www.mammootty times.com
Sunday, October 31, 2010
Saturday, October 30, 2010
സത്യന്‍ അവാര്‍ഡ് മമ്മൂട്ടിക്ക്
കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഈ വര്‍ഷത്തെ സത്യന്‍ അവാര്‍ഡ് മമ്മൂട്ടിക്ക് നല്‍കും. 25001 രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മൂന്നു പതിറ്റാണ്ടായി മലയാള സിനിമയ്‌ക്ക് മമ്മൂട്ടി നല്‍കുന്ന സംഭാവനകളും അഭിനയ മികവും പരിഗണിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡു നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മധുപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുലോചന മോഹന്‍, വിനു എബ്രഹാം, ശങ്കരന്‍കുട്ടി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
Tuesday, October 26, 2010
ഹെന്‍ട്രിയേട്ടന്‍ ആന്റ് ദി...
ആരാ ഈ മമ്മൂട്ടി? അങ്ങേര്‍ക്ക് അഭിനയിക്കാനറിയാമോ? ഏത് വിവരംകെട്ട ശിങ്കിടിമുങ്കന്‍മാരാ മമ്മൂട്ടിക്ക് ഭരത് അവാര്‍ഡ് കൊടുത്തത്? ദേശീയഅവാര്‍ഡ് രണ്ടു തവണ കൊടുത്തത്? സംസ്ഥാനഅവാര്‍ഡ് പലതവണ കൊടുത്തത്? പത്മശ്രീ കൊടുത്തത്? ഹേ വിവരദോഷികളായ സംവിധായകരേ, നിര്‍മ്മാതാക്കളേ, ഈ മമ്മൂട്ടിയെ വെച്ചാണോ നിങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സിനിമയെടുത്തുകൊണ്ടിരുന്നത്? കഷ്‌ടമെന്നല്ലാതെ എന്തു പറയാന്‍!
ഇപ്പറഞ്ഞത് മിസ്റ്റര്‍ ഫോക്‌സിന്റെ അഭിപ്രായമല്ല കേട്ടോ? കഴിഞ്ഞ ദിവസത്തെ പത്രം വായിച്ച ഏതൊരാള്‍ക്കും തോന്നിപ്പോകുന്നതാണ്. പത്രത്തില്‍ ഹെന്‍ട്രി എന്നൊരു വിദ്വാന്റെ പ്രസ്‌താവനയുണ്ട്. ആള്‍ വെറും ഹെന്‍ട്രിയല്ല. കിടിലോല്‍ക്കിടിലന്‍ നിര്‍മ്മാതാവാണ്. പണ്ടുപണ്ട് മമ്മൂട്ടിയെ നായകനാക്കി യവനിക എന്നൊരു ചിത്രമെടുത്തില്ലേ? ആ ഹെന്‍ട്രി തന്നെയാണ് ഈ ഹെന്‍ട്രി. യവനിക പത്തിരുപത് കൊല്ലം മുമ്പ് പിറന്ന സൂപ്പര്‍ഹിറ്റായിരുന്നു. ആ വിജയം ആവര്‍ത്തിക്കാമെന്നുകരുതി, രണ്ടുമൂന്നുകൊല്ലംകൊണ്ട് ഹെന്‍ട്രി നിര്‍മ്മിച്ചുണ്ടാക്കിയ ബ്രഹ്മാണ്‌ഡന്‍ പടമാകുന്നു വന്ദേമാതരം. എല്ലാ ഫാരതമക്കള്‍ക്കും ദേശാഭിമാനവും വീക്ഷണവും മാതൃഭൂമിയെക്കുറിച്ച് മനോരമയുമൊക്കെയുണ്ടാക്കാന്‍വേണ്ടി നിര്‍മ്മിച്ച ചിത്രം. പക്ഷേ, പടം ദാണ്ടെ ബോക്‌സ് ഓഫീസില്‍നിന്ന് തലകുത്തിവീണ് മണ്ടപൊട്ടി കിടക്കുന്നു....
ആരു സഹിക്കും ഈ വീഴ്‌ചയും കിടപ്പും എന്നു ചോദിച്ചാല്‍ ഉത്തരമുണ്ട്. നല്ല സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകന്‍ സഹിക്കും. കാരണം ഇമ്മാതിരി സിനിമയെടുക്കുന്നവര്‍ക്ക് ഇനിയൊരിക്കലും അത്തരമൊന്ന് പടച്ചുണ്ടാക്കാന്‍ പൂതി വരരുത്. അവന്‍ പാഠം പഠിക്കുമ്പോഴേ മലയാളസിനിമ രക്ഷപ്പെടൂ.
പക്ഷേ, സിനിമയുണ്ടാക്കാനിറങ്ങി എട്ടുകോടി പപ്പടംപോലെ പൊട്ടിയ ദുഃഖത്തിലിരിക്കുന്ന ഹെന്‍ട്രി സഹിക്കുമോ? ഇല്ല. അതുകൊണ്ടാണ് നിര്‍മ്മാതാവേട്ടന്‍ പടം പൊട്ടാനുള്ള കാരണം ചാനലില്‍ വിശദീകരിച്ചത്. ഒറ്റ ആരോപണമാണ് പറയാനുണ്ടായിരുന്നത്. മമ്മൂട്ടിയ്‌ക്ക് അഭിനയം അശേഷം അറിയില്ല. അയാളുടെ അഭിനയശേഷിക്കുറവും അഹങ്കാരവുംകൊണ്ട് മാത്രമാണ് വന്ദേമാതരം പൊട്ടിപ്പോയത്. ചുരുക്കത്തില്‍ വന്ദേമാതരത്തിന്റെ പരാജയത്തിന് ഏക ഉത്തരവാദി മമ്മൂട്ടിയാണ്. മമ്മൂട്ടികാരണം പടത്തിന്റെ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം മോശമായതിനാല്‍ സിനിമയുടെ ക്ലൈമാക്‌സ് നന്നായില്ല. അവസാനമായി ഒരുകാര്യം കൂടി ഹെന്‍ട്രി ആണിയടിച്ച് പറയുന്നുണ്ട്. മമ്മൂട്ടിയെപ്പോലെ അഹങ്കാരികളായ നടന്‍മാരെവച്ച് ഇനി താന്‍ സിനിമ നിര്‍മ്മിക്കില്ല. എട്ടുകോടി തുലഞ്ഞ ഒരാള്‍ ഇതല്ലാതെ മറ്റെന്ത് പറയും?
ഇത്തവണ റംസാന്‍കാലത്ത് പ്രധാനമായും നാലുചിത്രങ്ങളാണ് മലയാളത്തിലിറങ്ങിയത്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്‌ന്റ്, വന്ദേമാതരം, മോഹന്‍ലാലിന്റെ ശിക്കാര്‍, ലാല്‍ജോസ് സംവിധാനം ചെയ്‌ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണവ. ഇതില്‍ വന്ദേമാതരമൊഴികെ മറ്റു മൂന്നെണ്ണവും തിയറ്ററുകളില്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ഹിറ്റ് പ്രാഞ്ചിയേട്ടന്‍ തന്നെയാണെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. ശിക്കാറും ഹിറ്റുതന്നെ.
അതായത് ഏറ്റവും വലിയ ഹിറ്റിന്റേയും ഏറ്റവും വലിയ ഫ്‌ളോപ്പിന്റേയും നായകന്‍ മമ്മൂട്ടിതന്നെ! ഇവിടെയാണ് ഹെന്‍ട്രിച്ചായന്റെ ആരോപണങ്ങള്‍ ചേര്‍ത്തുവായിക്കേണ്ടത്. എവിടെയാണു സാര്‍ കുഴപ്പം?
പ്രാഞ്ചിയേട്ടനില്‍, മമ്മൂട്ടി എന്ന നടന്റെ സ്ഥിരം ഇമേജല്ല കാണുന്നത്. എല്ലായിടത്തും വിജയിക്കുന്ന കിടിലന്‍ നായകനല്ല പ്രാഞ്ചി. പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന കഥാപാത്രമാണയാള്‍. എന്നിട്ടും പ്രാഞ്ചിയേട്ടനെ ജനം സ്വീകരിച്ചു. മമ്മൂട്ടി എന്ന നടന്റെ വിജയംകൂടിയാണത്. സംവിധായകന്‍ രഞ്‌ജിത്തിന്റേയും.
അഭിനയം വശമില്ലാത്ത നടനാണ് മമ്മൂട്ടിയെങ്കില്‍ ഈ വിജയം സാധ്യമാകുമായിരുന്നോ? ഹെന്‍ട്രി എന്ന ഭഗ്നഹൃദയനായ നിര്‍മ്മാതാവിന്റെ ആരോപണത്തില്‍നിന്നും എന്താണ് വായിച്ചെടുക്കേണ്ടത്? ഇത്രകാലം മമ്മൂട്ടിയെ സ്വീകരിച്ച പ്രേക്ഷകരും പുരസ്‌കാരങ്ങള്‍ നല്‍കിയവരുമൊക്കെ വിഡ്‌ഢികളാണെന്നോ? ഒരു നടന് അഭിനയശേഷിയുണ്ടോ എന്ന് അളക്കാന്‍ അറിയാവുന്ന ഒരേയൊരാള്‍ ഹെന്‍ട്രിയാണോ? അങ്ങനെയെങ്കില്‍ എല്ലാ സംവിധായകര്‍ക്കും കാസ്റ്റിംഗിന്റെ സമയത്ത് ഹെന്‍ട്രിസാറിന്റെ ഉപദേശം തേടാവുന്നതാണ്.
മമ്മൂട്ടി വലിയ അഭിനയപ്രതിഭയാണെന്നോ അല്ലെന്നോ നമുക്ക് അഭിപ്രായം പറയാം. ഇക്കാലത്ത് ചെലവില്ലാത്ത ഏകകാര്യം അഭിപ്രായം പറയലാണല്ലോ. പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. മലയാളം എന്ന കൊച്ചുഭാഷ കാല്‍നൂറ്റാണ്ടായി മമ്മൂട്ടിയെ ഒരു നടനായി ഇവിടെ അംഗീകരിച്ചിട്ടുണ്ട്. പടം വിജയിച്ചാല്‍ പണം വാരി മടിശീല നിറയ്‌ക്കുകയും പരാജയപ്പെട്ടാല്‍ നായകനെ കുറ്റം പറയുകയും ചെയ്യുന്നത് ഒട്ടും ഭൂഷണമല്ല സാര്‍. മലയാളസിനിമയെ ഉദ്ധരിക്കാനൊന്നുമല്ലല്ലോ താങ്കള്‍ വന്ദേമാതരം നിര്‍മ്മിച്ചത്. ലക്ഷ്യം ലാഭം തന്നെയായിരുന്നില്ലേ?
