരുപതുവീതം അഞ്ചുവര്‍ഷംകൊണ്ട് 100 ശസ്ത്രക്രിയയ്ക്ക് സഹായമെത്തിക്കാമെന്നായിരുന്നു ട്വിറ്ററിലൂടെ ഷെര്‍വുഡ് കറസ്‌പോണ്ടന്‍റ് സുശീലാ ജോര്‍ജിന്റെ വാഗ്ദാനം.കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് പള്ളിക്കത്തോട്, നോബി ഫിലിപ്പ് പാടാച്ചിറ, എ.ആര്‍.സുരേന്ദ്രന്‍, ചലച്ചിത്രതാരങ്ങളായ റോമ, സാദിഖ്, സംവിധായകന്‍ ബാബു ജനാര്‍ദനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജൂണില്‍ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ 50 ലക്ഷം രൂപകൂടി കൈമാറുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home