മമ്മൂട്ടി എന്നെ രക്ഷിച്ചു: ഷാജി കൈലാസ്
മമ്മൂട്ടിയെപ്പറ്റി പറയുമ്പോള്‍ നൂറുനാവാണ് ഷാജി കൈലാസിന്. കരിയറിലെ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് തന്നെ അക്ഷരാര്‍ത്ഥത്തില്‍ കൈപിടിച്ചുയര്‍ത്തുകയായിരുന്നു മമ്മൂട്ടി എന്ന മഹാമനുഷ്യനെന്ന് ഷാജി കൈലാസ് പറയുന്നു. ‘ദ്രോണ 2010’ എന്ന സിനിമ തകര്‍ന്നപ്പോള്‍ സിനിമയോട് വിടപറയാന്‍ പോലും ആലോചിച്ച തന്നെ തിരികെ സിനിമാലോകത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു മമ്മൂട്ടിയെന്ന് ഷാജി വ്യക്തമാക്കി.
പരാജയപ്പെട്ട സിനിമയുടെ സംവിധായകനെ ആ ചിത്രത്തിലെ ഹീറോ വിളിക്കുന്ന പതിവ് മലയാളത്തിലെന്നല്ല, ഒരിടത്തുമില്ല. പക്ഷേ, മമ്മുക്ക എന്നെ വിളിച്ചു. എവിടെയാണെന്നു ചോദിച്ചു. ‘ദ്രോണ പരാജയപ്പെട്ടതിന്‍റെ മനസ്സമാധാനത്തില്‍ ഇരിക്കുകയാണെ’ന്ന് പറഞ്ഞു. ‘അങ്ങനെയിരിക്കേണ്ട, ഇങ്ങോട്ടു വാ’ എന്നു പറഞ്ഞു അദ്ദേഹം. ‘ആഗസ്റ്റ് 15’ എന്ന പ്രൊജക്ടിന്‍റെ എല്ലാ കാര്യങ്ങളും റെഡിയാക്കിയ ശേഷമാണ് മമ്മുക്ക എന്നെ വിളിക്കുന്നത് - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് വെളിപ്പെടുത്തി.
ഒരു സിനിമ പരാജയപ്പെട്ടെന്നു പറഞ്ഞാല്‍ അതിന്‍റെ സംവിധായകനെ സംബന്ധിച്ചിടത്തോളം അത് ഡൌണ്‍ തന്നെയാണ്. അങ്ങനെയിരിക്കെ മമ്മുക്കയെപ്പോലൊരാള്‍ വിളിക്കുമ്പോള്‍ ഒരു എക്സ്ട്രാ ബൂസ്റ്റും കോണ്‍ഫിഡന്‍സും ലഭിക്കുകയാണ്. ഇതുപോലെയുള്ള പ്രതിസന്ധികള്‍ എല്ലാവര്‍ക്കും ഉണ്ടാകുമെന്നും സിനിമയില്‍ നിന്ന് താനും ഒരിക്കല്‍ പുറത്താകുമെന്നുവരെ കരുതിയതാണെന്നും അവിടെനിന്നാണ് തിരിച്ചുവന്നതെന്നും മമ്മുക്ക എന്നോടു പറഞ്ഞു. എന്നിലെ സംവിധായകനെ തിരിച്ചറിഞ്ഞു വിളിക്കുകയായിരുന്നു മമ്മുക്ക. ആഗസ്റ്റ് 15ന്‍റെ സംവിധായകനെന്ന നിലയില്‍ എന്‍റെ കടപ്പാട് മമ്മുക്കയോടാണ് - ഷാജി പറയുന്നു.
ആഗസ്റ്റ് 15ലെ പെരുമാള്‍ ജനങ്ങളുടെ മനസ്സിലുള്ള കഥാപാത്രമാണ്. സിബി സാറും സ്വാമി സാറും നന്നായി കൈകാര്യം ചെയ്ത് വിജയിച്ച ചിത്രമാണ് ആഗസ്റ്റ് ഒന്ന്. അതുകൊണ്ടുതന്നെ റിസ്ക് കൂടുതലാണ്. ഈ സിനിമയിലേക്കു വരുമ്പോള്‍ ശരീരഭാരം കുറച്ച് പഴയ ഗെറ്റപ് നിലനിര്‍ത്താനായി ദിവസങ്ങളായി മമ്മുക്ക ആഹാരം ക്രമീകരിച്ചു വരികയായിരുന്നു. മമ്മുക്കയെപ്പോലൊരു വലിയ നടന്‍ കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി നടത്തുന്ന ശ്രമങ്ങള്‍ അതിശയിപ്പിക്കുന്നതാണ് - ഷാജി കൈലാസ് പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home