Monday, November 8, 2010

കുമാരനാശാന്റെ കരുണ പ്രമേയമാകുന്ന ചിത്രത്തില്‍ മമ്മൂട്ടി

ഇ.ജി. രതീഷ്‌


വ്യത്യസ്തമായ വഴികളിലൂടെയാണ് കെ.എം. മധുസൂദനന്‍ എന്ന കലാകാരന്റെ സഞ്ചാരം. ഒരു ചിത്രകാരനായി കലാജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയില്‍ ഏറെ ശ്രദ്ധേയമായി സിനിമയെ കൈകാര്യം ചെയ്യുന്ന ചലച്ചിത്രകാരന്‍മാരില്‍ ഒരാളായി എണ്ണപ്പെടുന്നു. 'ബയോസ്‌കോപ്പ്' എന്ന സിനിമ മൂന്ന് അന്താരാഷ്ട്ര അവാര്‍ഡുകളും 2008ല്‍ ദേശീയതലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും 2009ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകളും നേടി. മായാ ബസാര്‍, ഹിസ്റ്ററി ഈസ് എ സൈലന്റ് ഫിലിം, റേസര്‍, ബ്ലഡ് ആന്‍ഡ് അദര്‍ ടേല്‍സ് തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. ഡോക്യുമെന്ററികളിലൂടെയാണ് രംഗപ്രവേശം.

ബുദ്ധന്‍ തിരിച്ചുവരുമ്പോള്‍


ബുദ്ധദര്‍ശനം എന്നും മധുസൂദനന്റെ വെളിച്ചമാണ്. ബുദ്ധമതത്തില്‍ ചേരാന്‍ തീരുമാനിച്ചെങ്കിലും ചട്ടക്കൂടില്‍ പെടാതിരിക്കാനായി പിന്‍വലിഞ്ഞയാളാണ് അദ്ദേഹം. തന്റെ ചിത്രങ്ങളിലും ബയോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളിലും ബുദ്ധസ്വാധീനം നന്നായിട്ട് പ്രകടമാണെന്ന് മധുസൂദനന്‍ ചൂണ്ടിക്കാട്ടി. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ സിനിമ ഗ്രാമങ്ങളില്‍ എത്തുന്നതിന്റെ കഥയാണ് ബയോസ്‌കോപ്പ് പറഞ്ഞത്. അതില്‍ ചിത്രീകരിക്കപ്പെട്ട വസ്തുക്കളിലും ജീവജാലങ്ങളിലുമൊക്കെ ഒരു ബുദ്ധസ്​പര്‍ശം പതിഞ്ഞുകിടന്നു. അതിന്റെയൊക്കെ പൂര്‍ണവികാസമാണ് 'കരുണ'. ദുഃഖങ്ങളുടെ നിവാരണമാണ് ബുദ്ധന്റെ ലക്ഷ്യം. ആധുനിക മനുഷ്യന്റെ വ്യഥകളെയും പഴയൊരു ബുദ്ധകഥയെയും താരതമ്യപ്പെടുത്തി എങ്ങനെ ബുദ്ധന്‍ പരിഹാരമാകുമെന്ന് വിവരിക്കുകയാണ് സംവിധായകന്‍.

മമ്മൂട്ടിക്ക് സംവിധായകന്റെ വേഷം


കുമാരനാശാന്റെ 'കരുണ'യെ ആസ്​പദമാക്കി ഒരു ചലച്ചിത്രം നിര്‍മിക്കുന്ന സംവിധായകന്റെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. അമേരിക്കന്‍ ബുദ്ധപണ്ഡിതനായ പോള്‍ കാറസിന്റെ 'ഗോസ്​പല്‍ ഓഫ് ബുദ്ധ' എന്ന കൃതിയിലെ ഒരു കൊച്ചുകഥയാണ് കുമാരനാശാന്‍ കവിതയാക്കിയത്. ശരീരമോഹങ്ങളില്‍ അടിപ്പെട്ട വാസവദത്തയ്ക്ക് ബുദ്ധഭിക്ഷുവിനോട് തോന്നിയ ആഗ്രഹങ്ങളും ഒടുവില്‍ അവയവച്ഛേദം വരുത്തപ്പെട്ട് വിരൂപയായി മരണം കാത്തുകിടക്കുമ്പോള്‍ അവള്‍ക്ക് ആശ്വാസമായി എത്തുന്ന ബുദ്ധദര്‍ശനങ്ങളുമാണ് കവിതയുടെ കാതല്‍. സുന്ദരിയായ വാസവദത്തയുടെ ക്ഷണങ്ങളെ 'സമയമായില്ല....' എന്നു പറഞ്ഞ് തടഞ്ഞ ഉപഗുപ്തന്‍ അവളുടെ ശരീരമെല്ലാമുടഞ്ഞുപോയപ്പോഴാണ് ചുടലക്കാട്ടില്‍ കാണുവാന്‍ എത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന സംവിധായക കഥാപാത്രം ഇതേ ശരീര നാശം തന്നെയാണ് ആധുനികലോകത്തെ യുദ്ധങ്ങളിലും സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നുണ്ട്. ബുദ്ധന്‍ ഒരു പരിഹാരമായി തെളിയുകയും ചെയ്യും.


കശ്മീര്‍ ഉള്‍പ്പെടെ ആധുനികലോകത്തെ വ്യഥകളെല്ലാം ഉള്‍പ്പെടുന്ന വിശാലമായ കാന്‍വാസാണിത്. സിനിമ ചിത്രീകരിക്കുമ്പോള്‍ പുറത്തുസംഭവിക്കുന്ന വര്‍ത്തമാനകാല കഥകളും നാം കാണുന്നു. ഈ സമാന്തരലോകങ്ങളാണ് ബുദ്ധദര്‍ശനങ്ങളിലേക്ക് വിരല്‍ചൂണ്ടുക. മനുഷ്യാവസ്ഥയുടെ സങ്കീര്‍ണമായ കഥ തന്നെയാണ് കരുണ പറയുന്നത്. അതില്‍പ്പെട്ട് മാനസിക സംഘര്‍ഷമനുഭവിക്കുന്ന സംവിധായകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. അയാളുടെ അപരവ്യക്തിത്വവും വെളിപ്പെടുന്നു. വാസവദത്തയായി ഒരു പ്രമുഖ ചലച്ചിത്രനടി വേഷമിടും. ഇതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു.മധുസൂദനന്‍ തന്നെയാണ് കഥ, തിരക്കഥ,സംഭാഷണം എന്നിവ തയ്യാറാക്കിയത്. ഇദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളെപ്പോലെ ഇതിന്റെ ഛായാഗ്രാഹകനും എം.ജെ. രാധാകൃഷ്ണനാണ്. സംവിധായകകഥാപാത്രത്തിന്റെ വീടും പരിസരങ്ങളുമാണ് കേരളത്തില്‍ ചിത്രീകരിക്കുക. പ്രധാനമായും ഉത്തരേന്ത്യയിലെ പുരാതന നഗരാവശിഷ്ടങ്ങളിലാണ് ചിത്രീകരണം നടത്തുക. അജന്തയിലെ പെയിന്റിങ്ങുകളും മറ്റും പശ്ചാത്തലമാകുന്നുണ്ട്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. ഏറെക്കാലം മനസ്സില്‍ കിടന്ന കഥ രണ്ടുവര്‍ഷം കൊണ്ടാണ് തിരക്കഥയാക്കിയതെന്ന് മധുസൂദനന്‍ പറഞ്ഞു.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home