www.mammootty times.com
Friday, December 25, 2009
Sunday, December 20, 2009
മമ്മൂട്ടിയും ഗള്‍ഫുകാരനാകുന്നു
സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ പെടാപ്പാടുപെടുന്ന പ്രവാസിയുടെ ജീവിത ദു:ഖങ്ങള്‍ മലയാള സിനിമയ്ക്ക് പുതുമയല്ല. വരവേല്‍പ്പിലും മാമ്പഴക്കാലത്തിലുമെല്ലാം മോഹന്‍ലാല്‍ അവതരിപ്പിച്ച പ്രവാസിവ്യഥ ഏറ്റെടുക്കാന്‍ ഇപ്പോഴിതാ മമ്മൂട്ടിയും ഒരുങ്ങുന്നു. ബ്ലെസിയുടെ കഥയില്‍ സെബാസ്റ്റിയന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഗള്‍ഫുകാരനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സെബാസ്റ്റിയന്‍ മുന്‍പ് മായാബസാര്‍ എന്ന ചിത്രമൊരുക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മലയാളികളുടെ വാഗ്ദത്ത ഭൂമിയായ ഗള്‍ഫ് വിടേണ്ടി വന്ന ഒരു സാധാരണക്കാരന്‍റെ കഥയാണ് ബ്ലെസ്സി മമ്മൂട്ടിയ്ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.സാമ്പത്തിക പരാധീനതകള്‍ തീര്‍ക്കാനായാണ് അയാള്‍ ഗള്‍ഫിലെത്തിയത്. എന്നാല്‍ കുറഞ്ഞ ശമ്പളത്തില്‍ ഒതുങ്ങിക്കൂടിയുള്ള ജീവിതം തന്നെയായിരുന്നു അയാളെ ഗള്‍ഫിലും കാത്തിരുന്നത്. മിച്ചം പിടിച്ച സമ്പാദ്യംകൊണ്ട് വീടിനൊരു തറകെട്ടാനേ അയാള്‍ക്ക് ഇതുവരേ കഴിഞ്ഞിട്ടുള്ളു. വളര്‍ന്നുവരുന്നത് രണ്ട് പെണ്‍കുട്ടികളാണ്. തന്‍റെ വിയര്‍പ്പിന്‍റെ വിലയായിരിക്കും ഭാവിയില്‍ അവര്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുമോ എന്ന് തീരുമാനിക്കുക എന്നും അയാള്‍ തിരിച്ചറിയുന്നുണ്ട്.ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘം അയാളെയും മൂടുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന അയാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ബ്ലെസ്സി ഇത്തവണ പറയുന്നത്. ബ്ലെസ്സിയുടെ കഥയ്ക്ക് ‘കയം’ ഫെയിം വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കുന്നത്.ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ചയിലും മൂന്നാമത്തെ ചിത്രമായ പളുങ്കിലും മമ്മൂട്ടിയായിരുന്നു നായകന്‍.
Labels: Upcoming Movies
Wednesday, December 9, 2009
ഒടുവില്‍ ‘വന്ദേമാതരം’ റിലീസിന്
ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ആക്ഷന്‍ സിനിമ ‘വന്ദേമാതരം’ 2010 ജനുവരി 26ന് റിലീസാകും. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനും അഭിനയിക്കുന്നുണ്ട്, സ്നേഹയാണ് നായിക.തമിഴില്‍ ‘അറുവടൈ’ എന്നാണ് ആദ്യം ഈ സിനിമയ്ക്ക് പേര് നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ രണ്ടു ഭാഷകളിലും ‘വന്ദേമാതരം’ എന്ന പേരില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടി സി ബി ഐ ഉദ്യോഗസ്ഥനായും അര്‍ജ്ജുന്‍ സമര്‍ത്ഥനായ പൊലീസ് ഓഫീസറായും അഭിനയിക്കുന്ന സിനിമയില്‍ പൈലറ്റായാണ് സ്നേഹ വേഷമിടുന്നത്.രാജ്യത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദികള്‍ക്കെതിരെ രണ്ട് അന്വേഷണോദ്യോഗസ്ഥര്‍ നടത്തുന്ന ചെറുത്തുനില്‍പ്പും പോരാട്ടവുമാണ് വന്ദേമാതരം വിഷയമാക്കുന്നത്. നവാഗതനായ ടി അരവിന്ദാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിര്‍മാണവും തിരക്കഥയും ഹെന്‍റി. 3ഡി ഇഫക്ട്സും ഡി ഐ ഗ്രാഫിക്സും ഉപയോഗിച്ചിട്ടുള്ള ഈ സിനിമയില്‍ തമിഴ് താരം ജയ് ആകാശും അഭിനയിക്കുന്നുണ്ട്.മൂന്നു വര്‍ഷത്തിലധികമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വന്ദേമാതരം. ആദ്യം നിശ്ചയിച്ച സംവിധായകനെ കുറച്ചുനാളത്തെ ഷൂട്ടിംഗിന് ശേഷം മാറ്റിയതിന്‍റെ പേരിലും വലിയ ബജറ്റിന്‍റെ പേരിലുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിനിമയാണിത്. എന്തായാലും വരുന്ന റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം എത്തുമെന്നുള്ള വാര്‍ത്തകള്‍ മമ്മൂട്ടിപ്രേക്ഷകര്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ്.