സിനിമയെ വേണമെങ്കില്‍ നമുക്ക് ശിലയോട് ഉപമിക്കാം. ചിലര്‍ ആ ശിലയില്‍ മനോഹരമായ ശില്‍പങ്ങളുണ്ടാക്കും. ചിലര്‍ അതുകൊണ്ട് കക്കൂസ് ടാങ്ക് നിര്‍മ്മിക്കും. പ്രാഞ്ചിയേട്ടനും വന്ദേമാതരവുമൊക്കെ ഇതില്‍ ഏതു തലത്തിലാണ് നില്‍ക്കുന്നതെന്നാണ് അന്വേഷിക്കേണ്ട് ഹെന്‍ട്രിയേട്ടാ...
Labels: Fanspage
Monday, October 25, 2010
ദിലീപിന്റെ ഫിലിം പെട്ടി മമ്മൂട്ടിയുടെ കൈയില്‍!
മുന്‍താരങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ അവരില്‍ നിന്നൊക്കെ മലയാളത്തിലെ താര പ്രമുഖര്‍ വ്യത്യസ്തരാണ്. മലയാളി താരങ്ങളുടെ ഈ സഹകരണ മനോഭാവത്തിന് പ്രധാന തെളിവാണല്ലോ 'ട്വന്റി 20' എന്ന ചിത്രം. ഇപ്പോള്‍ തന്നെ ദിലീപ് നായകനാവുന്ന പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് മമ്മൂട്ടിയാണ്. നവാഗതനായ തോംസണ്‍ സംവിധാനം ചെയ്ത, സിബി-ഉദയന്‍ ടീം രചന നിര്‍വഹിച്ച 'കാര്യസ്ഥന്‍' എന്ന ചിത്രം ദീപാവലി റിലീസായി വിതരണത്തിനെത്തിക്കുന്നത് മമ്മൂട്ടിയുടെ 'പ്ലേഹൗസ്' ആണ്. ഈ കോമേഷ്യല്‍ കോമഡി ചിത്രം നവംബര്‍ അഞ്ചിന് നൂറോളം തിയറ്ററുകളിലാണ് മമ്മൂട്ടിയുടെ കമ്പനി എത്തിക്കുന്നത്. പ്രാഞ്ചിയേട്ടന് ശേഷം 'പ്ലേഹൗസ്' വിതരണം ചെയ്യുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി സൂപ്പര്‍താര പരിവേഷമുള്ള മറ്റൊരു നായകന്‍റെ ചിത്രം റിലീസ് ചെയ്യുന്നത് ആദ്യമായിട്ടാണ്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ ആന്റോ ജോസഫാണ് ആന്‍ മീഡിയയുടെ ബാനറില്‍ 'കാര്യസ്ഥന്‍' നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന ചിത്രങ്ങളൊന്നും ഇതിനോട് അടുത്തു വരുന്നുമില്ല. ഷാഫിയുടെ കല്യാണരാമന്‍ പോലെ ആഘോഷമായ മൂഡുള്ള താരനിബിഡമായ ചിത്രമാണ് ഇത്. മഞ്ച് സ്‌റ്റാര്‍ സിങ്ങര്‍ അവതാരകയായിരുന്ന അഖില നാരായണന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
Labels: Special News
Saturday, October 23, 2010
അരിപ്രാഞ്ചിയില്‍ നിന്ന് പുണ്യവാളനിലേക്കുള്ള ദൂരം
സാഹിത്യകാരന്മാര്‍ക്ക് പ്രാസംഗികരായി നിത്യവും പത്രത്തില്‍ പേരും ചിത്രവും അച്ചടിച്ചുവരണം. സ്വന്തം തട്ടകത്തില്‍ നിന്നുകൊണ്ട് മറ്റൊരു മേല്‍വിലാസമാണ് ഓരോ മലയാളിയും തേടുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. പണക്കാരന്‍ പ്രശസ്തിക്കും പ്രശസ്തിക്കാരന്‍ പണത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. അതിനുവേണ്ടി എന്ത് കോമാളിത്തവും ചെയ്യുന്നു. ദൈവത്തെ സൂത്രത്തില്‍ കൂട്ടുപിടിക്കുന്നു. അസഹ്യമായ ഈ സാമൂഹികാവസ്ഥയ്ക്ക് നേരെയാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്' എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് കണ്ണാടി പിടിക്കുന്നത്. ഈ കണ്ണാടിയില്‍ ഓരോരുത്തരും അവനവനെത്തന്നെ കാണുന്നു. തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ഞെട്ടുകയോ ചമ്മുകയോ സ്വയം ലജ്ജിക്കുകയോ ചെയ്യുന്നു.
അരിക്കച്ചടവും ചെയ്ത് സമ്പന്നനായ ചിറമ്മല്‍ പ്രാഞ്ചിയുടെ പ്രധാനപ്പെട്ട പ്രാണവേദന ഒരു പേരില്ല എന്നതാണ്. സാംസ്‌കാരിക രംഗത്താണ് കക്ഷിയുടെ കണ്ണ്. ക്ലബ്ബ് പ്രസിഡന്റ് മുതല്‍ പത്മശ്രീക്ക് വരെ പ്രാഞ്ചി ശ്രമിക്കുന്നു. എല്ലാറ്റിനും സൂത്രധാരനായി വാസുമേനോന്‍ (ഇന്നസെന്റ്) എന്ന ഉപഗ്രഹവുമുണ്ട് കൂടെ.
''അരിപ്രാഞ്ചിമാര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. അത് കേവലം ഒരു വ്യക്തിയല്ല. പലരിലും ഉള്ള മനോഭാവമാണ്. ഞാന്‍ കൂടി ജീവിക്കുന്ന സമൂഹത്തെയാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അതില്‍ നിന്ന് രഞ്ജിത്ത് എന്ന ഞാന്‍ മാറി നില്‍ക്കുന്നില്ല. എന്നെക്കൂടിയാണ് ഞാന്‍ കളിയാക്കുന്നതും വിമര്‍ശിക്കുന്നതും എന്നിലുമുണ്ടാവാം പ്രാഞ്ചി'' -രഞ്ജിത്ത് പറയുന്നു.
അരിപ്രാഞ്ചി അസീസിയിലെ ഫ്രാന്‍സിസിസ് പുണ്യവാളനോട് നേരിട്ട് സംസാരിക്കുന്നതിലൂടെയാണ് രഞ്ജിത്ത് തന്റെ സിനിമ സങ്കല്പിച്ചെടുത്തതും യഥാര്‍ഥ്യമാക്കിയതും. തനി തൃശ്ശൂര്‍ ഭാഷ സംസാരിക്കുകയും കാരുണ്യത്തിനുപകരം കുസൃതി നിറഞ്ഞ കണ്ണുകളുള്ളവനുമായ ഫ്രാന്‍സിസ് പുണ്യവാളനെ സൃഷ്ടിക്കുന്നതിലൂടെ രഞ്ജിത്ത് മലയാളിയുടെ മറ്റൊരു മനോരോഗത്തെയാണ് മറനീക്കിക്കാണിക്കുന്നത്. ദൈവങ്ങളുമായുള്ള ഇടപാടുകള്‍.
''പല കാലങ്ങളിലൂടെ ദൈവസങ്കല്പം മാറിമാറിവന്നവനാണ് ഞാന്‍. കോളേജ് പഠനകാലത്ത് തികഞ്ഞ നിരീശ്വരവാദിയായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷം ഒന്നുമാവാതെ ബ്ലാങ്ക് ആയി നടക്കുന്ന കാലം എനിക്കുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഒന്ന് മൂകാംബികയില്‍ പോയി. അത് ഒരു പവര്‍ പോയന്റ് ആണ് എന്ന് എനിക്ക് തോന്നി. പിന്നീടുള്ള സിനിമാക്കാലത്ത് ഈയൊരു ദൈവസങ്കല്പം ഞാന്‍ കൊണ്ടുനടന്നു. 'നന്ദനം' എന്ന സിനിമയിലൂടെ ആ ഘട്ടം പൂര്‍ണമായി. ക്ഷേത്രങ്ങള്‍ ഇല്ലാതായി, വേണ്ടെന്നായി. ദൈവം ആകാശത്തോ, കാണാമറയത്തോ അല്ല എന്ന് ഇന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മണ്ണില്‍ മനുഷ്യനോടൊപ്പമാണ് ദൈവം. കരുണയും സ്‌നേഹവുമാണ് ദൈവത്തിന്റെ മുഖം. എന്നിലുണ്ടായ ഈ മാറ്റം പ്രാഞ്ചിയുടെ അവസാനം കാണാം. ഞാന്‍ മാത്രം അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ഈ അവസ്ഥയെ സിനിമയിലൂടെ സ്വയം തുറന്നു വിടുകയായിരുന്നു.''
പോളി എന്ന കുട്ടിയും പ്രാഞ്ചിയും തമ്മിലുള്ള അപൂര്‍വമായ ബന്ധത്തിലൂടെയാണ് രഞ്ജിത്ത് പരമ്പരാഗത ദൈവസങ്കല്പങ്ങള്‍ക്കു പിറകെ പരക്കംപായുന്ന മലയാളിക്ക് മുന്നില്‍ വിശുദ്ധമായ ദൈവസംഗീതം കേള്‍പ്പിക്കുന്നത്.
'ചട്ടമ്പിനാട്ടി'ലെ 'പോക്കിരിരാജ'യായി വാണിരുന്ന മമ്മൂട്ടി എന്നതാരത്തെ മണ്ണിലേക്കിറക്കി അതിന്റെ എല്ലാവിധ പുറംപകിട്ടുകളും അഴിച്ചുകളയുക എന്ന 'ധീര'കൃത്യവും പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത്‌ചെയ്തിരിക്കുന്നു. അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് താരങ്ങളെ പടുത്തുയര്‍ത്തിയ പേനകൊണ്ടുതന്നെ അവരെ താഴേക്കിറക്കുകയും ചെയ്തു എന്ന കൗതുകം കലര്‍ന്ന ക്രെഡിറ്റും രഞ്ജിത്തിന് സ്വന്തം.
മമ്മൂട്ടിക്ക് മാത്രം ചെയ്യാവുന്നത് എന്ന് രഞ്ജിത്ത് പറഞ്ഞ പ്രാഞ്ചിയെ മമ്മൂട്ടി മനോഹരമായും ഒരു തുള്ളി തുളുമ്പാതെയും അവതരിപ്പിച്ചിരിക്കുന്നു. പ്രാഞ്ചിയില്‍ താരം നല്ല കഥാപാത്രമാവുന്നതിനേക്കാള്‍ നല്ല കഥാപാത്രം താരമാവുകയാണ്.
