നിത്യയൗവനത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍
എന്നാല്‍ അതേ തിരശീലയില്‍ മമ്മൂട്ടിയെന്ന നടനവിസ്‌മയം എത്തുമ്പോള്‍ ദൂരത്തിന്റെ ദൈര്‍ഘ്യമേറുകയാണ്. എണ്‍പതുകളും തൊണ്ണൂറുകളും മറികടന്ന് 2011-ല്‍ എത്തിനില്‍ക്കുമ്പോഴും പിന്നിട്ട 30 വര്‍ഷങ്ങള്‍ കണക്കുപുസ്‌തകത്തിലെ വെറും അക്കങ്ങളായി മാറുന്നു. കാലം മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും സൂര്യതേജസോടെ മുന്നേറുകയാണ് മലയാളത്തിന്റെ മഹാനടന്‍. പൗരുഷവും പ്രതിഭയും ഒന്നുചേര്‍ന്ന അനുഗ്രഹീതനായ കലാകാരന്‍. കാലത്തെ പിന്നിലാക്കി യൗവ്വനം കാത്തുസൂക്ഷിക്കുന്ന ഒരു മനസും ശരീരവുമായി കൃത്യനിഷ്‌ഠയുള്ള ദിനചര്യകളോടെയുള്ള ജീവിതശൈലി. കാലം കഴിയും തോറും മമ്മൂട്ടി കൂടുതല്‍ ചെറുപ്പമാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ കൊഴിഞ്ഞു മനസ് ചെറുപ്പമാണെങ്കില്‍ ശരീരവും ചെറുപ്പമായിരിക്കുമെന്നാണ് മമ്മൂട്ടിയുടെ വിശ്വാസം. 1980ല്‍ എ.ടി. കഥയും തിരക്കഥയുമെഴുതി എം. ആസാദ് സംവിധാനം ചെയ്‌ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലെ മാധവന്‍കുട്ടിയില്‍നിന്നു തുടങ്ങിയ മമ്മൂട്ടിയുടെ അഭിനയ ജീവിതം കഥാപാത്രങ്ങളില്‍നിന്നു കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയുടെ അവിസ്‌മരണീയമായ മുപ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ കണക്കുകൂട്ടുമ്പോള്‍ മമ്മൂട്ടിയുടെ യൗവനത്തിനു മുമ്പില്‍ കാലത്തിനോ പ്രേക്ഷകര്‍ക്കോ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. കാലം മമ്മൂട്ടിയെ കണ്ണിമക്കാതെ നോക്കിനിന്ന് മെല്ലെ, മെല്ലെയാണ് കടന്നു പോകുന്നതെന്നു തോന്നുന്നു. വൈക്കം ചെമ്പിലെ പാണംപറമ്പില്‍ ഇസ്‌മായിലിന്റേയും ഫാത്തിമയുടേയും മൂത്തമകന്‍ മുഹമ്മദുകുട്ടിക്ക് അഭിനയത്തിന്റെ അക്കാഡമിക് ഡിപ്ലോമയോ ഏതെങ്കിലും ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റോ കൈമുതലായി ഉണ്ടായിരുന്നില്ല. എല്ലാം പഠിച്ചത് സിനിമയില്‍നിന്നുതന്നെയാണ്. അഭിനയിച്ച ചിത്രങ്ങളിലെ അപാകതകളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് അഭിനയത്തിന്റെ കാതല്‍ സ്വയം കടഞ്ഞെടുക്കുകയായിരുന്നു. പ്രപഞ്ചത്തിലെ സകലതിനേയും സസൂക്ഷ്‌മം വീക്ഷിക്കുന്ന മമ്മൂട്ടി പ്രപഞ്ചത്തിലെ സകലതിനേക്കുറിച്ചും സംവദിക്കാന്‍ പഠിച്ചിരിക്കുന്നു. അറിയുന്നവ പകര്‍ന്നു നല്‍കുവാനും അറിയാത്തവ പഠിക്കുവാനും മമ്മൂട്ടി തയാര്‍. അഭിനയത്തിന്റെ അടക്കമുള്ള ഊഷ്‌മളതയാണ് മമ്മൂട്ടി എന്നാണ് ലോകപ്രശസ്‌ത ചലച്ചിത്ര വിമര്‍ശകന്‍ ഡെറിക് മാല്‍ക്ക മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. ഹൂ ഈസ് ദി മാര്‍വലസ് ആക്‌ടര്‍? എന്ന് ആശ്‌ചര്യത്തോടെ ചോദിച്ചതും ഹോളിവുഡ് നിരൂപകന്മാരാണ്. ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ മൂന്നുതവണ ഈ അഭിനയപ്രതിഭയെ തേടിയെത്തി. നല്ല നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ആറുപ്രാവശ്യം കരസ്‌ഥമാക്കി. ഫിലിം ഫെയര്‍ അവാര്‍ഡ് ആറുവട്ടം. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പത്തുതവണ. കൂടാതെ നിരവധി മറ്റ് അവാര്‍ഡുകളും മമ്മൂട്ടിയെന്ന നടനകാന്തിയെ പൊന്നണിയിച്ചു. വി. ശാന്താറാം അവാര്‍ഡ്, ഏഷ്യാ പസഫിക് മെര്‍ലിയന്‍ അവാര്‍ഡ്, ദുബായ് എവറസ്‌റ്റ് അവാര്‍ഡ്, സിനിമാ ഏക്‌സ്പ്രസ് അവാര്‍ഡ്, രാമു കാര്യാട്ട് അവാര്‍ഡ്, സ്‌ക്രീന്‍ അവാര്‍ഡ്, ഫിലിം ഫെയര്‍ ഇതിഹാസതാരം അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ മമ്മൂട്ടിയെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നു. മുപ്പതു വര്‍ഷങ്ങള്‍! മുന്നൂറ്റി ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുവാനുള്ള ഭാഗ്യം. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോക്‌ടര്‍ ബി.ആര്‍. അംബേദ്‌കറായി വേഷമിട്ടപ്പോള്‍ മഹാരാഷ്‌ട്രയിലെ വിലാസ്‌റാവു ദേശ്‌മുഖ് മന്ത്രിസഭ മുംബൈയില്‍ നല്‍കിയ സ്‌നേഹനിര്‍ഭരമായ സ്വീകരണവും പ്രശംസയും. മുപ്പതാണ്ടത്തെ അഭിനയ ജീവിതത്തില്‍ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ അനവധിയാണ്. പൗരുഷത്തിന്റെ കരുത്തുറ്റ പ്രതീകമായിട്ടാണ് മമ്മൂട്ടി മിക്ക ഭാഷാ ചിത്രങ്ങളിലും തിളങ്ങിയത്. മമ്മൂട്ടിയുടെ രൂപഭാവങ്ങള്‍ക്ക് ആണത്തത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ആജ്‌ഞാശക്‌തിയും പ്രകടമാണ്. എം.ടി. വാസുദേവന്‍നായര്‍, ഭരതന്‍, പത്മരാജന്‍, ഐ.വി. ശശി, കെ.ജി. ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ടി.വി. ചന്ദ്രന്‍, എ.കെ. ലോഹിതദാസ്, ഹരിഹരന്‍, രഞ്‌ജിത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ലഭിച്ച കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ മാറ്റുരയ്‌ക്കുന്നതായിരുന്നു. ഇപ്പോള്‍ പ്രശസ്‌തിയുടെ കൊടുമുടികള്‍ കീഴടക്കിയിരിക്കുന്നു. ഇനി ചക്രവാളങ്ങള്‍കൂടി കീഴടക്കണം എന്നു പറയുമ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയാണ്. ''പ്രശസ്‌തിയുടെ പടവുകള്‍ ആകാശംമുട്ടെ ഉയരത്തിലാണ്. ഇനിയും ഏറെ കയറുവാനുണ്ട്''. ബേബി ജോര്‍ജ് രാജാക്കാട് ;മംഗളം http://mangalam.com/index.php?page=detail&nid=389143&lang=malayalam | ||||
Labels: mammootty special, Special News, നിത്യയൗവനത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home