Labels: New Releases
Thursday, December 3, 2009
പഴശ്ശിരാജ - അഭ്രപാളികളിലെ ഇതിഹാസം
ഒരിയ്‌ക്കലും വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ട ഒന്നല്ല ചരിത്രം. അങ്ങനെ ചെയ്‌താല്‍ മണ്‍മറഞ്ഞു പോയ തലമുറയോടും ഇനിയും ഇവിടെ പിറക്കാനിരിയ്‌ക്കുന്ന ഒരുപാട് തലമുറകളോടും നാം ചെയ്‌ത് പോകുന്ന വലിയൊരു പാതകമായിരിക്കും അത്. എന്നാല്‍ ഇതേ ചരിത്രത്തിന് കൂടുതല്‍ തിളക്കമേകാന്‍ നമുക്ക് കഴിയും. അഭ്രപാളികളില്‍ രചിയ്‌ക്കപ്പെട്ട പഴശ്ശിരാജയെന്ന ഇതിഹാസം ആ കടമയാണ് പൂര്‍ത്തിയാക്കുന്നത്. ലോകചലച്ചിത്ര വേദിയില്‍ മലയാളത്തിന് ഇനി തലയുര്‍ത്തിപ്പിടിയ്‌ക്കാം, ആരുടെ മുന്നിലും ശിരസ്സ്‌കുനിയക്കാന്‍ തയാറല്ലാത്ത പഴശ്ശിരാജയെപ്പോലെ.....പഴശ്ശിരാജയെന്ന ചിത്രം പൂര്‍ണമായും ആസ്വദിച്ച് വിലയിരുത്താന്‍ കഴിയുന്ന അവസ്ഥയിലല്ല സിനിമ കാണേണ്ടി വന്നതെന്ന് പറയുന്നതില്‍ കുറച്ച് നിരാശയുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ പഴശ്ശിരാജയുടെ വരവ് മമ്മൂട്ടി ആരാധകര്‍ തിയറ്ററിനകത്തും പുറത്തും അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമയിലെ താരാരാധന എവിടെയെത്തിയെന്നതിന്റെ ഉത്തമോദാഹരണം കൂടിയായിരുന്നു റിലീസ് ആഘോഷങ്ങള്‍. നൂറുകണക്കിന് വമ്പന്‍ ഫ്‌ളക്‌സുകളും ആനയും കുതിരയും വാദ്യമേളങ്ങളുമൊക്കെയായി അവര്‍ ആഘോഷങ്ങള്‍ കൊഴുപ്പിച്ചു. മലയാളത്തിലെ മറ്റേതൊരു നടനും തന്റെ സിനിമയ്‌ക്ക് അസൂയയോടെ ആഗ്രഹിയ്‌ക്കുന്നൊരു വരവേല്‍പ് അതായിരുന്നു പഴശ്ശിരാജയ്‌ക്ക് ലഭിച്ചത്. എന്നാല്‍ സിനിമ തുടങ്ങിയിട്ടും തുടര്‍ന്ന ഘോഷങ്ങള്‍ ചെറിയൊരു അലോസരം സൃഷ്ടിച്ചു.
