Monday, March 14, 2011

മമ്മൂട്ടിക്കും ലാലിനുമിടയില്‍ ദിലീപിനെന്ത് കാര്യം?mammootty mohanlal dileep in arakallan mukkakallan


അതെ.. മമ്മൂട്ടിക്കും മോഹന്‍‌ലാലിനുമിടയില്‍ ദിലീപിനെന്ത് കാര്യം? ദിലീപിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണാ-സിബി കെ തോമസ്‌ ടീം രചനയും സംവിധാനവും നിര്‍വഹിക്കുകയും മമ്മൂട്ടിയും മോഹന്‍‌ലാലും തുല്യ പ്രാധാന്യമുള്ള നായകന്‍‌മാരാവുകയും ചെയ്യുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍' എന്ന ചിത്രത്തില്‍ ദിലീപിനുമുണ്ടൊരു കിടിലന്‍ റോള്‍. അതുതന്നെ കാര്യം! മമ്മൂട്ടിയുടെ സിനിമാനിര്‍മാണ കമ്പനിയായ ‘പ്ലേഹൌസ്’ നിര്‍മിക്കുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ള'നില്‍ ഒരേ സമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്മാരായാണ് മമ്മൂട്ടിയും ലാലും അഭിനയിക്കുക. ഈ ചിത്രം നടക്കില്ല എന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് പ്ലേഹൌസ് എന്നറിയുന്നു.

ഇവര്‍ക്കിടയില്‍ നടക്കുന്ന അടിപിടികള്‍ക്കിടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന രസികന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. ഇരുവരെയും നിയന്ത്രിക്കാന്‍ പോലും ദിലീപിന്റെ കഥാപാത്രത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു. ദിലീപിന്റെ സ്വന്തം തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ ‘ഷൈന്‍’ ചെയ്യാന്‍ പറ്റിയ റോള്‍ തന്നെയായിരിക്കും ദിലീപിന് ഉദയകൃഷ്ണനും സിബിയും നല്‍‌കുക എന്ന് പ്രതീക്ഷിക്കാം.

ഏറെക്കാലത്തിന് ശേഷം മമ്മൂക്കയും ലാലേട്ടനും ഒരുമിക്കുന്ന ഈ സിനിമ ചിരിയുടെ മാലപ്പടക്കങ്ങളാണ് തീയേറ്ററില്‍ ഉയര്‍ത്തുക. കോമഡിയില്‍ അസാമാന്യ വഴക്കമുള്ള മോഹന്‍‌ലാലും കോമഡിക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തിയ മമ്മൂട്ടിയും കോമഡി അരച്ചുകലക്കി കുടിച്ചിരിക്കുന്ന ദിലീപും ഇഴയടുപ്പിച്ച് തിരക്കഥ ഒരുക്കുന്നതില്‍ പെരുന്തച്ചന്മാരായ ഉദയകൃഷ്ണാ-സിബി കെ തോമസ്‌ ടീമും ഒരുമിക്കുമ്പോള്‍ എക്കാലത്തെയും വലിയൊരു ഹിറ്റാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. താരരാജാക്കന്മാരുടെ തിരക്കുകള്‍ ഒഴിഞ്ഞ്, അടുത്ത വര്‍ഷമാദ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ 2012 ഓണത്തിന് തീയേറ്ററുകളെ ചിരിയലകളില്‍ മുക്കാനെത്തും.

മമ്മൂട്ടിയെയും ലാലിനെയും വച്ച് റാഫി - മെക്കാര്‍ട്ടിന്‍ ടീം ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഹലോയിലെ കഥാപാത്രവും മമ്മൂട്ടിയുടെ മായാവിയിലെ വേഷവും ചേര്‍ത്ത്‌ 'ഹലോ മായാവി' എന്ന ചിത്രം ഒരുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം ആലോചിച്ചെങ്കിലും ഒടുവില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും ഒന്നിപ്പിക്കാന്‍ ഉദയകൃഷ്ണനും സിബിയും എത്തിയിരിക്കുന്നത്. അമ്പതിലേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍‌ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ ഒരുക്കിയ ട്വന്റി 20 ആണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ച അവസാനചിത്രം.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home