mammootty visits his old school
താന്‍ പഠിച്ച സ്കൂളിന്‍റെ മുറ്റത്ത് ഒരിക്കല്‍ കൂടി കാലുകുത്തിയപ്പോള്‍ മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ കണ്ണുകളില്‍ ഓര്‍മകളുടെ തിളക്കം. ചന്തിരൂര്‍ സ്കൂളിന്‍റെ ശതാബ്‌ദി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പൂര്‍വ്വവിദ്യാര്‍ത്ഥിയായ മമ്മൂട്ടി. പഴയ സതീര്‍ത്ഥ്യരുടെയും പുതിയ തലമുറയുടെയും മുമ്പില്‍ നിന്ന് തന്‍റെ സ്കൂള്‍ ഓര്‍മകള്‍ പുതുക്കാനും മമ്മൂട്ടി മറന്നില്ല.
നടനായല്ല ഗ്രാമവാസികളുടെ പഴയ മുഹമ്മദ് കുട്ടിയായാണ് മമ്മൂട്ടി ചതിരൂര്‍ സ്കൂളില്‍ എത്തിയത്. ചന്തിരൂര്‍ പണ്ടാരകാട്ടില്‍ നിന്നു വന്ന മമ്മൂട്ടി അഞ്ചാം ക്ലാസുവരെ പഠിച്ചതു ചന്തിരൂര്‍ ഗവണ്മെന്‍റ് യുപി സ്കൂളിലായിരുന്നു. ബന്നത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍.
1910-ല്‍ ചന്തിരൂര്‍ ചേത്തിപ്പറമ്പില്‍ കുടിപ്പള്ളിക്കൂടമായും ആശാന്‍കളരിയായുമായിരുന്നു സ്കൂളിന്‍റെ തുടക്കം. 1920 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഏറ്റെടുത്ത് എല്‍പി സ്കൂളാക്കി. 57-ല്‍ യുപി സ്കൂളും 68-ല്‍ ഹൈസ്കൂളുമായും 98-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും അപ്ഗ്രേഡു ചെയ്തു.
ഞാന്‍ ആദ്യമായി മുണ്ടുടുത്തത് ഈ സ്കൂളില്‍ പഠിക്കുമ്പോഴാണ്. മുണ്ടുടുത്തപ്പോഴും പഴയനിക്കര്‍ ഞാന്‍ മാറ്റിയില്ല. എന്‍റെ ഉമ്മയുടെ നാട് ഇവിടെയാണ്. മറ്റൊരു രഹസ്യം കൂടി പറയാം, ഞാന്‍ പിറന്നു വീണതും ഇവിടെയാണ് - മമ്മൂട്ടി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ചന്തിരൂര്‍ ഗ്രാമം കാതോര്‍ത്തു.
മമ്മൂട്ടിക്കൊപ്പം ബഞ്ചിലിരുന്നു പഠിച്ചവരില്‍ മികച്ച അഭിഭാഷകനും പാര്‍ലമെന്‍റേറിയന്മാരും കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളുമുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും സ്കൂളിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് എത്തിയിരുന്നു. മുഖത്ത് ഒട്ടും ചുളിവ് വിഴാതെ, ഒരു നരച്ച മുടി പോലും ഇല്ലാതെ, മുഹമ്മദ് കുട്ടിയെ കണ്ടപ്പോള്‍, നര ബാധിച്ച പഴയ സുഹൃത്തുക്കള്‍ക്ക് ചെറിയൊരു അസൂയ. അവരോടൊപ്പം നിന്ന് മമ്മൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തു.
Labels: Celebrations, Nostalgia