Labels: Reviews
welcome to history
ചരിത്രത്തിലേക്ക് സ്വാഗതം... പഴശ്ശിരാജ പ്രദര്‍ശിപ്പിയ്‌ക്കുന്ന തിയറ്ററിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ള്‌ക്‌സിലെ ഒരു വാചകമാണിത്. തീര്‍ത്തും അര്‍ത്ഥവത്തായ ഒരു വാചകമെന്ന് അതിനെ വിശേഷിപ്പിയ്‌ക്കാം. മൂന്നേകാല്‍ മണിക്കൂറിനുള്ളില്‍ എംടിയും ഹരിഹരനും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത് ചരിത്രത്തിലേക്ക് തന്നെയാണ്.വലിയൊരു ഫ്രെയിമില്‍ യുദ്ധചിത്രം അവതരിപ്പിയ്‌ക്കുമ്പോള്‍ അതിന്റെ തുടക്കവും പൊടുന്നനെയായിരിക്കും. പഴശ്ശിരാജയുടെ ആരംഭവും അങ്ങനെത്തന്നെയാണ്. 1700കളുടെ അവസാനം, കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ നാട്ടിലെ ഭരണവും കൈക്കലാക്കുന്നു. കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും നടുവൊടിക്കുന്ന രീതിയില്‍അവര്‍ നികുതികള്‍ വര്‍ദ്ധിപ്പിയ്‌ക്കുന്നതോടെ ഇതിനെതിരെ പല കോണുകളില്‍ നിന്നും ശബ്ദമുയരുന്നു. അതിലേറ്റവും ഉയര്‍ന്നു കേട്ടത് നാട്ടുരാജാവായ വീരകേരള വര്‍മ്മ പഴശ്ശിരാജയുടെതായിരുന്നു. അധികനികുതി വര്‍ദ്ധിപ്പിച്ച നടപടി അദ്ദേഹം അംഗീകരിയ്‌ക്കുന്നില്ല. ഇതിനെതിരെ ബ്രിട്ടീഷുകാര്‍ രംഗത്തെത്തുന്നു. പഴശ്ശിയുടെ കൊട്ടാരം ആക്രമിയ്‌ക്കുന്നതിലും കൊള്ളയടിയ്‌ക്കുന്നതിലുമാണ് അത് അവസാനിയ്‌ക്കുന്നത്.തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ഒടുവില്‍ പഴശ്ശി വെള്ളക്കാര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുകയാണ്. നാടിന്റെ രക്ഷയ്‌ക്ക് വേണ്ടിയുള്ള യുദ്ധത്തിനിടെ പല സ്വകാര്യമായ നഷ്ടങ്ങളും അദ്ദേഹത്തിനുണ്ടാകുന്നുണ്ട്. സ്വത്തിനും പ്രതാപങ്ങള്‍ക്കും പുറമെ ഏറെനാളത്തെ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം പിറക്കാനിരുന്ന കുഞ്ഞ് പോലും അദ്ദേഹത്തിന് ഇതിന്റെയൊക്കെ ഭാഗമായി നഷ്ടപ്പെടുന്നു. എന്നാല്‍ ഇതിലൊന്നും തളരാതെ തന്റെ വിശ്വസ്‌തരായവരെ കൂട്ടുപിടിച്ച് പഴശ്ശി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങുകയാണ്. പടത്തലവന്‍ എടച്ചേന കുങ്കന്‍ (ശരത് കുമാര്‍), പെങ്ങളുടെ ഭര്‍ത്താവ്, ഭാര്യയുടെ സഹോദരന്‍ കൈതേരി അമ്പു (സുരേഷ് കൃഷ്‌ണ), കുറിച്ച്യരുടെ നേതാവായ തലയ്‌ക്കല്‍ ചന്തു(മനോജ് കെ ജയന്‍), ആദിവാസിപ്പോരാളി നീലി(പത്മപ്രിയ) ഇവരൊക്കെയാണ് പഴശ്ശിക്കൊപ്പം ബ്രീട്ടിഷുകാര്‍ക്കെതിരെ പോരാടുന്നവരില്‍ പ്രമുഖര്‍.ആദ്യത്തെ കുറച്ച് ജയങ്ങള്‍ക്ക് ശേഷം പഴശ്ശിക്ക് തിരിച്ചടികള്‍ നേരിടുന്നു.ആള്‍ബലമേറിയ പട്ടാളവും തോക്ക് പോലുള്ള ആയുധങ്ങളുമായെത്തുന്ന പടയെ നേരിടാന്‍ പഴശ്ശി ഒളിപ്പോര് യുദ്ധമാണ് ആസൂത്രണം ചെയ്യുന്നത്.