Thursday, February 10, 2011

പെരുമാള്‍ ബഹളക്കാരനല്ല, പ്രാഞ്ചിയെപ്പോലെ പാവം!

PRO
ഇന്‍സ്പെക്ടര്‍ ബല്‍‌റാമിന്‍റെ സ്വഭാവം ഓര്‍മ്മയില്ലേ? എപ്പോഴും ക്ഷോഭിക്കുന്ന, കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന ബല്‍‌റാം. ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ മമ്മൂട്ടി പക്ഷേ ഓഗസ്റ്റ് 1 എന്ന സിനിമയിലെ ക്രൈംബ്രാഞ്ച് ഡി സി പി പെരുമാളിനെ ശാന്തനായാണ് അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമാള്‍ വീണ്ടുമെത്തുമ്പോള്‍ അദ്ദേഹം ഏത് സ്വഭാവക്കാരനായിരിക്കും? ‘പ്രാഞ്ചിയേട്ടനെപ്പോലെ പാവം’ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നത്. അതായത് ബഹളം വയ്ക്കുന്ന ഡി സി പിയല്ല അദ്ദേഹം. സിനിമയും അതുപോലെ തന്നെ, ഒരു കൂള്‍ ത്രില്ലര്‍.



“പഴയ പെരുമാളിനേക്കാള്‍ മെച്യൂരിറ്റിയുണ്ട് പുതിയ പെരുമാളിന്. പ്രാഞ്ചിയേട്ടന്‍റെ സോഫ്റ്റ്നെസ് പെരുമാളിന്‍റെ അവതരണശൈലിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ എന്‍റെ പല സിനിമകളിലും ബഹളം കൂടിപ്പോയെന്ന് പരാതി പറഞ്ഞവരുണ്ട്. ഈ സിനിമയില്‍ അങ്ങനെയുള്ള വിരട്ടലുകളൊന്നുമില്ല. എന്നാല്‍ ഞെട്ടിക്കേണ്ട സ്ഥലങ്ങളില്‍ ആ പഞ്ച് കൊടുത്തിട്ടുണ്ട്. സത്യസന്ധമായ ഒരു സിനിമയായിരിക്കും ആഗസ്റ്റ് 15” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.



“അവസാനത്തെ അഞ്ചുമിനിറ്റിലാണ് ഈ സിനിമയുടെ സസ്പെന്‍സ് പൊട്ടിക്കുന്നത്. ഒറ്റ സീറ്റ് മാത്രമുള്ള ബുള്ളറ്റില്‍ മമ്മുക്ക തിരുവനന്തപുരം നഗരത്തിലൂടെ മിന്നിപ്പായുന്ന രംഗങ്ങള്‍ ആഗസ്റ്റ് 15ന്‍റെ ഹൈലൈറ്റ് ആയിരിക്കും. അന്വേഷണം പെരുമാള്‍ ഒറ്റയ്ക്കാണ് നടത്തുന്നത്. ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം.” - ഷാജി വ്യക്തമാക്കി.



വി എസ് അച്യുതാനന്ദന്‍ തന്നെയാണ് ഈ സിനിമയിലെ മുഖ്യമന്ത്രിക്ക് മോഡലായതെന്ന് ഷാജി പറയുന്നു. “കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ശത്രുക്കളാരെന്ന് ഇവിടത്തെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. അവരാണ് ഈ സിനിമയില്‍ വില്ലന്‍‌മാരുടെ സ്ഥാനത്ത് നില്‍ക്കുന്നത്.” നെടുമുടി വേണുവാണ് ചിത്രത്തിലെ മുഖ്യമന്ത്രിക്ക് ജീവന്‍ നല്‍കുന്നത്.



മാര്‍ച്ച് 30നാണ് ആഗസ്റ്റ് 15ന്‍റെ റിലീസ് തീരുമാനിച്ചിട്ടുള്ളത്. ഉറുമി, ചൈനാ ടൌണ്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളും ആ ദിവസം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.


Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home