Wednesday, March 16, 2011

കമ്മീഷണറില്ല, ഇനി കിങ് മാത്രം,King and commissioner project dropped

വര്‍ഷങ്ങളായി മമ്മൂട്ടിയും സുരേഷ് ഗോപി യും തുടരുന്ന ശീതസമരം മാറാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപിയ്ക്ക് പകരം പൃഥ്വിരാജ് കമ്മീഷണറായി രംഗത്തുവരുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ താന്‍ തന്നെയാവുമെന്ന് സുരേഷ് ഗോപി പിന്നീട് വ്യക്തമാക്കി. ഇതോടെ പ്രൊജക്ട് നടക്കുമെന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിച്ചിരുന്നു.

നിരന്തര പരാജയങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന സുരേഷ് ഗോപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നുതന്നെയാണ് സിനിമാരംഗത്തെ പ്രമുഖര്‍ കരുതിയിരുന്നത്. നേരത്തെ മമ്മൂട്ടിയുമായുള്ള പിണക്കം കാരണം പഴശ്ശിരാജയില്‍ അഭിനയിക്കുന്നതില്‍ നിന്നും സുരേഷ് ഗോപി പിന്‍മാറിയിരുന്നു. പകരം വന്നെത്തിയ ശരത്കുമാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സുരേഷ് ഗോപിയുടെ കരിയറിലെ വന്‍നഷ്ടമായും ഇത് വിലയിരുത്തപ്പെട്ടു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കമ്മീഷണറാവാന്‍ സുരേഷ് ഗോപി തയ്യാറായതെന്നും സൂചനകളുണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് പ്രൊജക്ട് പൂര്‍ണമായും ഉപേക്ഷിയ്ക്കാന്‍ ഷാജി കൈലാസ് തയ്യാറായിട്ടില്ല. പക്ഷേ ഈ വാര്‍ത്ത സന്തോഷിപ്പിയ്ക്കുക മമ്മൂട്ടി ആരാധകരെ മാത്രമായിരിക്കും. അതേ ദി കിങില്‍ മമ്മൂട്ടി അവതരിപ്പിച്ച തീപ്പൊരി കലക്ടറുമായി മുന്നോട്ടുപോകാനാണ് ഷാജി കൈലാസിന്റെ തീരുമാനം.

തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസിന്റെ രണ്ടാമൂഴത്തിലും തൂലിക ചലിപ്പിയ്ക്കുന്നത് രഞ്ജി പണിക്കരാണ്. ദി കിങിലെപ്പോലെ വെടിക്കെട്ട് ഡയലോഗുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ചുരുക്കം. ചിത്രത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിയ്ക്കാനും ഷാജി തീരുമാനിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാജിയും രഞ്ജിയും വീണ്ടും ഒന്നിയ്ക്കുന്നത്. വേര്‍പിരിഞ്ഞുനിന്ന കാലത്ത് ഇവര്‍ക്കും തിരിച്ചടികള്‍ മാത്രമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.

പ്രൊജക്ടിന് വിഘാതമായത് ആരുടെ ഉടക്ക് മൂലമാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം
പഴശ്ശിരാജയുടെ ചരിത്രം ഇവിടെയും ആവര്‍ത്തിയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സിനിമ വിജയമായാല്‍ സുരേഷ് ഗോപിയുടെ മറ്റൊരു വന്‍ നഷ്ടമായി ഇത് വിലയിരുത്തപ്പെടുത്തും. മറിച്ചാണെങ്കില്‍ ജയം സുരേഷ് ഗോപിയ്ക്കും. എങ്കിലും മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ഈഗോ ക്ലാഷിലൂടെ ആത്യന്തികമായ നഷ്ടം നേരിടുന്നത് പ്രേക്ഷകര്‍ക്ക് മാത്രമാണ്.

Labels: , , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home