വയനാടന്‍ കാടുകളിലെ കുറിച്ച്യപ്പടയാണ് പഴശ്ശിയെ ഇതിന് സഹായിക്കുന്നത്. ഒളിപ്പോര് യുദ്ധം ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ വയനാട്ടിലെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്നു. പിടിച്ചു നില്‍ക്കാന്‍ ശ്രമിയ്‌ക്കുന്ന കമ്പനിപ്പട്ടാളം പടയ്‌ക്കൊപ്പം പണവും പ്രലോഭനവും ഭീഷണിയുമൊക്കെ ഉയര്‍ത്തി പഴശ്ശിയെ നേരിടുന്നു. ഒടുവില്‍ ഒളിത്താവളങ്ങള്‍ തുടരെ മാറുന്നതും പ്രകൃതിക്ഷോഭങ്ങളും ഒറ്റുമെല്ലാം പഴശ്ശിയുടെ പോരാട്ടത്തെ ദുര്‍ബമാക്കുന്നു. കൂടെയുണ്ടായിരുന്ന പ്രധാന യോദ്ധാക്കളെല്ലാം പൊരുതിമരിച്ചെങ്കിലും പഴശ്ശി കീഴടങ്ങാനോ ഒളിച്ചോടാനോ തയാറാകുന്നില്ല.പഴശ്ശിയുടെ ജീവചരിത്രത്തില്‍ ഇന്നും വിവാദമായി തുടരുന്ന അദ്ദേഹത്തിന്റെ മരണം ഏറെ വിശ്വസനീയമായ രീതിയില്‍ തന്നെ അവതരിപ്പിച്ച് കൊണ്ടാണ് അഭ്രപാളികളിലെ പഴശ്ശിരാജ അവസാനിയ്‌ക്കുന്നത്. ആത്മഹത്യ ചെയ്‌തുവെന്നും അതല്ല പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്നുമുള്ള വ്യത്യസ്‌ത വാദഗതികള്‍ നിലനില്‍ക്കെയാണ് എംടി വാസുദേവന്‍ നായര്‍ വീരോചിതമായ അന്ത്യത്തിലൂടെ പഴശ്ശിരാജയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു ബൃഹത് ചരിത്രം മൂന്നരമണിക്കൂറിനുള്ളില്‍ പറഞ്ഞു തീര്‍ക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് എംടി പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും ഗവേഷണങ്ങളും ഇതിന് വേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞത് എന്തിനാണെന്ന് സിനിമ കാണുമ്പോള്‍ വ്യക്തമാകും. തന്റെ മുന്‍കാല രചനകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ശൈലിയാണ് എംടി പഴശ്ശിരാജയുടെ രചനയില്‍ പൂലര്‍ത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെയും നടീനടന്‍മാരെയും മുന്നില്‍ക്കണ്ടല്ല, ചരിത്രത്തെ സാക്ഷിയാക്കിയാണ് അദ്ദേഹം തിരക്കഥ രചിച്ചിരിയ്‌ക്കുന്നത്. പഴശ്ശിരാജയെന്ന വീരപുരുഷന്റെ ജീവിതത്തോട് നീതി പുലര്‍ത്തിക്കൊണ്ട് മികച്ചൊരു ദൃശ്യാനുഭവത്തിന് അടിത്തറയൊരുക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അഭിമാനിയ്‌ക്കാം.പഴശ്ശിരാജയിലൂടെ സംവിധായകന്റെ കലയാണ് സിനിമയെന്ന വിശേഷണം ഒരിയ്‌ക്കല്‍ കൂടി അടിവരയിട്ടുറപ്പിയ്‌ക്കുകയാണ് ഹരിഹരന്‍. ശക്തമായ തിരക്കഥ തികഞ്ഞ കൈയടക്കത്തോടെ സൂപ്പറുകളുടെ താരപ്രഭയില്‍ വംശവദനാകാതെ അവതരിപ്പിയ്‌ക്കാന്‍ ഹരിഹരന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തിന്റെ കെട്ടുകാഴ്‌ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ക്യാമറ കസര്‍ത്തുകള്‍ക്കൊന്നും അദ്ദേഹം തയാറായിട്ടില്ല. അതിന്റെ ദൃശ്യസുഖം പ്രേക്ഷകര്‍ അനുഭവിയ്‌ക്കുന്നുമുണ്ട്.എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധായകനായെത്തുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ഒരു പ്രത്യേക കെമിസ്‌ട്രി രൂപം കൊള്ളാറുണ്ട്. പഴശ്ശിരാജയിലും ഇതാവര്‍ത്തിയ്‌ക്കുന്നു. ഒരു പീരിഡ് സിനിമയെടുക്കമ്പോള്‍ വന്നു ചേരാറുള്ള അബദ്ധങ്ങളൊന്നും ഹരിഹരന് പിണഞ്ഞിട്ടില്ല. അങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ ഹരിഹരന് സാധിയ്‌ക്കുമോയെന്ന് സംശയിച്ചവര്‍ ഒട്ടേറെ പേരുണ്ട്. ഇതിന് വാക്കുകളിലൂടെ മറുപടി പറയുന്നതിന് പകരം ഒരു മികച്ച കലാസൃഷ്ടിയിലൂടെയാണ് അദ്ദേഹം മറുപടി നല്‍കുന്നത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ചില ഫ്രെയിമുകള്‍ പുതുതലമുറ സംവിധായകര്‍ പാഠമാക്കേണ്ടത് തന്നെ.പഴശ്ശിരാജയിലേക്ക് വൈകിയെത്തിയ റസൂല്‍ പൂക്കുട്ടി പ്രേക്ഷകരെ പുതിയൊരു സിനിമാസ്വാദനതലത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്. മലയാളത്തിലെ ആദ്യത്തെ 'വാര്‍ ഫിലിം' എന്ന് വിശേഷിപ്പിയ്‌ക്കാവുന്ന പഴശ്ശിരാജക്ക് അതിനൊത്ത സൗണ്ട് ട്രീറ്റ്മെന്റ് തന്നെയാണ് റസൂല്‍ നല്‍കുന്നത്. യുദ്ധരംഗങ്ങളിലെ ത്രില്‍ ശബ്ദപശ്ചാത്തലത്തിലൂടെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിയ്‌ക്കുന്നതില്‍ റസൂല്‍ വിജയിച്ചിരിയ്‌ക്കുന്നു. നിശബ്ദതയുടെ സൗന്ദര്യവും പ്രകൃതിയുടെ സംഗീതവുമെല്ലാം അതിന്റെ തനിമ ചോരാതെ മൈക്രോഫോണിലേക്ക് ആവാഹിയ്‌ക്കാന്‍ ഓസ്‌ക്കാര്‍ ജേതാവിന് സാധിച്ചിട്ടുണ്ട്. ശബ്ദമിശ്രണമെന്നൊരു വിഭാഗത്തിനെ ഇനി മലയാള സിനിമയ്‌ക്ക് അവഗണിയ്‌ക്കാന്‍ കഴിയില്ല, അതുറപ്പ്.എന്നാല്‍ പഴശ്ശിരാജയെന്ന സിനിമയുടെ യഥാര്‍ത്ഥ നായകന്‍ ഇവരാരുമല്ല. മലയാളത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ദേശസ്‌നേഹം തുടിയ്‌ക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാന്‍ പണം മുടക്കിയ നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തന്നെയാണ് യഥാര്‍ത്ഥ രാജാവ്. എത്ര പണം വാരിയാലും ഒരുപക്ഷേ സാമ്പത്തിക ലാഭം ഉറപ്പിയ്‌ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പദ്ധതിയ്‌ക്ക് വേണ്ടി രംഗത്തിറങ്ങിയ നിര്‍മാതാവാണ് ചിത്രത്തിലെ യഥാര്‍ത്ഥ രാജാവ്.
Labels: Reviews
പഴശ്ശിരാജയായി അഭിനയ ചക്രവര്‍ത്തി
ഒരു മമ്മൂട്ടി സിനിമയാണ് നിങ്ങള്‍ പഴശ്ശിരാജയില്‍ പ്രതീക്ഷിയ്‌ക്കുന്നതെങ്കില്‍ ക്ഷമിയ്‌ക്കുക. ഇതൊരു താര ചിത്രമല്ല, ഇത് പഴശ്ശിരാജയുടെ സിനിമയാണ്. ഒരു കൂട്ടം പോരാളികള്‍ക്കൊപ്പം ഒരു ജനതയെ കൂടെ നിര്‍ത്തി സൂര്യനസ്‌തമിയ്‌ക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിച്ച നാാട്ടുരാജാവിന്റെ കഥ. ചരിത്രത്തിനോട് പരമാവധി നീതിപുലര്‍ത്തി രചിച്ച തിരക്കഥയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സിനിമയില്‍ മമ്മൂട്ടിയെന്ന താരത്തെ പഴശ്ശിരാജയെന്ന കഥാപാത്രം കടത്തിവെട്ടുന്നതും അത് കൊണ്ട്‌് തന്നെ.തട്ടുപൊളിപ്പന്‍ ആക്ഷന്‍ പടങ്ങളിലെ പോലെ പ്രിയതാരത്തിന്റെ വരവ് പ്രതീക്ഷിച്ചിരിയ്‌ക്കുന്ന പ്രേക്ഷകരിലേക്ക് താരജാഡകളുടെ കോലം കെട്ടിയ്‌ക്കല്ലുകളില്ലാതെയാണ് പഴശ്ശിരാജയെത്തുന്നത് പ്രേക്ഷകരെ ഒന്നമ്പരിപ്പിച്ചേക്കാം.