മമ്മൂട്ടി ഹെല്‍മറ്റ് ധരിച്ചില്ല, പിഴയടച്ച് രക്ഷപ്പെട്ടു!
നിയമം എല്ലാവര്‍ക്കും ബാധകമാണ്. അത് മെഗാസ്റ്റാറാണെങ്കിലും. ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നവരെ പിടികൂടുക എന്നത് ട്രാഫിക് പൊലീസിന്‍റെ കടമയാണ്. അവര്‍ അത് കൃത്യമായി നിര്‍വഹിക്കുന്നതിനിടയില്‍ ഒരു വി ഐ പി ഇര വലയില്‍ കുടുങ്ങി. സാക്ഷാല്‍ മമ്മൂട്ടി!
വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും കൂളിംഗ് ഗ്ലാസും ധരിച്ച് തിരുവനന്തപുരം ഗോള്‍ഫ് ക്ലബിനു മുന്നില്‍ കൂടി ബുള്ളറ്റില്‍ പാഞ്ഞുപോയ മമ്മൂട്ടിയെ ട്രാഫിക് പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂട്ടി ഐ ഡി കാര്‍ഡ് കാണിച്ചു - ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍! പൊയ്ക്കൊള്ളാന്‍ പൊലീസ് നിര്‍ബന്ധിച്ചിട്ടും നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി പിഴയടയ്ക്കാന്‍ മമ്മൂട്ടി തയ്യാറായി - ഇത്രയുമായപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസ് ‘കട്ട്’ പറഞ്ഞു.
ഷാജി സംവിധാനം ചെയ്യുന്ന ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗത്തിന്‍റെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടന്നത്. പെരുമാളിനെ ആളറിയാതെ പൊലീസ് പിടിക്കുന്നതും പെരുമാള്‍ പിഴയടയ്ക്കുന്നതും രസകരമായാണ് എസ് എന്‍ സ്വാമി തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വന്‍ ജനക്കൂട്ടത്തിന്‍റെ മധ്യത്തിലായിരുന്നു ഷൂട്ടിംഗ്. എങ്കിലും വളരെ സ്മൂത്തായി നടുറോഡിലെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഷാജി കൈലാസിന് കഴിഞ്ഞു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചയാളെ കണ്ടെത്താന്‍ ഡി സി പി പെരുമാള്‍ നടത്തുന്ന ശ്രമങ്ങളാണ് ആഗസ്റ്റ് 15ന്‍റെ പ്രമേയം. ക്രിസ്മസിനാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.
Labels: mammootty fined for not wearing helmet, Special News
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home