അസീസിയിലെ പുണ്യവാളനെപ്പറ്റി വിശ്വപ്രസിദ്ധ ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസാന്ത്‌സാക്കീസ് എഴുതിയ 'ഗോഡ്‌സ് പാംബര്‍' എന്ന നോവലിന്റെ ഓരോ താളും വേദനയോടെ മാത്രമേ വായിച്ച് മറിക്കുക സാധ്യമാകൂ. എന്നാല്‍ രഞ്ജിത്തിന്റെ ഫ്രാന്‍സിന് പുണ്യവാളനും പ്രാഞ്ചിയും തമ്മിലുള്ള രണ്ടുമണിക്കൂര്‍ നീണ്ട ഈ ആത്മഭാഷണം തീരുമ്പോള്‍ ഉള്ളില്‍ ഊറുക സുഖമുള്ള ഒരു ചിരിയും മനുഷ്യന്റെ ആത്യന്തികമായ നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ചുള്ള പരിപാകം വന്ന ഒരുപിടി ബോധ്യങ്ങളുമാണ്. ആത്മാവിലെ അനുകമ്പകൊണ്ടും സ്‌നേഹം കൊണ്ടുമാണ് രഞ്ജിത്ത് അരിപ്രാഞ്ചിയില്‍ നിന്നും അസീസ്സിയിലെ പുണ്യവാളനിലേക്കുള്ള ദൂരമളക്കുന്നത്. അതാണ് ഈ പ്രാഞ്ചി പരത്തുന്ന പ്രകാശം.
Labels: Reviews
ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ മമ്മൂട്ടി
ക്ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ജെയിംസ് ആല്‍ബര്‍ട്ട് മമ്മൂട്ടി യുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ചട്ടമ്പിനാടിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് ജെയിംസ് ആല്‍ബര്‍ട്ട് തൂലിക ചലിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ തന്നെ മഴയെത്തും മുമ്പെ പോലുള്ള ഹിറ്റുകള്‍ നിര്‍മ്മിച്ച മുരളി ഫിലിംസിന്റെ ബാനറില്‍ മാധവന്‍ നായരാണ് ഈ സിനിമയും നിര്‍മിയ്ക്കുന്നത്.
ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീമിന്റെ കിങ് ആന്റ് കമ്മീഷണര്‍, സീനു സോഹന്‍ലാലിന്റെ ഡബിള്‍സ് എന്നിവയ്ക്ക് ശേഷം 2011 മാര്‍ച്ചില്‍ മമ്മൂട്ടി ചിത്രം തുടങ്ങാനാണ് ഷാഫി തീരുമാനിച്ചിരിയ്ക്കുന്നത്.
ദിലീപ്-ഭാവന ജോഡികളെ ഒന്നിപ്പിച്ച് മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ് ഷാഫി ഇപ്പോള്‍. ഇതിനിടെ ജയറാമിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാന്‍ നവംബറില്‍ തിയറ്ററുകളിലെത്തും.
Labels: Upcoming Movies
ശബ്‌ദങ്ങള്‍: ബഷീറായി വീണ്ടും മമ്മൂട്ടി!
വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിഖ്യാതകൃതി ‘ശബ്‌ദങ്ങള്‍’ സിനിമയാകുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് സൂചന. ശബ്‌ദങ്ങളിലെ കേന്ദ്ര കഥാപാത്രമായ പട്ടാളക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ബഷീറിന്‍റെ ആത്മാംശമുള്ള കഥാപാത്രമാണിത്.
ഇതോടെ മൂന്നാം തവണയും ബഷീറായി അഭിനയിക്കാനുള്ള അപൂര്‍വ ഭാഗ്യം മമ്മൂട്ടിയെ തേടി എത്തുകയാണ്. മുമ്പ് ബഷീറിന്‍റെ ‘മതിലുകള്‍’ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയപ്പോള്‍ മമ്മൂട്ടിയായിരുന്നു ബഷീറായി അഭിനയിച്ചത്. മതിലുകളുടെ രണ്ടാം ഭാഗമായ മതിലുകള്‍ക്കപ്പുറത്തിലും മമ്മൂട്ടിയാണ് നായകന്‍. ഈ സിനിമയ്ക്ക് ശേഷം ശബ്‌ദങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കും.
ശബ്ദങ്ങളുടെ തിരക്കഥ എന്‍ ശശിധരനുമായി ചേര്‍ന്ന് പ്രിയനന്ദനന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടെവിടെ, സൈന്യം, നായര്‍സാബ്, മേഘം, പട്ടാളം, മിഷന്‍ 90 ഡെയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ പട്ടാളക്കാരന്‍റെ വേഷം ചെയ്തിട്ടുള്ള മമ്മൂട്ടിയ്ക്ക് വ്യത്യസ്തനായ ഒരു പട്ടാളക്കാരനെയാണ് ശബ്ദങ്ങളില്‍ അവതരിപ്പിക്കാനുള്ളത്. രാജ്യത്തിന് വേണ്ടി പോരാടിയെങ്കിലും മാറാരോഗവും തിക്താനുഭവങ്ങളും മാത്രം ബാക്കിയാകുന്ന ഒരു പട്ടാളക്കാരന്‍റെ കഥയാണ് ശബ്ദങ്ങള്‍.
2002ല്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘ശബ്‌ദങ്ങള്‍’. മമ്മൂട്ടിയെത്തന്നെയാണ് അന്നും നായകനായി നിശ്ചയിച്ചത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ആ പ്രൊജക്ടുമായി സഹകരിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് മുരളിയെ നായകനാക്കി പ്രിയനന്ദനന്‍ ‘ശബ്‌ദങ്ങള്‍’ ആലോചിച്ചു. അതും നടന്നില്ല. പിന്നീട് വിക്രമിനെ നായകനാക്കി ശബ്ദങ്ങള്‍ തമിഴിലെടുക്കാന്‍ ഒരു ശ്രമവും പ്രിയനന്ദനന്‍ നടത്തി. അതും ഫലം കണ്ടില്ല. ഒടുവില്‍ ശബ്‌ദങ്ങളിലെ ബഷീറാകാനുള്ള യോഗം മമ്മൂട്ടിയെത്തന്നെ തേടിയെത്തുകയായിരുന്നു.
Labels: Upcoming Movies
Friday, October 22, 2010
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച സമ്മാനിക്കും. വൈകിട്ട് അഞ്ചരയ്ക്ക് ദില്ലി വിഗ്യാന്‍ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിയ്ക്കും.
പുരസ്‌കാര ചടങ്ങില്‍ കേരളത്തിന്റെ നിറസാന്നിധ്യമാവും ഏറ്റവും ശ്രദ്ധേയമാവുക. മികച്ചചിത്രം, തിരക്കഥ,ഛായാഗ്രഹണംസംഗീതം തുടങ്ങി മലയാളം ദേശീയ പുരസ്‌കാരങ്ങള്‍ കൊയ്‌തെടുത്ത വര്‍ഷമായിരുന്നു 2009. ഏറ്റവും നല്ല സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് അഞ്ച് അവാര്‍ഡുകളാണ് സ്വന്തമാക്കിയത്.
ഛായാഗ്രഹണത്തിന് ദേശീയപുരസ്‌കാരം നേടുന്ന ആദ്യവനിത എന്ന ബഹുമതി കുട്ടിസ്രാങ്കിന്റെ ക്യാമറവുമണ്‍ അഞ്ജലി ശുക്‌ളയ്ക്ക് ലഭിക്കും. തിരക്കഥയ്ക്കുള്ള പുരസ്‌കാരം പി.എഫ്.മാത്യൂസ് ഹരികൃഷ്ണന്‍ ടീമിനാണ്.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം പഴശിരാജയുടെ സംവിധായകന്‍ ഹരിഹരനും നിര്‍മാതാവ് ഗോകുലം ഗോപാലനും ഏറ്റുവാങ്ങും. മികച്ച നടനുള്ള പുരസ്‌കാരം അമിതാഭ് ബച്ചനും നടിക്കുള്ള രജതകമലം അനന്യ ചാറ്റര്‍ജിക്കും സമ്മാനിക്കും. ഋതുപര്‍ണഘോഷാണ് മികച്ച സംവിധായകന്‍ അതേ സമയം വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം ഇളയരാജ ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Labels: Celebrations
Thursday, October 21, 2010
മമ്മൂട്ടിയ്ക്കും രഞ്ജിത്തിനും അവാര്‍ഡ്
രഞ്‌ജിത്ത് സംവിധാനം ചെയ്‌ത 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്‌ന്റ്' മികച്ച ചിത്രത്തിനുളള ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏഷ്യാവിഷന്റെ അവാര്‍ഡ് സ്വന്തമാക്കി.'കുട്ടിസ്രാങ്ക്' സംവിധാനം ചെയ്‌ത ഷാജി എം. കരുണാണ് മികച്ച സംവിധായകന്‍. മമ്മൂട്ടി മികച്ച നടനുളള അവാര്‍ഡ് നേടി. മികച്ച നടി മീരാ ജാസ്‌മിനാണ്. സമഗ്രസംഭാവനയ്‌ക്കുളള അവാര്‍ഡ് ശ്രീനിവാസന് ലഭിക്കും. മികച്ച സംഗീത സംവിധായകന്‍ എം.ജി. ശ്രീകുമാറാണ്.
Labels: Special News
മൃഗയയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പുലിവേട്ടയ്ക്ക്
നാടിനും നാട്ടാര്‍ക്കും ശല്യമാകുന്ന പുലിയെയും കടുവയെയും പിടിക്കും. ഇവന്‍ കരുണന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വേഷം. അതേ, മൃഗയയിലെ വാറുണ്ണിക്ക് ശേഷം മമ്മൂട്ടി പുലിവേട്ടയ്ക്കിറങ്ങുന്നത് ‘ശിക്കാരി’ എന്ന കന്നഡച്ചിത്രത്തിലാണ്.
ശിക്കാരിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്. തീര്‍ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍ കരുണനാണ് ഒരു കഥാപാത്രം. ഇയാള്‍ സ്വാതന്ത്രസമര സേനാനികൂടിയാണ്. 1946ല്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്‍റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.