ദ്രുതഗതിയിലുള്ള ക്യാമറ മൂവ്‌മെന്റുകളും വമ്പന്‍ ശബ്ദകോലാഹലങ്ങളുടെ അകമ്പടിയില്ലാതെഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് ശാന്തമായി നടന്നടുക്കുന്ന പഴശ്ശിരാജ പ്രേക്ഷകന് ഒരു വ്യത്യസ്‌ത അനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്. തുടക്കത്തിലേ പാലിയ്‌ക്കുന്ന ഈ മിതത്വം സിനിമയുടെ അവസാനം വരെ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ സംവിധായകനും അതിനോട് സഹകരിയ്‌ക്കാന്‍ മമ്മൂട്ടിയ്‌ക്കും കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി കാത്തിരുന്ന ഒരു കഥാപാത്രം തന്നെയാണ് പഴശ്ശിരാജ. അതിന് വേണ്ടി തന്റെ ശരീരവും മനസ്സും പൂര്‍ണമായി അര്‍പ്പിയ്‌ക്കാന്‍ മഹാനടന് കഴിഞ്ഞിരിയ്‌ക്കുന്നു.രണ്ട് പതിറ്റാണ്ട് പിന്നിട്ട ഒരു വടക്കന്‍ വീരഗാഥയില്‍ നിന്നും പഴശ്ശിരാജയിലേക്കെത്തുമ്പോള്‍ മമ്മൂട്ടിയെന്ന നടന്റെ വളര്‍ച്ച തന്നെയാണ് നമുക്ക് മുന്നില്‍ വെളിപ്പെടുന്നത്. യുദ്ധരംഗങ്ങളില്‍ തികഞ്ഞ ഒരു അഭ്യാസിയുടെ മെയ് വഴക്കങ്ങള്‍ പ്രകടിപ്പിയ്‌ക്കുന്നതിനൊപ്പം സ്‌നേഹിയ്‌ക്കുന്ന പെണ്ണിന്റെ മുന്നില്‍ പച്ച മനുഷ്യനായ മാറാനും മമ്മുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളില്‍ തനിയ്‌ക്ക് മാത്രം കഴിയുന്ന വികാരവിക്ഷോഭങ്ങള്‍ മുഖത്തേക്കാവാഹിയ്‌ക്കാനും ഡയലോഗ് പ്രസന്റേഷനില്‍ ഒരിയ്‌ക്കല്‍ കൂടി മികവ് പ്രദര്‍ശിപ്പിയ്‌ക്കുന്നതിലും മമ്മൂട്ടി വിജയിച്ചിരിയ്‌ക്കുന്നു. പഴശ്ശിയെ പൊലൊരു വീരപുരുഷനെ അവതരിപ്പിയ്‌ക്കാന്‍ മമ്മൂട്ടി മാത്രമേ ഉള്ളുവെന്ന സംവിധായകന്റെ വിശ്വാസം നടന്‍ തെറ്റിയ്‌ക്കുന്നില്ല. താരത്തിന്റെ കരിയറില്‍ ഒരു നാഴികക്കല്ല് തന്നെയാണ് പഴശ്ശിരാജ. ഒരുപാട് അഭിനന്ദങ്ങളും പുരസ്‌ക്കാരങ്ങളും ചിത്രം മമ്മൂട്ടിക്ക് നേടിക്കൊടുക്കുന്ന കാര്യത്തില്‍ സംശയമില്ല.താരബാഹുല്യത്താല്‍ സമൃദ്ധമായ പഴശ്ശിരാജയിലെ കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സിനെക്കുറിച്ചെഴുതണമെങ്കില്‍ പേജുകള്‍ തന്നെ വേണ്ടിവരും. സംവിധായകന്‍ മനസ്സില്‍ കണ്ട പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ ഒട്ടുമിക്ക നടന്‍മാര്‍ക്കും കഴിഞ്ഞിട്ടുണ്ട്. നായകന് ചുറ്റും വട്ടമിട്ട് പറക്കുന്ന വെറും ഈയാംപാറ്റകളല്ല പഴശ്ശിരാജയിലെ മറ്റു കഥാപാത്രങ്ങള്‍. അവര്‍ക്കെല്ലാം അവരുടേതായ വ്യക്തിത്വമുണ്ട്.പഴശ്ശിയുടെ പടത്തലവന്‍ എടച്ചേന കുങ്കനായെത്തുന്ന ശരത് കുമാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കൈയ്യടികള്‍ നേടുന്നത് ആരെയും അതിശയിപ്പിയ്‌ക്കും. എടച്ചേന കുങ്കന്‍ ശരീരഭാഷ കൊണ്ടും ഒരുപടത്തലവനെ അനുസ്‌മരിപ്പിയ്‌ക്കുന്നുണ്ട്. സംഘട്ടനരംഗങ്ങള്‍ മികച്ചതാക്കാന്‍ ഈ ശരീരഭാഷ അദ്ദേഹത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. തന്റെ ജീവിതത്തെക്കുറിച്ച് കൈതേരി അമ്പുവിനോട് വിവരിയ്‌ക്കുന്നതും അദ്ദേഹം ഗംഭീരമാക്കി.
