Tuesday, November 9, 2010

ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടി വീണ്ടും മമ്മൂട്ടിയായി


മമ്മൂട്ടി, മമ്മൂട്ടിയാകുന്നു വീണ്ടും. സിനിമയില്‍ത്തന്നെ മമ്മൂട്ടിയായി ഇപ്പോഴെത്തുന്നത് എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന ചിത്രത്തിലാണ്.
ജോഷി സംവിധാനം ചെയ്ത 'നമ്പര്‍ 20 മദ്രാസ് മെയിലി'ലാണ് മമ്മൂട്ടി സ്വന്തം പേരില്‍ ആദ്യമായി അഭിനയിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട സുഹൃത്തുക്കളെ, ഒരു കുറ്റത്തില്‍നിന്നും രക്ഷപ്പെടുത്തുന്ന കഥാപാത്രം ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു.
തുടര്‍ന്ന് ഏറെ ഇടവേളയ്ക്കുശേഷം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത 'വണ്‍വേ ടിക്കറ്റ്' എന്ന ചിത്രത്തിലും മമ്മൂട്ടിയായി അഭിനയിച്ചു. മമ്മൂട്ടി ഫാന്‍സുകാരനായ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെത്തുകയാണ് മമ്മൂട്ടി. ബെസ്റ്റ് ഓഫ് ലക്കിലും ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. മമ്മൂട്ടിയായിത്തന്നെയാണെത്തുന്നതെങ്കിലും കഥാപാത്രത്തിന് ഏറെ സാധ്യതകള്‍ ചിത്രത്തിലുണ്ട്.

സൂര്യ, മനു, ദിയ, നീതു എന്നീ ചെറുപ്പക്കാരുടെ ജീവിതകഥ
പറയുന്ന ഈ ചിത്രത്തിലെ മനു എന്ന യുവാവിനാണ് മമ്മൂട്ടിയുടെ സാന്നിധ്യം ഏറെ ഗുണകരമാകുന്നത്.
ഒരു സിനിമാസംവിധായകനാകുക എന്ന സ്വപ്‌നവുമായി ഒരു ചാനലില്‍ പ്രവര്‍ത്തിക്കുന്നവനാണ് മനു. മനുവിന്റെ സ്വപ്‌നസാക്ഷാത്കാരം നടക്കുന്നതും മമ്മൂട്ടി എന്ന മെഗാസ്റ്റാറിലൂടെയാണ്.

സിനിമയ്ക്കുള്ളിലെ ഒരു സിനിമയുടെ ചിത്രീകരണത്തിലൂടെയായിരുന്നു മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചെറിയാന്‍ കല്പകവാടിയുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഒരു ചിത്രം. 'സാമ്രാജ്യ'ത്തിലെ അലക്‌സാണ്ടറെ അനുസ്മരിപ്പിക്കുംവിധത്തിലുള്ള രൂപത്തില്‍ മമ്മൂട്ടി വില്ലനായ അജിത്തുമായുള്ള സംഘട്ടനരംഗമാണ് ഈ ചിത്രത്തിലെ സിനിമയ്ക്കുള്ളിലെ സിനിമയുടെ ഭാഗങ്ങളായി ചിത്രീകരിച്ചത്.

ഇവിടുത്തെ ചിത്രീകരണത്തിനിടയില്‍ ആസിഫ് അലി, റിമാ കല്ലിങ്കല്‍ എന്നിവരുമായുള്ള രംഗങ്ങളും ചിത്രീകരിച്ചു. ആസിഫ് അലിയാണ് മനുവിനെ അവതരിപ്പിക്കുന്നത്. റിമാ കല്ലിങ്കല്‍ ദിയയെയും കൈലേഷ് സൂര്യയെയും അര്‍ച്ചനാ കവി നീതുവിനെയും പ്രതിനിധാനം ചെയ്യുന്നു. പ്രഭു, ഉര്‍വശി, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ഭീമന്‍ രഘു, ബൈജു, മച്ചാന്‍ വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ, തിരക്കഥ എം.എ. നിഷാദ്, സംഭാഷണം-വിനു കിരിയത്ത്. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് യുഫോറിയ എന്ന സംഗീത ട്രൂപ്പ് ഈണം പകര്‍ന്നിരിക്കുന്നു. സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്-സംജത്, കലാസംവിധാനം-സാലു കെ. ജോര്‍ജ്, മേക്കപ്പ്-പി.എന്‍. മണി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, അസോസിയേറ്റ് ഡയറക്ടര്‍-സന്തോഷ്‌കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സേതു അടൂര്‍.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home