പുലിവേട്ടക്കാരന്‍ കരുണന്‍റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്‍റെ അമ്മാവനായി ഇന്നസെന്‍റ് വേഷമിടുന്നു. ഈ സിനിമയുടെ മലയാളം പതിപ്പിന് മറ്റൊരു പേരായിരിക്കും. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ മെഗാഹിറ്റ് ചിത്രമായ ‘ശിക്കാര്‍’ ഒരു തരംഗമായി നില്‍ക്കുന്നതിനാല്‍ ശിക്കാരി എന്ന പേരിന് പുതുമയില്ലെന്നാണ് സംവിധായകന്‍ അഭയ് സിംഹയുടെ അഭിപ്രായം.
മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്‍ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. വേറെയുമുണ്ട് വിശേഷം. ശിക്കാരിയുടെ മലയാളം പതിപ്പിന് സംഭാഷണമെഴുതുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി ഇത്ര നന്നായി എഴുതുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് ടിനി ടോം പറയുന്നത്.
Labels: Upcoming Movies
ഫുട്‌ബോള്‍ കളിപ്പിക്കാന്‍ മമ്മൂട്ടി!
മമ്മൂട്ടി ഫുട്‌ബോള്‍ കോച്ചാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിയുടെ ഈ വ്യത്യസ്ത വേഷം. ചക് ദേ ഇന്ത്യ പോലെ ഒരു സിനിമയാണ് വി കെ പ്രകാശ് ഉദ്ദേശിക്കുന്നത്.
വൈ വി രാജേഷാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ഉടന്‍ ഈ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. വചന്‍ ഷെട്ടിയും സജിത പ്രകാശും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും മമ്മൂട്ടിയുടെ നേരത്തേയുള്ള കമ്മിറ്റ്മെന്‍റുകള്‍ കാരണം അടുത്ത വര്‍ഷം ഏപ്രിലിനു ശേഷമേ ഈ ചിത്രം നടക്കാനിടയുള്ളൂ. ഷാജി കൈലാസ് തുടര്‍ച്ചയായി രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത്. ആഗസ്റ്റ് 15ന്‍റെ ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആരംഭിക്കും.
വി കെ പ്രകാശ് ആദ്യമായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത്. ‘ഗുലുമാല്‍’ എന്ന സിനിമ വിജയിച്ചതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ തയ്യാറാക്കാന്‍ തിരക്കഥാകൃത്ത് വൈ വി രാജേഷിനോട് പ്രകാശ് ആവശ്യപ്പെട്ടത്.
Labels: Upcoming Movies
Wednesday, October 20, 2010
പ്രാഞ്ചിയേട്ടനും ടീമും വീണ്ടും തൃശൂരില്‍
പ്രാഞ്ചിയേട്ടനും കൂട്ടരും വീണ്ടും തൃശൂരിലെത്തുന്നു. അമ്പതാം ദിവസത്തിന്റെ വിജയമാഘോഷിയ്ക്കാനാണ് ചിത്രത്തിന്റെ അണിയറക്കാര്‍ വീണ്ടും നഗരത്തിലെത്തുന്നത്.
തൃശൂരെ പുഴയ്ക്കലുള്ള ലുലു ഇന്റര്‍നാഷണല്‍ സെന്ററിലാണ് വിജയാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്. തൃശൂര്‍ നഗരത്തെ പശ്ചാത്തലമാക്കിയൊരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റ് റംസാന്‍ റീലിസിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറിയിരുന്നു.
സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച റിലീസ് സെന്ററുകളിലൊന്നും തൃശൂര്‍ തന്നെയാണ്. ഇവിടെഇപ്പോഴും രണ്ട് തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നത്.
സംവിധായകന്‍ രഞ്ജിത്ത്, മമ്മൂട്ടി, പ്രിയാമണി, ഖുശ്ബു, സിദ്ദിഖ്, ഇന്നസെന്റ് ഗണപതി, ജഗതി, ടിനി ടോം എന്നിവര്‍ക്ക് പുറമെ പുണ്യാളനായി അഭിനയിച്ച ജെസി ഫോക്‌സ അലനും ആഘോഷചടങ്ങില്‍ പങ്കെടുക്കാനെത്തും.
Labels: Celebrations
Tuesday, October 19, 2010
ദ്രോണയുടെ ക്ഷീണം തീര്‍ക്കാന്‍ പെരുമാള്‍
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദ്രോണ 2010’ ആഘോഷമായി തിയേറ്ററുകളിലെത്തിയ സിനിമയാണ്. എം മണി നിര്‍മ്മിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ആ സിനിമ പക്ഷേ, ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. കോടികളുടെ നഷ്ടമാണ് നിര്‍മ്മാതാവ് മണിക്ക് ചിത്രം വരുത്തി വച്ചത്.
ദ്രോണയുടെ പരാജയത്തോടെ തിരക്കഥാകൃത്ത് എ കെ സാജന്‍ തല്‍ക്കാലത്തേക്കെങ്കിലും പേനയടച്ചു വയ്ക്കുകയും ചെയ്തു. സാജന്‍റെ തിരക്കഥയുടെ ദൌര്‍ബല്യത്തേക്കാളേറെ പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു പ്രൊജക്ടിന്‍റെ അനിവാര്യമായ പതനമായിരുന്നു അത്. ദ്രോണ വീണപ്പോള്‍ മലയാള സിനിമയ്ക്ക് തന്നെ അതൊരു ഷോക്കായി.
അന്ന് ഷാജി കൈലാസും മമ്മൂട്ടിയും എം മണിയോടു പറഞ്ഞു. “ഞങ്ങളുണ്ട് കൂടെ. മറ്റൊരു പ്രൊജക്ട് ആലോചിക്കാം.” മണിക്ക് അതൊരു ആശ്വാസമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ കൊലപാതകിയെ തേടി വേട്ടയ്ക്കിറങ്ങിയ ഡി എസ് പി പെരുമാളായിരുന്നു അപ്പോള്‍ ഷാജി കൈലാസിന്‍റെ മനസില്‍. ‘ഓഗസ്റ്റ് 1’ എന്ന സിനിമയില്‍ മമ്മൂട്ടി അനശ്വരമാക്കിയ പെരുമാള്‍ തന്നെ.
ഉടന്‍ തന്നെ എസ് എന്‍ സ്വാമിയെ വിവരം ധരിപ്പിച്ചു. സ്വാമിയും അങ്ങനെ ഒരാലോചനയിലായിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് സിബി മലയിലിന്‍റെ സംവിധാനത്തില്‍ പുറത്തു വന്ന ‘ഓഗസ്റ്റ് 1’ എന്ന സിനിമയ്ക്ക് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ രണ്ടാം ഭാഗം ഒരുങ്ങുകയാണ് - ‘ഓഗസ്റ്റ് 15.’
ഓഗസ്റ്റ് 15 ഒരു സസ്പെന്‍സ് ത്രില്ലറാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നു. അദ്ദേഹത്തിനു പിന്നാലെ ഒരു കൊലയാളിയുണ്ടെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഡി എസ് പി പെരുമാള്‍ ജാഗരൂകനായി. മറ്റൊരു രീതിയില്‍ കഥ ആവര്‍ത്തിക്കപ്പെടുകയാണോ?
നെടുമുടി വേണുവാണ് മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നത്. ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ക്രിസ്മസ് റിലീസാണ് ഓഗസ്റ്റ് 15.
Labels: Upcoming Movies
Monday, October 18, 2010
ഇനി ബെസ്‌റ്റ് ആക്‌ടറുടെ ഊഴം
നവാഗത സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്ന കാര്യത്തില്‍ മറ്റു നടന്‍മാരേക്കാള്‍ മമ്മൂട്ടി എന്നും മുന്നിലാണ്. ഇന്ന് മലയാളത്തിലെ മുന്‍നിര സംവിധായകരായി നിലനില്‍ക്കുന്ന ലാല്‍ ജോസ്, ബ്ലെസി, അന്‍വര്‍ റഷീദ്, അമല്‍ നീരദ്...തുടങ്ങി ആ പട്ടിക നീളുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായ പോക്കിരിരാജ ഒരുക്കിയത് നവാഗതനായ വൈശാഖ് ആയിരുന്നു. ഇനി മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുന്ന ചിത്രവും ഒരു നവാഗതന്റേതാണ്. ചിത്രം- ബെസ്‌റ്റ് ആക്‌ടര്‍; സംവിധാനം- മാര്‍ട്ടിന്‍ പ്രക്കാട്ട്.
തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രാഞ്ചിയേട്ടന്‍ പോലെ മമ്മൂട്ടിയുടെ ഒരു സാധാരണ ചിത്രമാണ് ബെസ്‌റ്റ് ആക്‌ടര്‍. മമ്മൂട്ടി തന്റെ പ്രായത്തിനിണങ്ങുന്ന വേഷം ചെയ്യുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കാരണം ഇതില്‍ മമ്മൂട്ടി ഭര്‍ത്താവും അച്ഛനുമാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു സിനിമയുമായി ബന്ധപ്പെട്ട കഥയാണ്. എന്നുവച്ചാല്‍ സിനിമാ ഭ്രാന്തനായ ആളാണ് ഇതിലെ നായകനായ മോഹന്‍. യു പി സ്കൂള്‍ അധ്യാപകനായ മോഹന്റെ ജീവിതാഭിലാഷമാണ് സിനിമാ അഭിനയം. അതിനു വേണ്ടി അയാള്‍ നടത്തുന്ന പരിശ്രമങ്ങളാണ് നര്‍മത്തില്‍ പൊതിഞ്ഞു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കന്നഡതാരം ശ്രുതി രാമകൃഷ്‌ണനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. മോഹന്റെ ഭാര്യയും മൂസിക് ടീച്ചറുമായ സാവിത്രി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ലാല്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുകുമാരി, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റുതാരങ്ങള്‍. സംവിധായകന്‍ രഞ്ജിത്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകനായി തന്നെയാണ് രഞ്ജിത്ത് പ്രത്യക്ഷപ്പെടുന്നത്.
ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയാണ്. ചിത്രത്തിന്റെ കഥ സംവിധായകന്റേതു തന്നെയാണ്. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് ബിജിലാല്‍ സംഗീതം പകരുന്നു. ക്യാമറ - അജയന്‍ വിന്‍സന്റ്, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. ചമയം- പട്ടണം റഷീദ്. എഡിറ്റിംഗ് ഡോണ്‍ മാക്സ്.
നഗരവും സിനിമയുടെ പശ്‌ചാത്ത ലമായതുകൊണ്ട് ഒറ്റപ്പാലവും കൊച്ചിയിമായിരുന്നു ലൊക്കേഷന്‍. ബിഗ്‌സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ ആന്റോ ജോസഫും നൗഷാദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം ബാനറായ പ്ലേ ഹൗസാണ് `ബെസ്‌റ്റ് ആക്‌ടര്‍ വിതരണം ചെയ്യുന്നത്.