Labels: Reviews
പഴശ്ശിരാജയുടെ പ്രസക്തി
അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ ചരിത്രം അഭ്രപാളികളിലേക്ക് പകര്‍ത്തുന്നതിലൂടെ സിനിമയെന്ന മാധ്യമത്തിന്റെ സാമൂഹ്യപ്രതിബദ്ധതകള്‍ കൂടിയാണ് നിര്‍വഹിയ്‌ക്കപ്പെടുന്നത്.വൈദേശികശക്തികളില്‍ നിന്ന് രാജ്യത്തെ തിരിച്ചുപിടിച്ചത് അനേകായിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചാണ്. പുതിയ കാലത്തില്‍ ആയുധങ്ങളുടെ പിന്‍ബലമില്ലാതെ അധിനിവേശ ശക്തികള്‍ രാജ്യത്തിന് മേല്‍ വീണ്ടും പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പഴശ്ശിരാജ പോലുള്ള ചിത്രങ്ങളുടെ പ്രസക്തി ഏറുകയാണ്. നാടിനെ വിറ്റുമുടിയ്‌ക്കുന്ന കരാറുകളിലൂടെയും സ്വാതന്ത്ര്യമെന്നാല്‍ തദ്ദേശീയരായ വെള്ളക്കാരുടെയും ഭരണമായി മാറുമ്പോള്‍ ഇത്തരം സിനിമകള്‍ നമുക്കത്യാവശ്യമാണ്.ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും വേലിക്കെട്ടുകളില്‍ നിന്ന് ഇപ്പോഴും മുക്തരാകാത്ത ജനതയ്‌ക്ക് പഴശ്ശിയുടെ ചരിത്രം ഒരു അദ്‌ഭുതകഥ തന്നെയാണ്. ആദിവാസികളാണെന്ന പേരില്‍ പരിഷ്‌കൃത സമൂഹം ഇപ്പോഴും അകറ്റിനിര്‍ത്തുന്ന ആദിവാസി സമൂഹത്തിനൊപ്പം ഒരു നാട്ടുരാജാവ് പടനയിച്ചതിന്റെ ചരിത്രം ഇന്നത്തെ സാമൂഹ്യവ്യവസ്ഥകളിലും ഏറെ പ്രധാന്യമര്‍ഹിയ്‌ക്കുന്നൂ.പഴശ്ശിരാജയെ ഒരിന്ത്യന്‍ ചിത്രമെന്നല്ല, ഒരു അന്താരാഷ്ട്ര ചിത്രമായാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിയ്‌ക്കുന്നത്. അതില്‍ യാതൊരു അതിശയോക്തയുമില്ല. ഇത്തരമൊരു മികച്ച സിനിമ കലാസൃഷ്ടി നമുക്ക് സമ്മാനിച്ച അണിയറപ്രവര്‍ത്തകരെ അകമഴഞ്ഞ് അഭിനന്ദിച്ചേ മതിയാകൂ. എംടി-ഹരിഹരന്‍-മമ്മൂട്ടി കൂട്ടുകെട്ട് ഒരിയ്‌ക്കല്‍ കൂടി ചരിത്രമാവുകയാണ്. അതേ ചരിത്രം വീണ്ടും ചരിത്രമെഴുതുന്നു.
Labels: Reviews
മമ്മൂട്ടി-ഷാജി ചിത്രം- ദ്രോണര്‍
നീണ്ടൊരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടി-ഷാജി കൈലാസ് ടീം ഒന്നിയ്‌ക്കുന്ന ചിത്രത്തിന് ദ്രോണര്‍ എന്ന് പേരിട്ടു. എകെ സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വാസ്‌തുശില്‍പ്പിയായ ബ്രാഹ്മണനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും ഗതിമാറി ഒരു ഹൊറര്‍ മൂഡിലുള്ള ത്രില്ലര്‍ ചിത്രമാണ് ഷാജി കൈലാസ് ഇത്തവണ ഒരുക്കുന്നത്. ചട്ടമ്പിനാടിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന വാസ്‌തുശില്‍പ്പിയുടെ കഥാപാത്രം മന്ത്രതന്ത്രവിദ്യകളില്‍ അപാര ജ്ഞാനമുള്ള ഒരു മാന്തികന്‍ കൂടിയാണ്. വാസ്‌തുവിദ്യയനുസരിച്ച് പ്രൗഢഗംഭീര സൗധങ്ങള്‍ തീര്‍ക്കുന്ന ഇദ്ദേഹം ഒരു പ്രേതബാധയുള്ള ഭവനത്തിലേക്കെത്തുന്നതും അവിടത്തെ ദുഷ്ടശക്തികളോട് ഏറ്റുമുട്ടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അറിയുന്നു.
aroma ഫിലിസംസിന്റെ ബാനറില്‍ എം മണി നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ റീമ കല്ലിങ്കലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്. അതേ സമയം ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ ആദ്യവാരം ഷൂട്ടിങ് ആരംഭിയ്‌ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ഒറ്റപ്പാലം, ചാവക്കാട്, ഗുരുവായൂര്‍, ചെന്നൈ എന്നിവിടങ്ങളായിരിക്കും. ഇതിന് മുമ്പ് പൃഥ്വി നായകനായ രഘുപതി രാഘവ രാജാറാമിന്റെ ഷൂട്ടിങ് ഷാജി കൈലാസ് പൂര്‍ത്തിയാക്കും. നവംബര്‍ മധ്യത്തോടെ പൃഥ്വി ചിത്രം തിയറ്ററുകളിലെത്തിയ്‌ക്കാനാണ് തീരുമാനിച്ചിരിയ്‌ക്കുന്നത്.
