Monday, December 6, 2010

മെഗാസ്റ്റാറിന്റെ ബെസ്റ്റ് ആക്ടര്‍

Best Actor Coming, മെഗാസ്റ്റാറിന്റെ ബെസ്റ്റ് ആക്ടര്‍ Megastar's Best Actor, New Releases

മോഹന്‍... അഭിനയമോഹവും മനസ്സിലേറ്റി നടക്കുന്ന ഒരു യു.പി. സ്‌കൂള്‍ അധ്യാപകന്‍. തന്റെ സിനിമാ മോഹത്തെ, സമൂഹം അതിമോഹത്തിന്റെ ലേബലൊട്ടിച്ച് പരിഹസിക്കുമ്പോഴും മോഹന് തെല്ലും കൂസലില്ല. സിനിമാനടനാവുക എന്ന സ്വപ്നം അയാള്‍ അപ്പോഴും കണ്ടുകൊണ്ടേയിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അയാള്‍ നടത്തുന്ന പരിശ്രമങ്ങളും അതിനിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ബെസ്റ്റ് ആക്ടര്‍' എന്ന ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയാണ് മോഹനായി എത്തുന്നത്. വളരെക്കാലത്തിനുശേഷം മമ്മൂട്ടി അധ്യാപകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരിടവേളയ്ക്കുശേഷം മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രംകൂടിയാണ് ബെസ്റ്റ് ആക്ടര്‍. മമ്മൂട്ടി-ശ്രീനിവാസന്‍ ടീം ഒരുമിക്കുന്നു എന്നുപറഞ്ഞാല്‍ അതിനര്‍ഥം മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയഫോര്‍മുലകളില്‍ ഒന്ന് ഒരുമിക്കുന്നു എന്നുതന്നെയാണ്. അതാണ് ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്സും പരസ്യവും. ചിത്രത്തില്‍ ഏറെ നിര്‍ണായകമായ, സസ്‌പെന്‍സ് നിറഞ്ഞ കഥാപാത്രമായാണ് ശ്രീനിവാസന്‍ എത്തുന്നത്.

അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ലാല്‍ജോസ്, ബ്ലെസ്സി, രഞ്ജിത് എന്നീ സംവിധായകര്‍ ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്. മമ്മൂട്ടിക്കൊപ്പം ലാല്‍, സലീംകുമാര്‍, നെടുമുടി വേണു, വിനായകന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. കന്നടതാരം ശ്രുതി രാമകൃഷ്ണനാണ് നായിക. ബിജുക്കുട്ടന്‍, മാസ്റ്റര്‍ വിവാസ്, ബൈജു, സുകുമാരി, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റ് താരങ്ങള്‍.

ഫാഷന്‍ ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബെസ്റ്റ് ആക്ടര്‍. നേരത്തേ റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ 'ലൗ ഇന്‍ സിംഗപ്പൂരിന്റെ' അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മമ്മൂട്ടി എന്ന നടന്റെ എല്ലാത്തരം ആരാധകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറായിരിക്കും ബെസ്റ്റ് ആക്ടറെന്ന് മാര്‍ട്ടിന്‍ പറയുന്നു. ''ഒരു പ്രത്യേക ലേബല്‍ ഈ സിനിമയ്ക്കില്ല.

മമ്മൂട്ടിയെ ഒരേസമയം സാധാരണക്കാരനായും ഏറെ സ്റ്റൈലിഷായും അവതരിപ്പിക്കുന്നതിനാല്‍ കുടുംബപ്രേക്ഷകരും യൂത്തും ഒരേപോലെ ചിത്രം ഇഷ്ടപ്പെടും. എട്ടോളം സംവിധായകരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്ലസ്സാണ്. പിന്നെ, ചെറുതെങ്കിലും നിര്‍ണായകമായ കഥാപാത്രമായി ശ്രീനിവാസനുംകൂടി ചേരുന്നതോടെ എല്ലാ അര്‍ഥത്തിലും കാണികള്‍ക്ക് ക്രിസ്മസ് വിരുന്നായിരിക്കും ചിത്രം''-മാര്‍ട്ടിന്‍ പറയുന്നു.

മാര്‍ട്ടിന്‍ എഴുതിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ്. 'ഡാഡി കൂള്‍' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംഭാഷണമെഴുതിയാണ് ബിപിന്‍ ചന്ദ്രന്‍ സിനിമാരംഗത്തെത്തുന്നത്.നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സന്തോഷ് വര്‍മ എഴുതിയ മൂന്ന് പാട്ടുകളും കവയിത്രി ബി. ശ്രീരേഖയുടെ ഒരു പാട്ടും. സംഗീതസംവിധാനം ബിജിപാല്‍. ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ്. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് നിര്‍മിച്ച 'ബെസ്റ്റ് ആക്ടര്‍', മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ ഒന്‍പതിന് തിയേറ്ററുകളിലെത്തും.

Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home