നേരത്തെ ഈ ചിത്രം റംസാന്‍ റിലീസായാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ വന്നതോടെ ബെസ്റ്റ് ആക്ടറിന്റെ റിലീസ് നീട്ടുകയായിരുന്നു. ഡിസംബര്‍ ആദ്യ വാരം ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രാഞ്ചിയേട്ടന്റെ വിജയം ഈ ചിത്രവും ആവര്‍ത്തിക്കുമെന്നാണ് മമ്മൂട്ടിയുടെ ആരാധകരുടെ പ്രതീക്ഷ.
Labels: New Releases
Wednesday, October 13, 2010
നടപ്പുദീനങ്ങള്‍ക്ക് കിഴുക്കുചികിത്സ
തൊലിപ്പുറമെ ഇക്കിളിയാക്കാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍തുടരുകളുടെ പന്തിയിലാണ് ഈയിടെയായി മലയാളസിനിമയുടെ തിരക്കഥകള്‍ക്കു സ്ഥാനം.ആലോചനാശീലമില്ലാത്തവരാണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന മട്ടില്‍ അത്തരം സിനിമകളെ വിജയിപ്പിക്കുന്നതില്‍ കേരളീയപ്രേക്ഷകര്‍ അത്യുത്സാഹം കാട്ടുന്നുമുണ്ട്.മമ്മി-മോള്‍,ഡാഡി-മോന്‍,ഹസ്ബന്‍ഡ്-കള്ളക്കാമുകി,വൈഫ്-ജാരന്‍ എന്നിങ്ങനെ ടി.വി സീരിയലുകര്‍ക്ക് ചില സ്ഥിരം കഥാപാത്രങ്ങളുണ്ട്. അതൊക്കെ വെള്ളിത്തിരയിലേക്കും പകര്‍ത്തിവെക്കുന്നതാണ് പുതിയ ശീലം. ഇതൊക്കെ കാണുന്ന ആര്‍ക്കും തോന്നും മലയാളികള്‍ക്ക് എന്തോ മനോരോഗം ബാധിച്ചിട്ടുണ്ടെന്ന്. ഇക്കാഴ്ചകളില്‍ അഭിരമിക്കുന്നവരെ കഴമ്പുള്ള വല്ലതും കാട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനിയാണ് സംവിധായകന്‍ രഞ്ജിത്.
വീട്ടില്‍ രണ്ടുപേര്‍ക്കെന്ന കണക്കിന് അവിഹിതഗര്‍ഭമുള്ള പരമ്പരകള്‍ സ്വീകരണമുറിയില്‍ കുടുംബസമേതം കാണുന്ന പല മലയാളികള്‍ക്കും പക്ഷേ, രഞ്ജിത്തിന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' കണ്ടിട്ട് നാണം വന്നുപോലും. ''അതിലെ ചീരുവായ ശ്വേതാമേനോന്റെ പ്രകടനവും ബലാത്സംഗകൊലപാതകം ഉള്‍പ്പെടെയുള്ള സംഗതികളും കുടുംബവുമൊത്തിരുന്ന് മാനമുള്ളവര്‍ക്ക് കാണാന്‍ പറ്റ്വോ''ന്നായിരുന്നുവത്രേ കുലജനങ്ങളുടെ ശങ്ക.
പ്രേക്ഷകരുടെ ഇത്തരം ഇരട്ടത്താപ്പുകളെ പേടിക്കുന്നില്ലെന്നതാണ് രഞ്ജിത്തിനെ ഇക്കാലത്തിന്റെ സംവിധായകനാക്കുന്നത്. സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടിയാല്‍ ഫാന്‍സിനുരസിക്കുംപടി പാട്ടും ആട്ടവും ഫൈറ്റും മിക്‌സ്‌ചെയ്തിറക്കുന്ന നവാഗത സംവിധാനശിങ്കങ്ങള്‍ കുറസോവമാരായി പ്രശംസിക്കപ്പെടുന്ന കാലത്ത്, വ്യത്യസ്തമായ ഏതു സിനിമയും വലിയ ആശ്വാസമാണ്.ആരാധകവൃന്ദങ്ങള്‍ക്ക് അര്‍മാദിക്കാനുള്ള വക കുറവാണെന്നറിഞ്ഞിട്ടും ഇത്തരം ചിത്രങ്ങളെ സ്വീകരിക്കുന്ന താരവും വലിയ കാര്യമാണ് ചെയ്യുന്നത്. 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലൂടെ രഞ്ജിത്തും മമ്മൂട്ടിയും പ്രേക്ഷകര്‍ക്കു നല്കുന്ന സന്ദേശം വളരെ വ്യക്തമാണ്.നിലവാരമുള്ള സിനിമകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന ഈ പ്രഖ്യാപനത്തോട് കാണികള്‍ കൃതജ്ഞതാഭരിതരാകേണ്ടതുണ്ട്.
തട്ടുപൊളിപ്പന്‍ സിനിമകളുടെ മസാലക്കൂട്ട് അറിയാത്ത സംവിധായകനല്ല രഞ്ജിത്.അത്തരമൊന്ന് വളരെയെളുപ്പത്തില്‍ ചുട്ടെടുക്കാന്‍ ഒരു പ്രയാസവുമില്ല അദ്ദേഹത്തിന്.എന്നിട്ടും അതു ചെയ്യാതെ, ഓരോ സിനിമയും വ്യത്യാസമുള്ളതാക്കാന്‍ ശ്രമിക്കുന്നുവെന്നതിനാലാണ് സംവിധായകരുടെ വംശം കുറ്റിയറ്റുപോകാത്തത്. പ്രാഞ്ചിയേട്ടന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പലരും അതിലൊരു അഴകിയരാവണനെയാണ് പ്രതീക്ഷിച്ചത്. അഴകിയ രാവണന്‍ മാത്രമല്ല, പലരാലും ചതിക്കപ്പെട്ട ചന്തുവുമാണല്ലോ താനെന്ന തിരിച്ചറിവുള്ള സൂപ്പര്‍താരം പക്ഷേ, സംഗതി ഗംഭീരമാക്കി.
തൃശ്ശൂര്‍ ഭാഷയെന്നത് ഈ ചിത്രത്തിലേക്കുള്ളൊരു താക്കോല്‍ മാത്രമാണ്. ആ താക്കോല്‍ കൊണ്ട് നമ്മുടെയൊക്കെ മനസ്സുതുറന്ന് പണ്ടേ ഇരിപ്പുറപ്പിച്ച സാക്ഷാല്‍ ഇന്നസെന്റ് ഈ ചിത്രത്തിന്റെ അമരത്തുതന്നെയുണ്ട്.കൂടെ സിനിമയില്‍ ലഭ്യമായ മറ്റു തൃശ്ശിവപേരൂരുകാര്‍ മുഴുവന്‍ അണിനിരക്കുന്നുമുണ്ട്. പക്ഷേ,കഥയിലായാലും കാര്യത്തിലായാലും സിനിമയുടെ ചുക്കാന്‍ സംവിധായകന്റെ കയ്യില്‍ത്തന്നെ.
''എമ്പാടും പണമുണ്ടായിട്ടും ഒരു പേരില്ലെന്നേ'' എന്നു സങ്കടപ്പെടുന്ന പ്രാഞ്ചിയുടെ ആത്മാവ് ഒരുവിധപ്പെട്ട മലയാളികളുടെയൊക്കെ ഉള്ളിലില്ലേ? ഒരു പേരിലെന്തിരിക്കുന്നു എന്ന് പള്ളിക്കുള്ളില്‍ നില്‍ക്കുന്ന പുണ്യാളന് ചോദിക്കാം.പേരിലാണ് എല്ലാമിരിക്കുന്നതെന്ന് പണ്ടേ കണ്ടുപിടിച്ചവരാണ് മലയാളികള്‍.എന്നിട്ടും പദ്മശ്രീയെന്ന പേര് ആര്‍ക്കുമില്ലാതിരിക്കുന്നതെന്ത്? ഉമ്മന്‍ചാണ്ടിയെന്ന പേര് ഒരാള്‍ക്കു മാത്രമായതെന്ത്?
മലയാളികളുടെ നടപ്പുദീനങ്ങളുടെയെല്ലാം മൂര്‍ധാവില്‍ കിഴുക്കുന്നുണ്ട് പ്രാഞ്ചിയേട്ടന്‍. അക്കൂട്ടത്തില്‍ സ്വയം കിഴുക്കുന്നതിനും അദ്ദേഹത്തിനുമടിയില്ല.എത്രയെത്രയോ സിനിമകളില്‍ നമുക്ക് അതിപരിചിതനായിരുന്ന ആ മമ്മൂട്ടിയല്ല പ്രാഞ്ചിയേട്ടനില്‍ എന്നതാണ് വിസ്മയകരമായ സംഗതി. ഇപ്രകാരം സ്വയം നവീകരിക്കുന്ന നടന്‍ ഉള്ളിലുള്ളതിനാലാണ് മൂന്നുപതിറ്റാണ്ടു കഴിയുമ്പോഴും അദ്ദേഹം താരപദവിയില്‍ നിലനില്‍ക്കുന്നത് എന്നതിനുള്ള തെളിവാകുന്നു പ്രാഞ്ചിയേട്ടന്‍.
പദ്മശ്രീയായി വരുന്ന പ്രിയാമണി സിനിമയില്‍ അത്യാവശ്യമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം.പാട്ടിന്റെ കാര്യത്തിലും സംഗതി പാളിയെന്നൊരു തോന്നലുണ്ടാവാനിടയുണ്ട്.പോളി(ഗണപതി)യുടെ ശോകകഥാഖണ്ഡത്തിന്റെ നീളം ആവശ്യത്തില്‍ കൂടുതലല്ലേയെന്നു തോന്നാം. കഥയിലല്ല, സിനിമ മുന്നോട്ടുവെക്കുന്ന കാരിക്കേച്ചര്‍കാഴ്ചകളിലാണ് കാര്യം എന്നതാണ് ഇതിനൊക്കെയുള്ള സമാധാനം. രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും സാഹിത്യത്തിലും മതത്തിലുമൊക്കെ വലിയ കൊമ്പന്മാരായി വിലസുന്നവരുടെ നെറ്റിപ്പട്ടങ്ങളൊന്നു മാറ്റി നോക്കുന്നുണ്ട് സംവിധായകന്‍.അദ്ദേഹം തന്നെയാണല്ലോ രചയിതാവും. ധ്വനിസമൃദ്ധമാണ് ഭാഷണങ്ങള്‍.