Labels: Upcoming Movies
കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു
പഴശ്ശിരാജയിലെ കൈതേരി മാക്കമായി ഉജ്ജ്വപ്രകടനം കാഴ്‌ചവെച്ച കനിഹവീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദ്രോണരിലാണ് കനിഹ വീണ്ടും മെഗാസ്‌റ്റാറിന്റെ നായികയാവുന്നത്. നേരത്തെ ഈ ചിത്രത്തിലെ നായികയായി തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മ്മിയെ ആലോചിച്ചിരുന്നുവെങ്കിലും ഒടുവില്‍ നറുക്ക് കനിഹയ്‌ക്ക് തന്നെ വീഴുകയായിരുന്നു. കനിഹയ്‌ക്ക് പുറമെ പുതുമുഖ താരമായ ശ്വേത വിജയ് യും ചിത്രത്തിലെ നായികയായുണ്ടാവും. സുരേഷ് ഗോപിയെനായകനാക്കി ശശി പരവൂര്‍ ഒരുക്കുന്ന കടാക്ഷത്തിലാണ് ശ്വേത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്നത്. ആദ്യ രണ്ട് സിനിമകളില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ശ്വേതയ്‌ക്ക് ഇതോടെ ലഭിച്ചിരിയ്‌ക്കുന്നത്. aromaഫിലിസ് നിര്‍മ്മിയ്‌ക്കുന്ന ദോണരുടെ ഷൂട്ടിങ് നവംബര്‍ അവാസനം ഒറ്റപ്പാലത്ത് ആരംഭിയ്‌ക്കും. എകെ സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തിലകന്‍, മനോജ് കെ ജയന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിയ്‌ക്കുന്നുണ്ട്. ദി കിങ്, ദി ട്രൂത്ത്, വല്ല്യേട്ടന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാജി കൈലാസ്-മമ്മൂട്ടി ടീം വീണ്ടുമൊന്നിയ്‌ക്കുന്ന ദ്രോണര്‍ ഒരു ഹൊറര്‍ മൂഡിലുള്ള സബജക്ടാണ് പ്രമേയമാക്കുന്നത്.
Labels: Upcoming Movies
മമ്മൂട്ടി കെഎസ്ആര്‍ടിസിയില്‍
മലയാള സിനിമയില്‍ ഡ്രൈവിങിനോട് ഏറ്റവും ക്രെയ്‌സുള്ള താരമാരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. വിദേശകാറുകളോടും പുത്തന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ അടിപൊളി കാറുകൡ ചെത്തുന്ന മമ്മൂട്ടി ഇപ്പോള്‍ നമ്മുടെ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്. ന്ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ആളെ കയറ്റാനല്ല, മറിച്ച് മറിച്ച് കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍മ്മിയ്ക്കുന്ന ബോധവത്ക്കരണ ഹ്രസ്വ ചിത്രവുമായാണ് മലയാളത്തിന്റെ മഹാനടന്‍ സഹകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ചയിലാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയത്. കേരളത്തില്‍ നാള്‍ക്കുനാള്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഹ്രസ്വ ചിത്രം നിര്‍മ്മിയ്ക്കാന്‍ കെഎസ്ആര്‍ടി ഒരുങ്ങുന്നത്. സാമൂഹിക ജീവി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിയ്ക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദ്രോണ 2010ന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് താമസിയ്ക്കുന്ന ഹോട്ടലിലാണ് മമ്മൂട്ടിയും ജോസ് തെറ്റയിലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മമ്മൂട്ടിയുമായി അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തുന്ന ജോസ് തെറ്റയില്‍ മന്ത്രിയായ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ലോ കോളെജിലെ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദ സംഭാഷണത്തിനിടെ വിഷയമായി.മമ്മൂട്ടി ലോ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ജോസ് തെറ്റയില്‍ സീനിയര്‍ വിദ്യാര്‍ഥിയായിരുന്നു. അന്ന് കോളജിലെ സിനിമാസ്വാദക സംഘടന ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലായിരുന്നു. തന്റെ സിനിമാഭ്രമം മനസിലാക്കി പുതിയ സിനിമകള്‍ കാണിക്കാന്‍ കൊണ്ടു പോയിരുന്നത് ജോസ് തെറ്റയിലായിരുന്നെന്ന് മമ്മൂട്ടി ഓര്‍മ്മിയ്ക്കുന്നു. തന്റെ സിനിമാ സങ്കല്പങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഗുരുതുല്യനായ സുഹൃത്തെന്നാണ് തെറ്റയിലിനെ മമ്മൂട്ടി വിശേഷിപ്പിയ്ക്കുന്നത്. ടെലിവിഷന്‍ ചാനലുകള്‍, തിയറ്ററുകള്‍ എന്നിങ്ങനെ എല്ലാ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്ക്കരണമാണ് മമ്മൂട്ടിയെ മുന്‍നിര്‍ത്തി റോഡ് സുരക്ഷാ അതോറിറ്റി നിര്‍മ്മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
Labels: Special News