Friday, December 3, 2010

മലയാള സിനിമക്കുള്ള അംഗീകാരം -മമ്മൂട്ടി


തേഞ്ഞിപ്പലം: മലയാള സിനിമാലോകത്തിന് നല്‍കിയ അംഗീകാരമാണ് കാലിക്കറ്റ് സര്‍വകലാശാല തനിക്ക് നല്‍കിയ ഡി ലിറ്റ് ബഹുമതിയെന്ന് നടന്‍ മമ്മൂട്ടി. സാംസ്‌കാരികവും സാമൂഹികവുമായ പൊതുവേദി രൂപപ്പെടുത്തുന്നതില്‍ കലാകാരനുള്ള പങ്കിന് ഒരിക്കല്‍കൂടി ഊന്നല്‍ നല്‍കുന്നതാണിതെന്നും മലയാളികളുടെ ്രപിയ നടന്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി ലിറ്റ് ഗവര്‍ണര്‍ ആര്‍.എസ്. ഗവായില്‍നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ലിറ്റ് നല്‍കി ആദരിക്കുന്നതില്‍ എല്ലാവരോടും കടപ്പാടുണ്ട്. സംസ്‌കാരത്തിന്റെ പ്രജനന കേന്ദ്രമാണ് സര്‍വകലാശാലകള്‍. സാംസ്‌കാരിക മൂല്യങ്ങള്‍ തലമുറകളിലേക്ക് കൈമാറുന്നതില്‍ സര്‍വകലാശാലകള്‍ക്ക് ഏറെ പങ്കുണ്ട്. കലാകാരനും ഇത്തരം സാംസ്‌കാരിക വിനിമയത്തില്‍ സ്വാധീനം ചെലുത്താനാവും- മമ്മൂട്ടി പറഞ്ഞു. 'ജീവിതാനുഭവങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. എന്നെ ഡോക്ടറാക്കാനാണ് പിതാവ് ആഗ്രഹിച്ചത്. പക്ഷേ പരിശീലനം മറ്റൊന്നിലേക്ക് വഴിമാറി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. എന്നാല്‍ എനിക്ക് സംതൃപ്തി നല്‍കാന്‍ അഭിഭാഷക വൃത്തി മതിയായില്ല. കാരണം മറ്റൊന്നുമല്ല. മനസ്സിലെ ഉള്‍വിളി അഭിനയത്തിനാണെന്ന് ഞാന്‍ മനസ്സിലാക്കി. ഡോക്ടറെന്ന പേര് ലഭിച്ചതില്‍ പിതാവ് കൂടെയുണ്ടെങ്കില്‍ സന്തോഷിക്കുമായിരുന്നു.' മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അതിര്‍വരമ്പുകളൊന്നുമില്ലാത്ത ലോകം കലാകാരന് മാത്രമുള്ളതാണ്. ഭാഷാ-ദേശ-ജാതി വ്യത്യാസങ്ങളൊന്നും അവിടെയില്ല. മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്‌കറുടെയും യേശുദാസിന്റെയും സംഗീതം കേള്‍ക്കുമ്പോള്‍ സംഗീതം മാത്രമാണ് നാം പരിഗണിക്കുന്നത്. ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള പലരോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കായി. ചരിത്രത്തിലെയും കഥകളിലെയും നായകരുടെ വേഷം അഭിനയിക്കാനായി. ഒരു കലാകാരനായതില്‍ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ വീണ്ടും നന്ദി പറഞ്ഞാണ് മമ്മുട്ടി പ്രസംഗം അവസാനിപ്പിച്ചത്.


Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home