പ്രേക്ഷകന്റെ ആര്‍ജിതശേഷിക്കനുസരിച്ച് വീണ്ടും വീണ്ടും വ്യാഖ്യാനസാധ്യതയുള്ള വാക്യങ്ങള്‍ എത്രയെങ്കിലുമുണ്ടിതില്‍. വെറുതെയൊരു തമാശയ്ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയല്ല, അവയിലൊന്നും. അതിലൊക്കെ രസിക്കുന്ന മട്ടില്‍ ഉയര്‍ന്ന നിലവാരം പ്രേക്ഷകര്‍ക്കുണ്ടെന്ന വിശ്വാസം നിലനിര്‍ത്തുന്നൊരാള്‍ക്കു മാത്രമേ ഇങ്ങനെയൊരു രചന നിര്‍വഹിക്കാന്‍ കഴിയൂ. പ്രേക്ഷകരെ ആദരവോടെ കാണുന്ന ചലച്ചിത്രകാരനാണ് താനെന്ന് തെളിയിക്കുകയാണ് ഈ സിനിമയിലൂടെ രഞ്ജിത്.'വി.കെ.എന്‍ ടച്ച്' എന്ന് പറയാവുന്ന തരത്തില്‍ ബുദ്ധിയുടെ സാന്നിധ്യമുള്ള 'വാക്യത്തില്‍പ്രയോഗങ്ങള്‍'ക്ക് ഇനിയുമേറെക്കാലം ആയുസ്സുണ്ടാകുമെന്നുറപ്പ്.
പ്രേക്ഷകര്‍ മന്ദബുദ്ധികളാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും പുകുന്തുവിളയാടുകയാണ് മലയാളസിനിമയില്‍. അവരുടെ ചലച്ചിത്രങ്ങളിലെ മരമണ്ടന്‍സംഭാഷണങ്ങളിലൂടെ ബോറടിച്ച് മരിക്കാനാണ് കാണിയുടെ വിധി. അതിനിടയില്‍ വന്നുചേര്‍ന്നിരിക്കുന്ന ഈ ജൈവസത്തയുള്ള ഭാഷാസാന്നിധ്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതുണ്ട്.
ഭാഷാപ്രയോഗത്തിലെ സൗന്ദര്യമാണോ സിനിമയെന്ന ചോദ്യം പിന്നെയും ചോദിക്കാം. ദൃശ്യഭാഷയുമില്ല, സംഭാഷണഭംഗിയുമില്ല എന്നതിനെക്കാള്‍ എത്രയോ ഭേദമല്ലോ ബുദ്ധിയെ ഉണര്‍ത്തുന്ന ഭാഷയുടെ സാന്നിധ്യം.
Labels: Reviews
Tuesday, October 12, 2010
പൃഥ്വി ചോദിച്ചു, മമ്മൂട്ടി കൊടുത്തു!
ഡയലോഗ് പ്രസന്റേഷനില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരങ്ങളിലൊരാളാണ് മമ്മൂട്ടി . ഘനഗംഭീരമായ ശബ്ദം ഈ നടന്റെ പ്ലസ് പോയിന്റാണെന്ന കാര്യത്തില്‍ ആരും തര്‍ക്കിയ്ക്കുമെന്ന് തോന്നുന്നില്ല. എന്തായാലും മമ്മൂട്ടിയുടെ ഈ കഴിവ് കടം ചോദിച്ചു വാങ്ങിയിരിക്കുകയാണ് രണ്ടു പേര്‍. വേറാരുമല്ല. മമ്മൂട്ടിയെ നായകനാക്കി ആദ്യ സിനിമസംവിധാനം ചെയ്ത അമല്‍ നീരദും യങ് സ്റ്റാര്‍ പൃഥ്വിയുമാണ് മമ്മൂട്ടി ശബ്ദം കടം വാങ്ങിയത്.
അമല്‍-പൃഥ്വി ടീമിന്റെ പുതിയ ചിത്രമായ അന്‍വറിന്റെ വോയ്‌സ ഓവറിന് വേണ്ടിയായിരുന്നു ഇത്. സുഹൃത്തുക്കളുടെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ച മമ്മൂട്ടി അങ്ങനെ ആദ്യമായി ഒരു സിനിമയ്ക്ക് പിന്നണി ശബ്ദം നല്‍കുകയെന്ന റോളും നിര്‍വഹിച്ചു. അന്‍വറിന്റെ തുടക്കവും ഒടുക്കവും മമ്മൂട്ടിയുടെ വോയ്സ് ഓവറിലൂടെയാണ് അമല്‍ തീര്‍ത്തിരിയ്ക്കുന്നത്.
Labels: Special News
ആഗസ്റ്റ് 15ന് ശേഷം മതിലുകള്‍ക്കപ്പുറം
ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമായ ആഗസ്റ്റ് 15ന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങിയതിന് പിന്നാലെ മറ്റൊരു രണ്ടാം ഭാഗത്തിന്റെ വര്‍ക്കിലേക്കും മമ്മൂട്ടി കടക്കുന്നു. ഏറെ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്ത മതിലുകളുടെ തുടര്‍ച്ചയായ മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിന്റെ സെറ്റിലേക്കാണ് മമ്മൂട്ടി ഇനി പോകുന്നത്.
നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മതിലുകളില്‍ ഒരിയ്ക്കലും പ്രത്യക്ഷപ്പെടാതിരുന്ന നാരായണി എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നയന്‍താരയാണ് ഈ റോള്‍ ചെയ്യുന്നത്.
അതിനിടെ ആഗസ്റ്റ് 15ന്റെ സെറ്റില്‍ മമ്മൂട്ടി ഈയാഴ്ച ജോയിന്‍ ചെയ്യും. ആദ്യ ഭാഗത്തില്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട കില്ലറെ കണ്ടുപിടിയ്ക്കാനെത്തുന്ന പെരുമാള്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം നടത്തിയ കുറ്റവാളിയെ കണ്ടുപിടിയ്ക്കലാണ് പെരുമാളിന്റെ ദൗത്യം.
ചിത്രം റീമേക്കല്ലെന്നും തികച്ചും പുതിയ ഒരു ത്രില്ലറായിരിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങുകളില്‍ പങ്കെടുത്ത് മമ്മൂട്ടി പറഞ്ഞു. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലായിരിക്കും ചിത്രം ഒരുക്കുകയെന്ന് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു.
എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിക്കും. മധു, ലാലു അലക്‌സ്, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, മേഘ്‌ന തുടങ്ങിയ വന്‍ താരനിര തന്നെ ആഗസ്റ്റ് 15ലുണ്ടാവും.
Labels: Upcoming Movies
പൃഥ്വി ചിത്രത്തിന് മമ്മൂട്ടി ശബ്ദം നല്‍കി!
സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും മമ്മൂട്ടിയുടെ വോയ്സ് ഓവറിലൂടെയാണ്. മാത്രമല്ല, സിനിമയുടെ മര്‍മ്മപ്രധാന ഭാഗങ്ങളിലും മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം ഉണ്ടായിരിക്കും.
മറ്റൊരു നടന്‍റെ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി ആദ്യമായാണ് ശബ്ദം നല്‍കുന്നത്. എറണാകുളത്തെ ലാല്‍ മീഡിയയില്‍ വച്ചാണ് മമ്മൂട്ടി അന്‍വറിനുവേണ്ടിയുള്ള വോയ്സ് ഓവര്‍ റെക്കോര്‍ഡ് ചെയ്തത്. ഈ മാസം 14നാണ് അന്‍വര്‍ തിയേറ്ററുകളില്‍ എത്തുന്നത്. അമന്‍ നീരദ് സംവിധാനം ചെയ്ത ഈ സിനിമ തീവ്രവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്നു. മംമ്തയാണ് നായിക.
അടുത്തകാലത്ത്, മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നായ പഴശ്ശിരാജയ്ക്ക് വോയ്സ് ഓവര്‍ നല്‍കിയത് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലായിരുന്നു.
Labels: Special News
Saturday, October 9, 2010
ആഗസ്റ്റ് 15ന്റെ ഷൂട്ടിങ് തുടങ്ങി
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ന്റെ ചിത്രീകരണം ഒക്ടോബര്‍ 8ന് തിരുവനന്തപുരത്ത് ആരംഭിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമാണിത്.
എസ്എന്‍ സ്വാമി തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പെരുമാള്‍ എന്ന തന്ത്രശാലിയായ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം പൂര്‍ണമായും തിരുവനന്തപുരത്ത് ചിത്രീകരിയ്ക്കുകയെന്ന പ്രത്യേകതയും ആഗസ്റ്റ് 15നുണ്ടാവും. അരോമയുടെ ബാനറില്‍ എം മണിയാണ് ആഗസ്റ്റ് 15 നിര്‍മിയ്ക്കുന്നത്.
Labels: Upcoming Movies
Thursday, October 7, 2010
തെക്കന്‍ തിരുവിതാംകൂറുകാരനായ പോത്തുകച്ചവടക്കാരന്‍
'സാറെ.സാറിന്റെ ആ വരക്കവും ഷഡന്‍ ബ്രേക്കിട്ടൊള്ള നിര്‍ത്തക്കോം കണ്ടപ്പളേ എനിക്കു സംഗതി കത്തി കേട്ടാ.ആരേലും പറഞ്ഞുവിട്ടയാന്ന് .ജ്വാലി എന്തരായാലും കൂലിയാണല്ലോ പ്രധാനം. ഇതു ഞങ്ങളു പ്വോത്തുകച്ചോടക്കാരടെ ഒരു രീതിയാണ് കേട്ടാ.തോര്‍ത്തുപൊത്തി കച്ചോടമൊറപ്പിക്കുക. ദാ പിടിക്ക്. അഞ്ഞൂറു രൂവയുണ്ട്.'
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യചിത്രമായ രാജമാണിക്യത്തിലെ കേന്ദ്രകഥാപാത്രം അധീശത്വപരമായ ഒരു പ്രകടനത്തിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്രമനോട് മുതിരുന്നതിനു മുന്നോടിയായുള്ള സംഭാഷണമാണിത്.അഞ്ഞൂറു രൂപാനോട്ട് തോര്‍ത്തില്‍ പൊതിഞ്ഞ് വാങ്ങുന്നയാളുടെയും നല്‍കുന്നയാളുടെയും കൈപ്പത്തികളെ മറച്ചുകൊണ്ടുള്ള കൗതുകകരമായ ഒരു ദായക്രമത്തിനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്.ഒരു ദായക്രമമെന്നു പറയുന്നതിനേക്കാള്‍ നല്ലത് സന്ദര്‍ഭോചിതമായി രൂപീകരിക്കപ്പെട്ട ഒരു ഭാഷാപ്രയോഗമെന്നു തന്നെയാവും.
