പ്രാഞ്ചിയേട്ടന്‍ വീരശൂര പരാക്രമിയല്ല: രഞ്ജിത്
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മലയാള സിനിമയെ അടുത്ത കാലഘട്ടത്തിലേക്ക് നയിക്കുന്ന ചിത്രമാണ്. കൃത്യമായ ഒരു ഫോര്‍മുലയുടെ കളത്തിനുള്ളില്‍ മാത്രം ചലിക്കുന്ന കഥയല്ല, അതിലെ നായകന്‍ അമാനുഷനോ ഡയലോഗുകള്‍ ഛര്‍ദ്ദിക്കുന്ന കൊമേഴ്സ്യല്‍ പ്രതാപിയോ അല്ല. ‘പ്രാഞ്ചിയേട്ടന്‍ വീരശൂര പരാക്രമിയല്ല’ എന്ന് സംവിധായകന്‍ രഞ്ജിത് തന്നെ പറയുന്നു.
മലയാള സിനിമയ്ക്ക് പ്രാഞ്ചിയേട്ടന്‍ നല്‍കിയ ഉണര്‍വ് വളരെ വലുതാണ്. സിനിമ ഇങ്ങനെയും എടുക്കാമെന്നും ഇങ്ങനെയും ഹിറ്റ് സൃഷ്ടിക്കാമെന്നും രഞ്ജിത് കാണിച്ചുതരികയാണ്.
വീരശൂര പരാക്രമിയായ നായകനല്ല പ്രാഞ്ചിയേട്ടന്‍. ഇതില്‍ അടിയും ഇടിയും വെടിയുമൊന്നുമില്ല. സ്വാഭാവികമായ പ്രകടനത്തിലൂടെ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകരെ കീഴടക്കുകയാണ്. അങ്ങനെയൊരു നായകനെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട് - രഞ്ജിത് ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
മമ്മുക്കയുടെ സ്വാഭാവികമായ അഭിനയം തന്നെയാണ് പ്രാഞ്ചിയേട്ടന്‍റെ വിജയത്തിനു കാരണം. സീരിയസായി പറയാവുന്ന ഒരു വിഷയം ലളിതമായി നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടമായി. വി കെ എന്നും കുഞ്ചന്‍ നമ്പ്യാരും ഒക്കെ പരീക്ഷിച്ച, ഏറ്റവും വലിയ കാര്യങ്ങള്‍ ഏറ്റവും ലളിതമായി പറയുക എന്ന രീതി പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ടാകാം. ഒട്ടും ഭാരമില്ലാതെ കാണാവുന്ന, കണ്ടിറങ്ങുമ്പോള്‍ ഒരു സന്ദേശമായി സ്വീകരിക്കാവുന്ന സിനിമയെന്നാണ് പ്രാഞ്ചിയേട്ടന്‍ കണ്ടിട്ട് എന്നെ വിളിക്കുന്ന എല്ലാവരും അഭിപ്രായപ്പെട്ടത് - രഞ്ജിത് പറഞ്ഞു.
ദൈവത്തിലേക്ക് നന്‍മയിലൂടെയുള്ള ഒരു വഴി മാത്രമേയുള്ളൂ എന്നാണ് പ്രാഞ്ചിയേട്ടന്‍റെ സന്ദേശം. ആവര്‍ത്തനവിരസമായ കഥകളും കഥാപാത്രങ്ങളും കണ്ടുമടുത്ത് തിയേറ്ററില്‍ നിന്ന് അകന്ന പ്രേക്ഷകരെ തിരിച്ചുകൊണ്ടുവരാന്‍ പ്രാഞ്ചിയേട്ടന് കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് - രഞ്ജിത് പറയുന്നു.
Labels: Reviews
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home