തിരുവനന്തപുരം ജില്ലയിലെ ആറാലുംമൂട് കാലിച്ചന്തയിലും മറ്റും ഇടനിലക്കാര്‍ ഉപയോഗിക്കുന്ന ഭാഷാരീതിയാണിത്.പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലികളെ വില്‍ക്കാനും വാങ്ങാനും എത്തുന്നവരില്‍ നിന്ന് മറക്കുന്നതിന് പരസ്പരം ഉപയോഗപ്പെടുത്തുന്ന ഗൂഢമായ സംവേദനമാധ്യമമെന്ന് പറയാം.ഇപ്രകാരം തോര്‍ത്തു മൂടി കൈവിരലുകള്‍ തൊട്ടു നടക്കുന്ന ആശയവിനിമയത്തില്‍ കാലികളുടെ ആകാരവും അതിനനുസരിച്ചുള്ള വിലപേശലും സുഗ്രഹമാകും.വിരലിന്റെ പകുതി,മുഴുവന്‍ വിരല്‍, രണ്ടുവിരല്‍ എന്നിങ്ങനെ തോര്‍ത്തുമൂടിയുള്ള ക്രയവിക്രയം യഥാക്രമം 1/2,1,2 എന്ന സംഖ്യകളായി വിനിമയം ചെയ്യപ്പെടുന്നു.ചുണ്ടുവട്ടം,കാളക്കൊമ്പ് ,ചെകിട്‌ചെകിട്,തേങ്ങ,തുടങ്ങിയ പദങ്ങളും ഒന്നു മുതല്‍ പത്തുവരെ എണ്ണത്തിനുപയോഗിക്കുന്നു .ചവ്(1),തോവ്(2),തിലിപു(3),പാത്ത്(4),തട്ടല്(5),തടവല്(6),നൊളയ്ക്കല്(7),വലു(8),തായം (9),പുലു (10) തുടങ്ങിയവയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഭാഷാ വകഭേദമാണ്.ഇവ പൊതുവെ അറിയപ്പെടുന്നത് ചാരഭാഷയെന്നാണ്.
ആംഗികം കൊണ്ടും വാചികം കൊണ്ടും മമ്മൂട്ടിയുടെ പ്രതിഭ അവിസ്മരണീയമാക്കിയ രാജമാണിക്യം സിനിമാരംഗത്തെ വിപണി അധിഷ്ഠിതമായ ക്ലാസ്സ് കഥാപാത്രമാണ്. പഴയ തിരുവിതാംകൂറിലെ ഭാഷയെ അല്ലെങ്കില്‍ 'തിരോന്തരം ഭാഷ'യെ പൊതുവെ സിനിമകളില്‍ ഉപയുക്തമാക്കിയിരുന്നത് ചിരിയും പരിഹാസവുമുണര്‍ത്താനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ്.നമ്മളും എന്തരും വെള്ളങ്ങളും ചിരിക്കു മാത്രമേ വക നല്‍കിയിരുന്നുള്ളൂ.ചിന്തിക്കാനും ആശങ്കപ്പെടാനും നൊമ്പരപ്പെടാനുമൊന്നും ഈ വാമൊഴിഭേദം പരിഗണിക്കപ്പെട്ടില്ല എന്നുതന്നെ പറയാം.എന്നാല്‍ ഐക്യകേരളപ്പിറവിയും വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ഒരു മാനകഭാഷക്കു രൂപം നല്‍കിയെങ്കിലും ഇന്നും സജീവമായി നിലകൊള്ളുന്ന ഈ പ്രാദേശികഭാഷാഭേദത്തെ സമ്മിശ്രവികാരത്തോടെ കേട്ടും കണ്ടുമിരിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടി തെക്കന്‍ തിരുവിതാംകൂര്‍ ഭാഷ പറഞ്ഞത്.
'എന്നാലും സഹോരാ ,കുന്നോളമുണ്ട് ഉള്ളി സങ്കടങ്ങള്.നെനക്കും വേണ്ടിമാറ്റിവച്ചതാണ് ഞാനീ എടത്തുകണ്ണിന്റെ കാഴ്ചകള്.ഇതിമ്പകരായിട്ട് പയിനായിരം കണ്ണുകള് മാറ്റിവക്കാനുള്ള സ്ഥിതിയുണ്ടിപ്പോ.എന്നിട്ടുമിതിങ്ങനെ തന്നെ കൊണ്ടുനടക്കണത് മരണം വരെ എനിക്കെന്റെ അനിയനെ ഓര്‍മിക്കാന്‍ വേണ്ടിയാണ്.എന്നിട്ടു പിന്നെ എന്നെക്കൊല്ലാന്‍ വേണ്ടി കായ്കള്‍ കൊടുത്തേപ്പിച്ചോനോട് നീ പറഞ്ഞുകളഞ്ഞല്ലോ എന്റെ എടത്തുഭാഗത്തിരുട്ടാണെന്ന്.നന്നായിട്ടൊണ്ട്.ഒരായുസു മുഴുവന്‍ മേയുന്നോന്റെ അടി കൊണ്ടുനടന്നാലും അവസാനം അറവ്കത്തി തന്നെ കഴുത്തില്.'
ഹാസദ്യോതകമായി ഉപയോഗിച്ചിരുന്ന ഒരു ഭാഷ എപ്രകാരമാണ് അടിമുടി മാറ്റി മറിക്കപ്പെടുന്നതെന്നും കേരളീയന് സ്വന്തം മനസ്സില്‍ ഏറ്റുവാങ്ങാതിരിക്കാനാകാത്ത ഹൃദയവ്യഥ പകരുന്നതെന്നും നാട്ടുഭാഷയുടെ മര്‍മ്മം കണ്ടറിഞ്ഞുള്ള പ്രകടനചതുരതകൊണ്ട് മമ്മൂട്ടി തെളിയിക്കുന്ന സംഭാഷണശകലങ്ങളിലൊന്നാണിത്.സ്വന്തക്കാരിലൊരാളോടെന്ന പോലെ രാജമാണിക്യത്തിന്റെ സന്തോഷത്തിലും വേദനയിലും പങ്കുചേരാനും ആ പൗരുഷത്തെ സ്വീകരിക്കാനും പ്രേക്ഷകര്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായിത്തന്നെ പ്രസ്തുതകഥാപാത്രത്തിന് ഭാഷാചരിത്രത്തിലും സ്ഥാനം ലഭിക്കുന്നുണ്ടെന്നു പറയാം.അങ്ങനെയാണ് കുഴിത്തുറയോടു ചേര്‍ന്നു കിടക്കുന്ന പാറശ്ശാല,പൂവാര്‍, പുല്ലുവിള,നെയ്യാറ്റിന്‍കര, നേമം,വെള്ളറട,നെയ്യാര്‍,പേപ്പാറ,കോവളം തുടങ്ങി ഈ പ്രാദേശിക ഭാഷാഭേദം നിലനില്‍ക്കുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും രാജമാണിക്യം പ്രതിനിധി ആകുന്നത്.
'അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് പ്രദേശങ്ങളിലും നമുക്ക് രണ്ട് ഭാഷകളുടെ സ്വാധീനമുണ്ടാവും. ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഭാഷയുടെ പ്രത്യേകതയോട് താല്‍പ്പര്യം തോന്നും. പിന്നെ അതിലെന്തെങ്കിലും പ്രത്യേകതയോ ഫണ്ണോ ഉണ്ടാക്കാന്‍ കഴിയുമോ, ചിരി വരുത്താന്‍ സാധിക്കുമോ എന്നൊക്കെയുള്ള ശ്രമങ്ങളാണ്.രാജമാണിക്യത്തിലുള്ളത് തിരുവനന്തപുരത്ത് മൊത്തമായി ആരോപിക്കപ്പെടുന്ന ഒരു ഭാഷയുടെ സങ്കരമാണ്്.പല പ്രദേശങ്ങളില്‍ നിന്നുള്ള പല പ്രയോഗങ്ങളും അതിലുണ്ട്.രാജമാണിക്യത്തിലുപയോഗിക്കുന്ന ഭാഷ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രം ഉപയോഗിക്കുന്ന ഒന്നല്ല;എന്നുമാത്രമല്ല എവിടെയെങ്കിലും ഇങ്ങനൊരു ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലവുമില്ല.'മമ്മൂട്ടി പറയുന്നു.
തെക്കന്‍കേരളത്തിന്റെ ഭാഷാവ്യതിയാനചരിത്രത്തില്‍ നിന്നും ചില പ്രാക്തനസൂചനകള്‍ ഒഴിവാക്കിയാല്‍ പോലും 18-20 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെയും അധിനിവേശങ്ങളും തിരുവനന്തപുരം ഭാഷയെ മൊത്തത്തില്‍ സ്വാധീനിക്കുന്നതായിരുന്നു എന്നു പറയേണ്ടി വരും.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരപരിധിയിലിരുന്ന കാലയളവില്‍ തിരുനെല്‍വേലി ജില്ലയില്‍ നിന്നുള്ള അയ്യര്‍മാരും മറ്റിടങ്ങളില്‍ നിന്നുള്ള തമിഴ് ജാതിവിഭാഗങ്ങളും കേരളത്തിലേക്കു ഗണനീയമായ കുടിയേറ്റമാണ് നടത്തിയത്.അക്കാലയളവില്‍ തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴ്‌നാട്ടിലുള്ള പത്മനാഭപുരവും ആയിരുന്നു.കേരളത്തിലെ ജാതിവ്യവസ്ഥക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുള്ളതുമായി നിലവിലുണ്ടായിരുന്ന സമാനസ്വഭാവം, കുടിയേറ്റ ജാതിവിഭാഗങ്ങളില്‍ പലതിനും രാജഭരണവുമായി ബന്ധപ്പെട്ട് ലഭിച്ച പദവികള്‍ എന്നിവയൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷാവ്യവസ്ഥയില്‍ ഇടപെട്ട ഘടകങ്ങളായിരുന്നു.
സംസാരഭാഷയില്‍രൂപമെടുത്ത പ്രാദേശിക ഭാഷാഭേദങ്ങളുടെ ആത്മാവിനെ സ്വന്തം കൃതികളില്‍ ആവാഹിക്കാന്‍ അക്കാലത്തുതന്നെ സി വി രാമന്‍പിള്ളക്ക് കഴിയുകയും ചെയ്തു.അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ ശങ്കു ആശാനും പാറുക്കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണം നോക്കാം.
ആശാന്‍ : കെഴട്ടു കിഴവന് ഇവിടെ കാര്യമെന്തര്.? ചണ്ട പിടിക്കണതും തേക്ഷ്യപ്പെട്ടതും ആരെ അടുത്ത്.?അടിക്കാനും പിടിക്കാനും അച്ചിയോ മക്കളോ ഇരിക്കണോ. നിങ്ങളെയൊക്കെ തര്‍മ്മങ്കൊണ്ട് വെള്ളം മോന്തിക്കിടക്കണ്..അറുപതും ചെന്ന് പി...പി...പിറുപിറുത്ത ഈ കി...കിഴ...കിഴവന് ചാക്കാലയുംപോക്കടിയും ഇല്ലാഞ്ഞിട്ടല്ലയോ ഇതൊക്കെ കാമാനും കേപ്പാനും ഇടവന്നത്.
പാറുക്കുട്ടി : ആശാന് ഇത്ര വ്യസനമുണ്ടാകാന്‍ ഞാനെന്തു പറഞ്ഞു? എന്റെ വാക്കാണ് ഈ വ്യസനം ഉണ്ടാക്കിയതെങ്കില്‍...
ആശാന്‍ : അയ്യോ -പിള്ളേടെ വാക്ക് എനിക്ക് വെഥനമുണ്ടാക്കുമോ?ഞാന്‍...ഞാന്‍...എന്റെ പാടു പറയണു പിള്ളേ.പാതിരാക്കു മേലായി.ഒറങ്ങാന്‍ പോവിന്‍.
മാര്‍ത്താണ്ഡവര്‍മ്മയിലെ പ്രസരിപ്പാര്‍ന്ന കഥാപാത്രങ്ങളിലൊന്നാകാന്‍ ശങ്കു ആശാന് കഴിഞ്ഞതും നവീകരണത്തിന്റെ കലര്‍പ്പില്ലാത്ത, ഹൃദയത്തില്‍ നിന്നുണ്ടാവുന്ന നാട്ടുഭാഷയുടെ നൈര്‍മ്മല്യം കൊണ്ടാണ് . ശങ്കു ആശാന്റെ ഈ സംഭാഷണത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല രാജമാണിക്യത്തിന്റെ ഭാഷയും
രാജമാണിക്യമെന്ന പോത്തുകച്ചവടക്കാരന്റെ ഭാഷയില്‍ വ്യാകരണപരമായി പോലും സാധാരണവല്‍ക്കരിക്കപ്പെട്ട ഭാഷാഭ്രംശങ്ങള്‍ നിരവധിയാണ്.അപരിമേയങ്ങള്‍ക്ക് ബഹുവചനം പാടില്ലെന്ന വ്യാകരണനിയമം ലംഘിച്ചുകൊണ്ടാണ് തെക്കന്‍തിരുവിതാംകൂറുകാര്‍ക്കൊപ്പം രാജമാണിക്യവും ചായകളും വെള്ളങ്ങളും ആവശ്യപ്പെടുന്നത്.ഈ ബഹുവചനരൂപങ്ങള്‍ സംഘസംസ്‌കൃതിയുടെ മാനകങ്ങള്‍ കൂടിയാണ്.
'സി .വി.രാമന്‍പിള്ളയുടെ കൃതികളിലെ ;പ്രത്യേകിച്ചും മാര്‍ത്താണ്ഡവര്‍മ്മയിലെ ശങ്കുആശാന്‍ എന്ന കഥാപാത്രത്തിന്റെ ഭാഷയാണ് ഞാന്‍ കൂടുതല്‍ കടമെടുത്തിരിക്കുന്നത്.ഇതൊരുപാടുകാലം പഴക്കമുള്ള ഭാഷയാണ്.തമാശക്കുള്ള ചില വാക്കുകളൊക്കെ മാറ്റിയിട്ടുമുണ്ട്.' ഉച്ചാരണത്തിന് സഹായകമായ തയ്യാറെടുപ്പുകളെപ്പറ്റി മമ്മൂട്ടി ഓര്‍ക്കുന്നു.
സിനിമയുടെ കഥാന്തരീക്ഷം സ്വാംശീകരിക്കുന്നതിന് രചയിതാവ് ടി എ ഷാഹിദ് ഒന്നരമാസക്കാലമാണ് നാഗര്‍കോവിലില്‍ താമസിച്ചത്.അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രം സൂക്ഷ്മാംശങ്ങളില്‍ എല്ലാവരെയും കളിയാക്കുന്ന പ്രകൃതക്കാരനായിരുന്നു. സ്വന്തം നാടിന്റെയും മലബാറിന്റെയും ഭാഷയിലെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് കൊണ്ടോട്ടിക്കാരനായ ഷാഹിദ്് ബദല്‍ ഭാഷാഭേദം തിരഞ്ഞത്.നായകന്റെ ഭാഷ കളിയാക്കാനും കളിയാക്കപ്പെടാനും കരുത്തുള്ളതായിരിക്കണം.അപ്പോഴാണ് പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് എം മണിയുടെ സംഭാഷണശൈലി തിരക്കഥാകാരന് പ്രേരണയായത്.നാഗര്‍കോവില്‍ പരിസരത്തെ പ്രാദേശികഭാഷാഭേദം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് മമ്മൂട്ടി അളന്നുതൂക്കി ഉച്ചരിച്ച രാജമാണിക്യത്തിന്റെ ഭാഷ രൂപപ്പെട്ടതങ്ങനെയാണ്.
സ്വനമാറ്റത്തിലെയും പദകോശത്തിലെയും വ്യതിയാനങ്ങള്‍ പുത്തനെന്ന പ്രതീതി ജനിപ്പിക്കുന്ന ഭാഷയുടെ വാമൊഴി വഴക്കങ്ങള്‍ക്കിടയില്‍ രാജമാണിക്യത്തിന്റെ സംഭാഷണങ്ങള്‍ നിരവധി തവണ മാറ്റിയും മറിച്ചും എഴുതേണ്ടിവന്നു.കളിയാക്കാനുപയോഗിക്കുന്നതു പോലെ തന്നെ സങ്കടകരമായ സാഹചര്യങ്ങളിലേക്കും ഭാഷയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് തിരക്കഥാരചനയെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായിരുന്നു
.' ആ സ്ലാങ്ങില്‍ ദു:ഖം പറയുക എന്നത് റിസ്‌കായിരുന്നു.ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും മെന്റല്‍ ബ്ലോക്കുതന്നെ അനുഭവപ്പെട്ടു.നേരിട്ടുള്ള പറച്ചിലിന് വേണ്ടത്ര ഫീല്‍ കിട്ടില്ലെങ്കിലോ എന്നു കരുതി പലപ്പോഴും സംഭാഷണം നാടകീയമാക്കേണ്ടി വന്നു.'് തിരക്കഥാരചനയില്‍ വെല്ലുവിളിയുയര്‍ത്തിയ സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണമായി ഷാഹിദ് ചൂണ്ടിക്കാട്ടുന്ന സീനുകളിലൊന്ന് രാജമാണിക്യം ആരെന്ന് വെളിപ്പെടുത്താന്‍ അമ്മ ആവശ്യമുന്നയിക്കുന്ന സന്ദര്‍ഭമാണ്.ആറു തവണ മാറ്റിയെഴുതിയ പ്രസ്തുതസംഭാഷണം ഇവ്വിധമാണ്.
'അതു ശരി.അപ്പ ഞാ ആരാണെന്നറിയണം ;അത്രല്ലേള്ളു.ഒരു പായിരാത്രിക്കൊരു മണിയറവാതലില്‍ മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്.ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്.ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണമെന്ന്.അപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലാന്ന്.അതോടെ തീര്‍ന്നുകിട്ടി ഊരും പേരുമൊക്കെ.ദോയിരിക്കണ്.ഉം എന്തര് നോക്കണത്.ഞാനന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്.ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം.ഞാനതന്നാ സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ.പണ്ട് ഇവടെ ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കു കേട്ട് കളിക്കളത്തില്‍ വച്ചു നീ അടിച്ചുകൊന്നയോര്‍മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്.കാണണാ ...കാണണാ...കാണ്.'
ഇവിടെ നാം കാണുന്നത് കാഴ്ച നഷ്ടപ്പെട്ടിട്ടും കാത്തു സൂക്ഷിക്കപ്പെടുന്ന ഗൃഹാതുരതയും വാത്സല്യവും സഹോദരസ്‌നേഹവും മാത്രമല്ല;ഒരൊറ്റയാന്റെ ആത്മവിശ്വാസവും നിസ്സഹായതയും സങ്കടങ്ങളും കൂടിയാണ്.കാഴചക്കാര്‍ ഏറ്റുവാങ്ങുന്നിടത്തോളം രാജമാണിക്യത്തിന്റെ വ്യക്തിത്വത്തെ സ്വീകാര്യമാക്കുന്നത് മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ അഭിനയവും അസാധാരണമായ ഭാഷാപ്രയോഗവും തന്നെയാണ്.
Labels: Reviews
മമ്മൂട്ടി ചിത്രത്തില്‍ എആര്‍ റഹ്മാന്‍!
മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനില്‍ പ്രേക്ഷകര്‍ക്കൊരു വലിയൊരു സര്‍പ്രൈസ്.
ടൈറ്റിലിനൊപ്പം സിനിമയിലും മദ്രാസ് മൊസാര്‍ട്ട് എആര്‍ റഹ്മാന്റെ സാന്നിധ്യമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്റെ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ഉണ്ടാവുമെന്നാല്ലാതെ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. മോഹാല്‍ലാല്‍ ചിത്രമായ യോദ്ധയ്ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് വേണ്ടിയും റഹ്മാന്‍ ഇതുവരെ സംഗീതം പകര്‍ന്നിട്ടില്ല.
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഇന്‍വെന്‍സ്റ്റിഗേറ്റീവ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രമുഖ ഗായകനൊപ്പം ട്രാക്ക് പാടാന്‍ മുംബൈയിലെത്തിയ യുവാവിന്റെ ദുരൂഹ മരണവും അതിന്റെ അന്വേഷണവുമാണ് സിനിമയുടെ തീം.
സംഗീതത്തിനും ആക്ഷനും ഒരു പോലെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുംജയരാജിന്റേത് തന്നെയാണ്. ശ്രീനിവാസന്‍ സംഗീതം കൈകാര്യം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനിന്റെ ക്യാമറമാന്‍ അജയ് വിന്‍സന്റാണ്.
Labels: Special News